അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ റെക്കോഡ് വാരിക്കൂട്ടി ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന്. രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന്റെ മുന്‍നിരയെ തകര്‍ത്ത് മുന്നേറിയ അശ്വിന് മൂന്ന് റെക്കോഡുകളാണ് പ്രധാനമായും മൂന്നാം ദിനത്തിന്റെ രണ്ടാം സെക്ഷനിനുള്ളില് സ്വന്തം പേരിലാക്കിയത്. ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ കോര്‍ട്ട്ലി ആംബ്രോസിന്റെ 405 വിക്കറ്റ് നേട്ടത്തെ മറികടക്കാന്‍ അശ്വിനായി.
രണ്ടാം ഇന്നിങ്സില്‍ ഇതിനോടകം മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ അക്കൗണ്ടില്‍ നിലവില്‍ 407 വിക്കറ്റുകളാണുള്ളത്. ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലൂടെയാണ് 400 വിക്കറ്റ് എന്ന നാഴികക്കല്ല് അശ്വിന് പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ബൗളര്‍കൂടിയാണ് അശ്വിന്. സമീപകാലത്ത് ഇന്ത്യ ജയിച്ച മത്സരങ്ങളിലെല്ലാം അശ്വിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.
ഇംഗ്ലണ്ടിനെതിരായി കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡില്‍ കപില്‍ ദേവിനെയും ബിഷന്‍ സിങ് ബേദിയേയും മറികടക്കാനായില്ല. മുന്‍ ഇതിഹാസങ്ങളായ ഇരുവരുടെയും പേരില്‍ 85 വിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഇരുവരെയും മറികടക്കാന്‍ അശ്വിനായി. നിലവില്‍ 86 വിക്കറ്റ് അശ്വിന് നേടിക്കഴിഞ്ഞു. 92 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയാണ് ഈ പട്ടികയില്‍ തലപ്പത്ത്.
തുടര്‍ച്ചയായി കൂടുതല്‍ ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് പ്രകടനം നടത്തുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും ആര് അശ്വിന് സാധിച്ചു. ഇതടക്കം തുടര്‍ച്ചയായ എട്ടാം ഇന്നിങ്സിലാണ് അശ്വിന് മൂന്ന് വിക്കറ്റ് പ്രകടനം നടത്തുന്നത്. 10 തവണ ഈ നേട്ടത്തിലെത്തിയ ന്യൂസീലന്‍ഡിന്റെ നെയ്ല്‍ വാഗ്നറാണ് ഈ റെക്കോഡില്‍ അശ്വിന്റെ തലപ്പത്തുള്ളത്.
ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയാല്‍ നിലവിലെ താരങ്ങള്‍ കൂടുതല്‍ തവണ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയവരുടെ പട്ടികയില്‍ ജെയിംസ് ആന്ഡേഴ്സണൊപ്പമെത്താന് അശ്വിനാവും. നിലവില്‍ 30 അഞ്ച് വിക്കറ്റ് പ്രകടനമാണ് ആന്‍ഡേഴ്സണിന്റെ പേരിലുള്ളത്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ സഹീര്‍ ഖാനെ മറികടന്ന് നാലാം സ്ഥാനത്തെത്താനും അശ്വിനാവും. ഇനിയും മൂന്ന് നാല് വര്‍ഷമെങ്കിലും അശ്വിന്റെ കരിയര്‍ ശേഷിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയാണെങ്കില്‍ പല റെക്കോഡും ഇനിയും അശ്വിന് സ്വന്തം പേരിലാക്കുമെന്നുറപ്പ്.