അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടന്ന മൊട്ടേറയിലെ പിച്ചിനെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളാണുയര്‍ന്നത്. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചതോടെ മുന്‍ ഇംഗ്ലണ്ട് താരങ്ങളടക്കം പല പ്രമുഖരും പിച്ചിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മുന്‍ ഇംഗ്ലണ്ട് നായകന് കെവിന് പീറ്റേഴ്സന് പിച്ചിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മൊട്ടേറയിലെ പിച്ചിനെ പിന്തുണച്ചുള്ള പീറ്റേഴ്സണിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോക്ക് നന്ദി അറിയിച്ചിരിക്കുകയാണ് രോഹിത് ശര്‍മ.
നന്ദി, ആരെങ്കിലും ഇവിടെ മത്സരം മനസിലാക്കുന്നുണ്ടല്ലോ എന്നാണ് രോഹിത് പീറ്റേഴ്സണിന്റെ പോസ്റ്റിന് കമന്റിട്ടത്. 'ഇരു ടീമിന്റെയും ബാറ്റിങ് ദയനീയമാണെന്നാണ് ഞാന്‍ പറയാന്‍ പോകുന്നത്. താരങ്ങള്‍ സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ ബാറ്റ് ചെയ്തത് വളരെ മോശമായിട്ടാണെന്ന് സമ്മതിക്കുമെന്നാണ് കരുതുന്നത്. 30 പുറത്താകലില്‍ 21ഉും സ്ട്രൈയ്റ്റ് പന്തുകളിലാണ്. വിക്കറ്റിന്റെ യാതൊരു പിഴവും അതിലില്ല. അവര്‍ അല്‍പ്പം കൂടി നന്നായി ബാറ്റ് ചെയ്യുക എന്നത് മാത്രമാണ് ചെയ്യേണ്ടത്.
മികച്ച ബാറ്റിങ് ഉണ്ടായിരുന്നെങ്കില്‍ മത്സരം മൂന്നോ നാലോ ദിവസത്തിലേക്ക് നീളുമായിരുന്നു'- എന്നാണ് പീറ്റേഴ്സന് ട്വിറ്റര്‍ വീഡിയോയിലൂടെ പറഞ്ഞത്. ഇതിന് മറുപടിയായാണ് രോഹിത് നന്ദി അറിയിച്ച് പോസ്റ്റിട്ടത്. മത്സരത്തില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് രോഹിത് ശര്‍മ മാത്രമായിരുന്നു. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സില്‍ 66 റണ്‍സ് നേടിയ രോഹിത് രണ്ടാം ഇന്നിങ്സില്‍ പുറത്താവാതെ 25 റണ്‍സും നേടി.
ഒന്നാം ഇന്നിങ്സില്‍ സാക്ക് ക്രോളിയും ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായി. മറ്റെല്ലാ ബാറ്റ്സ്മാന്മാരും നിരാശപ്പെടുത്തിയപ്പോഴും രോഹിത് അനായാസമായാണ് റണ്‍സുയര്‍ത്തിയത്. ഇംഗ്ലണ്ട് പേസര്‍മാര്‍ക്കെതിരേ അനായാസമായി പുള്‍ ഷോട്ട് കളിക്കാനും സിക്സര്‍ നേടാനും രോഹിതിന് സാധിച്ചിരുന്നു.
ഇന്ത്യന്‍ നായകന് വിരാട് കോലിയും മൊട്ടേറയിലെ പിച്ചിനെ അനുകൂലിച്ചുള്ള നിലപാടാണെടുത്തത്. പിച്ചിന്റെ പ്രശ്നമല്ലെന്നും ബാറ്റ്സ്മാന്മാരുടെ പ്രശ്നമാണെന്നുമാണ് കോലി വിലയിരുത്തിയത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും പരിശീലകനും മുന്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസും അലെസ്റ്റര്‍ കുക്കുമെല്ലാം പിച്ചിനെതിരേ വിമര്‍ശനം ഉന്നയിച്ചു. ഇംഗ്ലണ്ട് പിച്ചിനെതിരേ ഔദ്യോഗിക പരാതി നല്‍കുമെന്നാണ് വിവരം.
നാലാം ടെസ്റ്റിനും മൊട്ടേറ തന്നെയാണ് വേദി. നിലവില്‍ വിമര്‍ശനം ശക്തമായതിനാല്‍ നാലാം ടെസ്റ്റിന് ബാറ്റിങ് സൗഹൃദ പിച്ചൊരുക്കുമെന്നാണ് വിവരം.അങ്ങനെയാണെങ്കില്‍ നാലാം ടെസ്റ്റില്‍ ഇരു ടീമിന്റെയും ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറും. നാലാം ടെസ്റ്റില്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താം.