പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നടക്കുകയാണ്. മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലുള്ളതിനാല്‍ മൂന്നാം മത്സരം ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുക. രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. പ്രധാനമായും സ്പിന്‍ ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ടോസും മത്സരത്തില്‍ നിര്‍ണ്ണായകമായി.
മൂന്നാം മത്സരം നാളെ നടക്കാനിരിക്കെ ടീമില്‍ എവിടെയാണ് മാറ്റം വേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. ഇത്തവണയും നേരിട്ട് പറയാതെ കൗതുകകരമായ ഒരു ചിത്രം പങ്കുവെച്ച് അതില്‍ സൂചന ഒളിപ്പിച്ചിരിക്കുകയാണ് ജാഫര്‍. വാഷിങ്ടണിലെ ഒരു പാര്‍ക്കില്‍ ഉച്ചക്ക് ശേഷം ചെസ് കളിക്കുന്ന താരങ്ങളുടെ ചിത്രമാണ് ജാഫര്‍ പങ്കുവെച്ചത്. ഇതിലൂടെ മൂന്ന് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്.
ഇതില്‍ ഒന്നാമത്തേത് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെ കളിപ്പിക്കണം എന്നതാണ്. ചെസ് കളിക്കാരുടെ ചിത്രമാണ് ചഹാലിനെ സൂചിപ്പിക്കുന്നത്. ക്രിക്കറ്റിലേക്ക് എത്തുന്നതിന് മുമ്പ് അന്താരഷ്ട്ര യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ചഹാല്‍. കുല്‍ദീപ് യാദവ് ആദ്യ രണ്ട് മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തിയതിനാല്‍ത്തന്നെ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ചഹാല്‍ എത്താന്‍ സാധ്യത കൂടുതലാണ്.

വാഷിങ്ടണ്‍ പാര്‍ക്ക് എന്നതിലൂടെ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കണമെന്നാണ് ജാഫര്‍ ഉദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ക്രുണാല്‍ പാണ്ഡ്യയാണ് ടീമിലുള്ളത്. ബാറ്റിങ്ങില്‍ തിളങ്ങുന്നുണ്ടെങ്കിലും ബൗളിങ്ങില്‍ ക്രുണാല്‍ നിരാശപ്പെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ ക്രുണാലിന് പകരം വാഷിങ്ടണിനെ കൊണ്ടുവരാനാണ് ജാഫര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ടി20യില്‍ നന്നായി തല്ലുവാങ്ങിയ വാഷിങ്ടണിനെ നിര്‍ണ്ണായക മത്സരത്തിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല.
മറ്റൊരു നിര്‍ദേശം സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണമെന്നാണ്. സണ്‍ എന്ന വാചകംകൊണ്ട് സൂര്യകുമാറിനെയാണ് ജാഫര്‍ ഉദ്ദേശിച്ചത്. നിലവില്‍ ശ്രേയസ് അയ്യറിന് പകരക്കാരനായി റിഷഭ് പന്ത് തിളങ്ങിയിട്ടുണ്ട്. അതിനാല്‍ സൂര്യകുമാറിന് അവസരം ലഭിക്കുക പ്രയാസമാണ്. നാലാം നമ്പറില്‍ ഇറങ്ങി രാഹുല്‍ സെഞ്ച്വറി നേടിയപ്പോള്‍ റിഷഭ് വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് അഞ്ചാം നമ്പറില്‍ ഇറങ്ങി സ്വന്തമാക്കിയത്.