അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ 24ന് ആരംഭിക്കുകയാണ്. നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാതിനാല്‍ മൂന്നാം മത്സരത്തിന് ആവേശം കൂടും. പിങ്ക് ബോള്‍ ടെസ്റ്റാണ് മൂന്നാം മത്സരം. ആദ്യ രണ്ട് മത്സരത്തില്‍ പിച്ച് സ്പിന്നിന് അനുകൂലമായിരുന്നെങ്കില്‍ മൊട്ടേറയിലെ പിച്ച് പേസിനെയും സ്വിങ്ങിനെയും തുണയ്ക്കുന്നതാണെന്നാണ് വിവരം. ഇപ്പോഴിതാ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് താരം സാക്ക് ക്രോളി.
അതിനുള്ള കാരണങ്ങളും ക്രോളി വ്യക്തമാക്കുന്നുണ്ട്. 'മികച്ച പേസ് കരുത്തും മികച്ച ബാറ്റ്‌സ്മാന്‍മാരും. ഇന്ത്യ ഏറ്റവും ശക്തരായ ടീമാണ്. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അല്‍പ്പം മുന്‍തൂക്കമുണ്ട്. കാരണം ഇന്ത്യയെക്കാള്‍ പേസ് ബൗളിങ്ങില്‍ കളിച്ചുള്ള പരിചയസമ്പത്ത് ഇംഗ്ലണ്ടിനുണ്ട്. ഇത്തരം സാഹചര്യങ്ങളിലൂടെയാണ് ഇംഗ്ലണ്ട് ടീം വളര്‍ന്നുവന്നത്.

ഇത്തരം വേഗ പിച്ചില്‍ വൈകി ഷോട്ട് കളിക്കാനാണ് ശ്രമിക്കേണ്ടത്. ഇത് ഇന്ത്യന്‍ താരങ്ങളെക്കാള്‍ നന്നായി ഇംഗ്ലണ്ട് താരങ്ങള്‍ക്കറിയാം. ഇന്ത്യ എന്തുകൊണ്ട് സ്പിന്നിനെതിരേ ഇത്രയും നന്നായി കളിക്കുന്നുവെന്ന് ചോദിച്ചാല്‍ അവര്‍ വളര്‍ന്നത് സ്പിന്‍ ബൗളിങ്ങിനെ നേരിട്ടാണ്'-ക്രോളി പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ സ്പിന്‍ പിച്ചൊരുക്കിയാണ് ഇംഗ്ലണ്ടിനെ ഇന്ത്യ വീഴ്ത്തിയത്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മൊട്ടേറയില്‍ മത്സരം നടക്കുന്നത്. പുതുക്കിപ്പണിത സ്റ്റേഡിയത്തില്‍ പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. നേരത്തെ സ്പിന്നിന് അനുകൂലമായിരുന്ന മൈതാനത്ത് ഇപ്പോള്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. പച്ച പുല്‍ അംശമുള്ള പിച്ചില്‍ പേസര്‍മാര്‍ക്ക് മികച്ച വേഗവും സ്വിങ്ങും ലഭിച്ചേക്കും.
ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനും ജോഫ്രാ ആര്‍ച്ചറും സ്റ്റുവര്‍ട്ട് ബ്രോഡുമെല്ലാം പിങ്ക് ബോളില്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്. ബ്രോഡും ആന്‍ഡേഴ്‌സനും മൊട്ടേറയിലും കളിച്ചിട്ടുണ്ട്. അതോടൊപ്പം ആന്‍ഡേഴ്‌സനിന്റെ സ്വിങ് മികവ് ആദ്യ മത്സരത്തില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ചിരുന്നു. പിച്ച് പേസിന് അനുകൂലമാവുകയും ചെയ്താല്‍ അത് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെ കുഴപ്പിക്കുമ്മെന്നുറപ്പാണ്.
പരിക്കേറ്റിരുന്ന ക്രോളി താന്‍ കളിക്കാന്‍ പൂര്‍ണ്ണ ഫിറ്റാണെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ മൂന്നാം ടെസ്റ്റില്‍ ഓപ്പണര്‍ റോളില്‍ ക്രോളി തിരിച്ചെത്തിയേക്കും. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ പരമ്പര നേട്ടം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്.