മുംബൈ: ഓസ്‌ട്രേലിയന്‍ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി ഇംഗ്ലണ്ട്. സന്ദര്‍ശകരായെത്തുന്ന ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ നാല് മത്സര ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. ചെന്നൈ വേദിയാകുന്ന മത്സരത്തിനായി താരങ്ങളെല്ലാം ചെന്നൈയില്‍ എത്തിക്കഴിഞ്ഞു. ഫെബ്രുവരി രണ്ടാം തീയ്യതി ടീമുകള്‍ പരിശീലനം ആരംഭിക്കും. ഓസ്‌ട്രേലിയയില്‍ യുവതാരങ്ങളെല്ലാം തിളങ്ങിയ പശ്ചാത്തലത്തില്‍ മികച്ച പ്ലേയിങ് ഇലവനെ കണ്ടെത്തുക ഇന്ത്യയെ സംബന്ധിച്ച് വളരെ വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ ഒന്നാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലലനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തന്നെ ഇറങ്ങണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. മായങ്ക് അഗര്‍വാളിനെ ആകാശ് പരിഗണിച്ചില്ല. ഓസ്‌ട്രേലിയയില്‍ രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് തിളങ്ങിയിരുന്നു. അതിനാല്‍ ഈ കൂട്ടുകെട്ട് തന്നെ നിലനിര്‍ത്തണമെന്നാണ് ആകാശ് പറയുന്നത്. ഇന്ത്യയില്‍ കളിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ രോഹിത് ഓപ്പണറായി തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരെയും രോഹിതില്‍ പ്രതീക്ഷകളേറെ.

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ നായകന്‍ വിരാട് കോലി തിരിച്ചെത്തും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഇറങ്ങും. മെല്‍ബണില്‍ സെഞ്ച്വറി ഉള്‍പ്പെടെ ഇന്ത്യയെ ഓസ്‌ട്രേലിയയില്‍ പരമ്പര നേട്ടത്തിലേക്കെത്തിച്ച നായകനാണ് രഹാനെ.
ആറാം നമ്പറില്‍ റിഷഭ് പന്തിനെയാണ് ആകാശ് തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ വൃദ്ധിമാന്‍ സാഹയാണ് സാധാരണ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഓസ്‌ട്രേലിയയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ മാച്ച് വിന്നര്‍ എന്ന നിലയിലേക്ക് റിഷഭ് ഉയര്‍ന്നതോടെ ഇംഗ്ലണ്ടിനെതിരേയും റിഷഭിനെ തന്നെ പരിഗണിച്ചേക്കും. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ് ആകാശ് പരിഗണിച്ചത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ സ്പിന്നറുമായ വാഷിങ്ടണ്‍ ഓസ്‌ട്രേലിയയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
സ്പിന്നര്‍മാരായി ആര്‍ അശ്വിനൊപ്പം കുല്‍ദീപ് യാദവിനെയും ആകാശ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ മൈതാനം സ്പിന്നിന് അനുകൂലമായതിനാല്‍ മൂന്ന് സ്പിന്നര്‍മാരെയാണ് ആകാശ് ടീമില്‍ ഉള്‍പ്പെടുത്തിയത്. പേസര്‍മാരായി ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം ഇഷാന്ത് ശര്‍മ എത്തണമെന്നാണ് ആകാശ് പറയുന്നത്. മുഹമ്മദ് സിറാജിനും ശര്‍ദുല്‍ ഠാക്കൂറിനും അവസരമില്ല. പരിക്കിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇഷാന്തിന് നഷ്ടമായിരുന്നു.
ആകാശിന്റെ പ്ലേയിങ് ഇലവന്‍-രോഹിത് ശര്‍മ,ശുബ്മാന്‍ ഗില്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,വാഷിങ്ടണ്‍ സുന്ദര്‍,ആര്‍ അശ്വിന്‍,കുല്‍ദീപ് യാദവ്,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബൂംറ.