ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ചെെൈന്നയില്‍ പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ കളിക്കാതിരുന്ന വിരാട് കോലി ഇംഗ്ലണ്ട് പരമ്പരയില്‍ നായകസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ഇതോടെ രഹാനെയെ ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണമെന്ന് ഒരു വിഭാഗം ആളുകള്‍ ആവിശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ കോലി തന്നെ ഇന്ത്യയുടെ ടെസ്റ്റ് നായകനായി തുടരുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോലി. ഞങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനമാണുള്ളതെന്നും വിശ്വാസമാണ് ബന്ധത്തിന്റെ അടിസ്ഥാനമെന്നുമാണ് കോലി അഭിപ്രായപ്പെട്ടത്.
'പുറത്തുള്ള ആളുകള്‍ നടത്തുന്ന താരതമ്യവും ഡ്രസിങ് റൂമിനുള്ളില്‍ നടക്കുന്ന താരതമ്യവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. ഒരേ ലക്ഷ്യത്തിനുവേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ഓസ്‌ട്രേലിയയില്‍ രഹാനെ തന്റെ ഉത്തരവാദിത്തം ഭംഗിയായി പൂര്‍ത്തിയാക്കി. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. കളത്തിനുള്ളില്‍ ഞങ്ങള്‍ പരസ്പരം ചര്‍ച്ചകള്‍ നടത്താറുണ്ട്. എപ്പോഴും ബന്ധപ്പെട്ടിരിക്കാന്‍ ശ്രമിക്കാറുണ്ട്' -കോലി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് മാത്രമാണ് കോലി കളിച്ചത്. ആ മത്സരത്തില്‍ ഇന്ത്യ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ മെല്‍ബണില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ രഹാനെ ഇന്ത്യയെ വിജയ വഴിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു. കോലിയെക്കാളും ശാന്തനായ ക്യാപ്റ്റനാണ് രഹാനെ. സഹതാരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന നായക രീതിയാണ് രഹാനെയുടേത്.
എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ അസാമാന്യ റെക്കോഡുകളാണ് കോലിക്കുള്ളത്. ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യമായി ഓസ്‌ട്രേലിയയില്‍ പരമ്പര നേടിക്കൊടുത്ത നായകന്‍ കോലിയാണ്. ടെസ്റ്റിലെ വിജയക്കണക്കുകളില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളേക്കാളും ഒരു പടി മുന്നില്‍ത്തന്നെയാണ് അദ്ദേഹം. ഒരിക്കലും ക്യാപ്റ്റന്‍സി കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
മൈതാനത്ത് പല കാര്യങ്ങളിലും രഹാനെ അഭിപ്രായം പങ്കുവെക്കാറുണ്ടെന്നും കോലി പറഞ്ഞു. 'മത്സരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ രഹാനെയ്ക്ക് മിടുക്കുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരാന്‍ നിരവധി കാര്യങ്ങള്‍ രഹാനെയുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ജയത്തിന്റെ പിന്നിലെ പ്രധാന രഹസ്യം ഇതൊക്കെയാണ്'-കോലി പറഞ്ഞു.