
'ഇന്ത്യയുടെ ടീം ബസ് പുറപ്പെടുന്നതിന് ഒരു സമയമുണ്ട്. ആരെങ്കിലും വൈകി എത്തിയാല്‍ കാത്തിരിക്കില്ല, ബസ് സമയത്ത് തന്നെ പോകും. വരാനുള്ളത് ആരായാലും പ്രശ്‌നമല്ല. ഒരു ദിവസം അത് സംഭവിച്ചത് സൗരവ് ഗാംഗുലിക്കായിരുന്നു' എന്നാണ് രവി ശാസ്ത്രി വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സുപ്രധാന താരമായിരുന്നിട്ടും ഗാംഗുലിയെ കാത്തിരിക്കാന്‍ തയ്യാറായില്ലെന്നും അത്രത്തോളം അച്ചടക്കത്തിനും കൃത്യനിഷ്ടതക്കും പ്രാധാന്യമുണ്ടെന്നും രവി പറഞ്ഞു.
സൗരവ് ഗാംഗുലിയുമായുള്ള ബന്ധത്തെക്കുറിച്ചും രവി തുറന്ന് പറഞ്ഞു. 'വളരെ അടുത്ത ബന്ധമാണ് ഗാംഗുലിയുമായുള്ളത്. ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഗാംഗുലിയുമായി സംസാരിച്ചിരുന്നു. അവന്റെ നിരവധി കളികള്‍ ഞാന്‍ കണ്ടിട്ടുള്ളതാണ്. ഞാന്‍ കളിച്ചിരുന്ന ടാറ്റാ സ്റ്റീലിനുവേണ്ടി ഗാംഗുലിയും കളിച്ചിട്ടുണ്ട്. ടാറ്റാ സ്റ്റീലിന്റെ നായകനായി ഞാന്‍ ഉള്ളപ്പോള്‍ എന്റെ കീഴില്‍ അവന്‍ കളിച്ചിരുന്നു. ദീര്‍ഘനാളുകളായി അവനെ അടുത്തറിയാം. മാധ്യമങ്ങള്‍ക്ക് ഇത്രയും കഥകള്‍ വളരെ ഇഷ്ടമാണ്. അല്‍പ്പം മസാലയും ചേര്‍ന്ന് പുറത്തുവിടാം. ഇത്തരം കഥകള്‍ എനിക്കും ഇഷ്ടമാണ്' - രവി പറഞ്ഞു.

2007ല്‍ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചും രവി ശാസ്ത്രി പറഞ്ഞു. ഗാംഗുലി അന്ന് ക്രിക്കറ്റ് താരമായി തുടരുകയും രവി ശാസ്ത്രി ടീം മാനേജറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമയം. ശാസ്ത്രിയെ പ്രഭാത പരിപാടിക്കുവേണ്ടി അഭിമുഖം ചെയ്യാനെത്തിയവരെ നിര്‍ബന്ധിച്ച് ഗാംഗുലി പറഞ്ഞുവിട്ടു. അദ്ദേഹത്തെ പ്രഭാത പരിപാടിയില്‍ അഭിമുഖം ചെയ്യരുതെന്നും എന്താണ് പറഞ്ഞതെന്ന് പിന്നീട് അദ്ദേഹം ഓര്‍ക്കില്ലെന്നും വൈകുന്നേരമാണെങ്കില്‍ കൂടുതല്‍ നന്നായി കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും ഗാംഗുലി അവരോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഗാംഗുലിയോട് ചോദിച്ചപ്പോള്‍ നിഷേധിച്ചുവെന്നും രവി പറഞ്ഞു.

ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് ടി20 ലോകകപ്പിന് ശേഷം രവി പടിയിറങ്ങിയേക്കും. രണ്ട് തവണ ഇന്ത്യയുടെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിക്കാന്‍ രവിക്ക് അവസരം ലഭിച്ചിരുന്നു. ഇനിയൊരു തവണ കൂടി തുടരാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ ഏത് മൈതാനത്തും പരമ്പര നേടാന്‍ കെല്‍പ്പുള്ളവരാക്കി മാറ്റിയതിന് പിന്നില്‍ രവി ശാസ്ത്രിയുടെ പങ്ക് ചെറുതല്ല.
ഇന്ത്യയുടെ പേസ് നിരയുടെ വളര്‍ച്ചക്ക് പിന്നിലും രവി ശാസ്ത്രിക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും വളരെ ഇഷ്ടമുള്ള പരിശീലകനാണ് രവി. ഇന്ത്യന്‍ ടീമിനെ ഇതുവരെ ഐസിസി കിരീടത്തിലേക്കെത്തിക്കാനായില്ലെങ്കിലും ടെസ്റ്റ് ടീമിന് ഓസ്‌ട്രേലിയയില്‍ രണ്ട് തവണ പരമ്പര നേടിക്കൊടുക്കാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിപ്പിക്കാനും രവിക്ക് സാധിച്ചിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പ് രവിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയെ കിരീടം ചൂടിക്കാനായാല്‍ അഭിമാനത്തോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയാന്‍ രവിക്കാവും.


Click it and Unblock the Notifications











