മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തി ബിസിസി ഐ. മൂന്ന് താരങ്ങള്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ അവരെ ഒഴിവാക്കി പകരം മൂന്ന് പേരെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ പരമ്പരയുടെ ഭാഗമായ സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരനും ടീമില്‍ ഇടം പിടിച്ചു. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദര്‍,ശുഭ്മാന്‍ ഗില്‍,ആവേഷ് ഖാന്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ പരിക്കേറ്റ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പകരക്കാരനായി പൃഥ്വി ഷാ ഓപ്പണറായേക്കും. ഓസ്‌ട്രേലിയയിലെ മോശം പ്രകടനത്തോടെ ടീമിന് പുറത്തായ ഗില്‍ വിജയ് ഹസാരെ ട്രോഫി,ഐപിഎല്‍ 2021 എന്നിവയിലും ഇപ്പോഴിതാ ശ്രീലങ്കന്‍ പരമ്പരയിലും തിളങ്ങിയതോടെയാണ് ഇംഗ്ലണ്ട് പരമ്പരയിലേക്ക് പരിഗണിച്ചത്. അതേ സമയം സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത് എല്ലാവര്‍ക്കും അത്ഭുതമായിരിക്കുകയാണ്.

ശ്രീലങ്കയില്‍ അരങ്ങേറ്റ ഏകദിന പരമ്പരയില്‍ താരമായ സൂര്യകുമാര്‍ ആദ്യ ടി20യിലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലേക്ക് അദ്ദേഹത്തെയും പരിഗണിച്ചത്. നിലവില്‍ ശ്രീലങ്കയിലുള്ള ഇരുവരും എത്രയും വേഗം തന്നെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ഇംഗ്ലണ്ടിലെത്തി 12 ദിവസത്തെ ക്വാറന്റെയ്ന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ആദ്യ രണ്ട് മത്സരത്തിനുള്ള ടീമിലേക്ക് ഇരുവരെയും പരിഗണിക്കാനാവില്ല. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് ടി20കൂടി അവശേഷിക്കുന്നതിനാല്‍ പൃഥ്വിയും സൂര്യയും മടങ്ങുന്നത് ഇന്ത്യയെ സാരമായി ബാധിച്ചേക്കും. ഇരുവരെയും ആവിശ്യപ്പെട്ടാല്‍ വിട്ടുനല്‍കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് ശ്രീലങ്കയില്‍ ഇന്ത്യയെ നയിക്കുന്ന ശിഖര്‍ ധവാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കൗണ്ടി 11നെതിരായ സന്നാഹ മത്സരത്തിനിടെയാണ് ആവേഷ് ഖാനും വാഷിങ്ടണ്‍ സുന്ദറിനും പരിക്കേറ്റത്. കൈവിരലിന് പരിക്കേറ്റ വാഷിങ്ടണിന് ഐപിഎല്‍ രണ്ടാം പാദവും നഷ്ടമാകുമെന്നാണ് വിവരം. നേരത്തെ ആവേഷ് ഖാന് പകരം സ്വിങ് പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ പരിഗണിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.കോവിഡ് മുക്തനായ സാഹ,പൃഥ്വി,അഭിമന്യു എന്നിവരും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഓഗസ്റ്റ് നാലിനാണ് പരമ്പര ആരംഭിക്കുന്നത്.
ഇന്ത്യന്‍ ടീം:രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,ഹനുമ വിഹാരി,റിഷഭ് പന്ത്,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,ജസ്പ്രീത് ബുംറ,ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍,ഉമേഷ് യാദവ്,കെ എല്‍ രാഹുല്‍,വൃദ്ധിമാന്‍ സാഹ,അഭിമന്യു ഈശ്വരന്‍,പൃഥ്വി ഷാ,സൂര്യകുമാര്‍ യാദവ്.