പൂനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് ഇന്ത്യക്ക് കടുത്ത തിരിച്ചടി.രോഹിത് ശര്‍മക്കും ശ്രേയസ് അയ്യര്‍ക്കും പരിക്കേറ്റതാണ് ഇന്ത്യക്ക് തലവേദന ആയിരിക്കുന്നത്.ഇരുവരുടെയും പരിക്ക് പരിശോധിച്ച് വരികയാണെന്നാണ് അവസാനമായി ബിസിസിഐ നല്‍കിയ ഔദ്യോഗിക അറിയിപ്പ്. രോഹിതിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും ശ്രേയസിന്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏകദിന പരമ്പര നഷ്ടമാകുന്നതോടൊപ്പം ഐപിഎല്ലിലും ശ്രേയസ് കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍.

ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ എട്ടാം ഓവറിലാണ് ശ്രേയസ് അയ്യറിന് പരിക്കേറ്റത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ ശ്രേയസിന്റെ ഇടം തോളിന് പരിക്കേല്‍ക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ശ്രേയസിന് ഫസ്റ്റ്എയ്ഡ് നല്‍കിയെങ്കിലും കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൈതാനത്ത് നിന്ന് തിരികെ അയച്ചു. അദ്ദേഹത്തെ സ്‌കാനിങ്ങിന് വിധേയമാക്കുമെന്ന് ബിസിസി ഐ അറിയിച്ചിരുന്നെങ്കിലും മറ്റ് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല.
അതേ സമയം ഓപ്പണറായ രോഹിതിന്റെയും കൈക്കാണ് പരിക്കേറ്റത്. വലത് കൈ മുട്ടിന് പന്ത് കൊണ്ടതിനെത്തുടര്‍ന്ന് മുറിവ് ഉണ്ടായിരുന്നു. പിന്നീട് മുറിവ് കെട്ടിവെച്ചാണ് രോഹിത് ഇറങ്ങിയത്. ഇന്ത്യക്കുവേണ്ടി ഫീല്‍ഡ് ചെയ്യാന്‍ രോഹിത് ഇറങ്ങിയിരുന്നില്ല. മുറിവിന് ശേഷം ഷോട്ട് കളിക്കാന്‍ രോഹിത് വളരെയധികം പ്രയാസപ്പെട്ടിരുന്നു.
ഇരുവര്‍ക്കും പരിക്കേറ്റ് കളിക്കാന്‍ സാധിക്കാതിരുന്നാല്‍ സൂര്യകുമാര്‍ യാദവിനും ശുഭ്മാന്‍ ഗില്ലിനും അവസരം ലഭിച്ചേക്കും. ശ്രേയസിന് പകരം നാലാം നമ്പറിലാവും സൂര്യകുമാറിന് അവസരം ലഭിക്കുക. ഗില്‍ ഓപ്പണര്‍ റോളിലുമെത്തും. ടി20യില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യകുമാറിന് ഏകദിന പരമ്പരയില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടറിയാം. ശുഭ്മാന്‍ ഗില്ലിന് ഇതിന് മുമ്പ് അവസരം ലഭിച്ചപ്പോള്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ പ്രതിഭ തെളിയിക്കാനുള്ള സുവര്‍ണ്ണാവസരം അദ്ദേഹത്തിന് ലഭിച്ചേക്കും.
മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. 66 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 251 റണ്‍സില്‍ കൂടാരം കയറി. 14.2 ഓവറില്‍ 135 എന്ന മികച്ച നിലയില്‍ നിന്നാണ് ഈ അവസ്ഥയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നത്. അരങ്ങേറ്റ താരം പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. 98 റണ്‍സെടുത്ത് ശിഖര്‍ ധവാനാണ് കളിയിലെ താരം.