INDvENG: 'പ്രതിഭാശാലി, ഇന്ത്യയുടെ ഭാവി അവനിലാണ്', യുവതാരത്തെ പ്രശംസിച്ച് പാര്‍ഥിവ് പട്ടേല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള അടുത്ത പ്രധാന വെല്ലുവിളി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര ആഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണിത്. സമനിലയെങ്കിലും പിടിക്കാനായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറക്കാനാവും.
പ്രതിഭാശാലികളുടെ നീണ്ട നിര ഇന്ത്യക്കൊപ്പമുള്ളതിനാല്‍ പരമ്പര നേടിയാലും അത്ഭുതപ്പെടാനില്ല. കോവിഡ് മുക്തനായി റിഷഭ് പന്ത് ഇന്നലെ ടീമിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. സമീപകാലത്തെ പ്രകടനങ്ങള്‍ക്കൊണ്ട് ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുന്ന റിഷഭ് പന്തിന്റെ പ്രതിഭയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍.
'റിഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ്. ആരെയും പേടിയില്ലാത്ത പ്രകൃതമാണ് അവന്റേത്. അതാണ് എനിക്ക് അവനെ വളരെ ഇഷ്ടമാവാന്‍ കാരണം. 2018ല്‍ ഞാന്‍ സ്റ്റാന്‍ഡ്‌ബൈ വിക്കറ്റ് കീപ്പറായപ്പോള്‍ അവനായിരുന്നു ഒന്നാം നമ്പര്‍ കീപ്പര്‍. അവന്റെ മനോഭാവവും അധ്വാനവും കീപ്പിങ് മികവിനെ ഉന്നതിയിലേക്ക് എത്തിക്കും. ഇതിനായി കഠിനമായി അവന്‍ അധ്വാനിക്കുന്നുണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ പന്ത് നന്നായി ടേണ്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലും മികച്ച വിക്കറ്റ് കീപ്പിങ് കാഴ്ചവെക്കാന്‍ അവന് സാധിച്ചു'-പാര്‍ഥിവ് പറഞ്ഞു.

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ കിരീടം നേടിയത് റിഷഭിന്റെ ബാറ്റിങ് മികവിലാണ്. അമിത പ്രതിരോധത്തിന് മുതിരാതെ കടന്നാക്രമിച്ച് കളിക്കുന്ന താരമാണ് റിഷഭ് പന്ത്. ഒറ്റക്ക് മത്സരഗതിയെ മാറ്റിമറിക്കാനുള്ള മികവ് അദ്ദേഹത്തിന്റെ ബാറ്റിങ്ങിലുണ്ട്.
ആറാം നമ്പറിലും ഏഴാം നമ്പറിലുമാണ് റിഷഭ് ഇന്ത്യക്കായി കളിക്കുന്നത്. പലപ്പോഴും അതിവേഗ ഇന്നിങ്‌സ് കാഴ്ചവെക്കുന്ന റിഷഭ് കൂടുതല്‍ ഉത്തരവാദിത്തം കാട്ടണമെന്നും പാര്‍ഥിവ് ഉപദേശിച്ചു. 'ബാറ്റ് ചെയ്യുമ്പോള്‍ റിഷഭ് കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം. ടെസ്റ്റ് ക്രിക്കറ്റില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുന്നവനാണവന്‍'-പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് പരമ്പരയില്‍ റിഷഭിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പേസ് പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാണെന്നതിനാല്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തെ ആശ്രയിച്ചാവും ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുക. മികച്ച പേസര്‍മാര്‍ ഇന്ത്യക്കൊപ്പമുള്ളത് ഇംഗ്ലണ്ടിനെ സംബന്ധിച്ചും കടുത്ത വെല്ലുവിളി തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications