ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് പിന്നാലെ പിച്ചിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തകര്‍ന്ന പിച്ചില്‍ അവസാന രണ്ട് ദിവസവും ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടീമിന് പിച്ച് അനുകൂലമാവുകയും ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ ബൗളര്‍മാര്‍ക്ക് ആധിപത്യം ലഭിക്കുന്ന നിലയിലേക്ക് പിച്ച് മാറുകയും ചെയ്തിരുന്നു. മത്സര ശേഷം ഇംഗ്ലണ്ട് താരങ്ങളടക്കം പിച്ചിനെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചതോടെ ക്യൂറേറ്ററെ ബിസിസി ഐ ഒഴിവാക്കിയിരിക്കുകയാണ്.
ക്യൂറേറ്റര്‍ തപോഷ് ചാറ്റര്‍ജി ഓഫ് സെന്‍ഡ്രല്‍ സോണിനാണ് രണ്ടാം ടെസ്റ്റിന്റെ പിച്ച് തയ്യാറാക്കാന്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവരെ വിജയ് ഹസാരെ ട്രോഫിക്കായി ഇന്‍ഡോറിലും ജയ്പൂരിലും പിച്ചൊരുക്കാന്‍ അയച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെയും പ്രാദേശിക ഗ്രൗണ്ട്‌സ്മാനായ വി രമേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് രണ്ടാം ടെസ്റ്റിനുള്ള പിച്ച് തയ്യാറാക്കുന്നത്.

രണ്ടാം ടെസ്റ്റില്‍ പിച്ച് സ്പിന്നിന് അനുകൂലമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ ടെസ്റ്റില്‍ ആദ്യ രണ്ട് ദിവസത്തിന് ശേഷം പിച്ച് തകര്‍ന്നിരുന്നു. ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ 'റോഡ്' എന്നാണ് പിച്ചിനെ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം പ്രതലമെന്നാണ് പിച്ചിനെക്കുറിച്ച് പറഞ്ഞത്.
ബാറ്റ്‌സ്മാന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ പിച്ച് തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ പൊടി കാരണം പന്ത് കാണാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ പുറത്തായതിന്റെ കാരണവും ഈ പൊടിയാണ്. കുത്തിയ ശേഷം പൊടികാരണം പന്തിന്റെ ദിശ മനസിലാക്കാന്‍ വിരാട് കോലിക്ക് സാധിക്കാതെ പോയി. സന്ദര്‍ശക ടീമിന് മുന്നില്‍ മികച്ചൊരു പിച്ചൊരുക്കാന്‍ പോലും ഇന്ത്യക്ക് സാധിക്കാതെ വന്നതില്‍ വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് ക്യൂറേറ്ററെ നീക്കിയത്.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്. ആദ്യ ടെസ്റ്റില്‍ കാണികളെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ 15000 കാണികള്‍ മത്സരം കാണാനുണ്ടാവും. ഈ സാഹചര്യത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇനിയൊരു നാണക്കേട് ഏറ്റുവാങ്ങിയാന്‍ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ക്കും അത് കടുത്ത തിരിച്ചടിയാവും.