IND vs ENG T20: കുറഞ്ഞ ഓവര്‍ നിരക്ക്, ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴ ശിക്ഷ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴയായി നല്‍കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ ഓവര്‍ എറിഞ്ഞ് തീര്‍ക്കാനാവാത്തതാണ് കോലിക്കും സംഘത്തിനും തിരിച്ചടിയായത്. വിരാട് കോലി തെറ്റ് ഏറ്റുപറഞ്ഞതോടെ വാദം കേള്‍ക്കാതെ തന്നെ പിഴ ശിക്ഷ വിധിക്കുകയായിരുന്നു. മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ഐസിസി കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമുള്ള ശിക്ഷയാണ് ഇന്ത്യന്‍ ടീമിന് ലഭിച്ചത്.
രണ്ടാം ടി20യില്‍ ജയം ഇന്ത്യക്കായിരുന്നു. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. വിരാട് കോലി,ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനവും ബൗളര്‍മാരുടെ അച്ചടക്കമുള്ള പ്രകടനവും ഇന്ത്യക്ക് കരുത്തായി. നിലവില്‍ അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്.
ഇൗ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ വെച്ച് ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇരു ടീമുകളും വളരെ പ്രാധാന്യത്തോടെയാണ് ടി20 പരമ്പരയെ കാണുന്നത്. നിലവില്‍ ഒന്നാം നമ്പര്‍ ടി20 ടീമിനെയാണ് ഇന്ത്യ നേരിടുന്നത്. മികച്ച യുവതാരനിര തന്നെ ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറിയോടെ തന്റെ മികവ് കാട്ടി കൊടുക്കാന്‍ ഇഷാന്‍ കിഷന് സാധിച്ചിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന നിരവധി കാര്യങ്ങള്‍ ടി20 പരമ്പരയിലൂടെ നടന്നിട്ടുണ്ട്. അതില്‍ പ്രധാനം ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവാണ്. കൂടാതെ ഹര്‍ദിക് പാണ്ഡ്യ പന്തെറിയാന്‍ ആരംഭിച്ചത് ഇന്ത്യയുടെ ടീം കരുത്തിനെ ഉയര്‍ത്തുന്നു. മോശം ഫോമിലായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും താളം കണ്ടെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്.
ആദ്യ രണ്ട് മത്സരവും കളിക്കാതിരുന്ന രോഹിത് ശര്‍മ മൂന്നാം മത്സരത്തില്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് വിശ്വാസം. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിന് ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. മുംബൈ ഇന്ത്യന്‍സില്‍ രോഹിതിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുന്ന താരമാണ് ഇഷാന്‍. ഇരുവരും ഒന്നിച്ച് ഓപ്പണിങ് ചെയ്തുള്ള പരിചയസമ്പത്തുമുണ്ട്. അതിനാല്‍ത്തന്നെ ഇഷാന്‍-രോഹിത് ഓപ്പണിങ് കൂട്ടുകെട്ടിനെ പ്രതീക്ഷയോടെയാണ് കാണുന്നത്.
സൂര്യകുമാര്‍ യാദവിന് രണ്ടാം ടി20യിലൂടെ അരങ്ങേറ്റത്തിന് അവസരം ലഭിച്ചെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനായാണ് സൂര്യകുമാറിനെ ഇന്ത്യ പരിഗണിച്ചത്. ടി20 ലോകകപ്പിനായുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഈ പരമ്പരയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരത്തിലും 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവസാന മൂന്ന് മത്സരവും അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications