പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പ്രസിദ്ധ് കൃഷ്ണ. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യക്കായി ഇറങ്ങിയ പ്രസിദ്ധ് അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റുമായി ഇന്ത്യയുടെ ഏകദിന അരങ്ങേറ്റക്കാരില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. ഇപ്പോഴിതാ തന്റെ ഇഷ്ട ബൗളറെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രസിദ്ധ്.
മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീയെയാണ് പ്രസിദ്ധ് തന്റെ ഇഷ്ട ബൗളറായി തിരഞ്ഞെടുത്തത്. 'ക്രിക്കറ്റ് കരിയറാക്കി തിരഞ്ഞെടുക്കാന്‍ ആരും എന്നെ ഉപദേശിച്ചില്ല. സ്‌കൂള്‍ പരിശീലകന്‍ ശ്രീനിവാസ് മൂര്‍ത്തിയാണ് എന്നിലെ ക്രിക്കറ്റ് താരത്തെ ആദ്യം തിരിച്ചറിഞ്ഞത്. ഓട്ടത്തിലെ എന്റെ പിഴവും വേഗത്തില്‍ പന്തെറിയാനുള്ള കാര്യങ്ങളും അദ്ദേഹമാണ് പറഞ്ഞ് തന്നത്. എപ്പോഴും ഒരു ഫാസ്റ്റ് ബൗളറാവാനാണ് ആഗ്രഹിച്ചത്'-പ്രസിദ്ധ് പറഞ്ഞു.

ടി20 വേഗത്തിലുള്ള കളിയാണ്. വേഗത്തില്‍ പന്തെറിഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ വ്യതിയാനങ്ങളും ബൗളിങ്ങില്‍ വേണം. എന്റെ ഉയരക്കൂടുതല്‍ നന്നായി യോര്‍ക്കര്‍ എറിയാന്‍ സഹായിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. ടി20കളില്‍ ഒരുപാട് പദ്ധതികള്‍ നടത്താന്‍ സമയം ലഭിക്കാറില്ല. അതിനാല്‍ എപ്പോഴും ശ്രദ്ധയോടെ വേണം ഓരോ പന്തും എറിയാനെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീയുടെ ബൗളിങ്ങ് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ ബൗളിങ്ങിനെ കൂടുതല്‍ സൂക്ഷ്മതയോടെ വീക്ഷിക്കാറുണ്ടെന്നും പ്രസിദ്ധ് പറഞ്ഞു. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ ബ്രെറ്റ് ലീ മികച്ച വേഗത്തിനൊപ്പം നന്നായി യോര്‍ക്കറും ബൗണ്‍സും എറിയാന്‍ മികവുള്ള ബൗളറാണ്.
ഗ്ലെന്‍ മഗ്രാത്തിന്റേതുപോലെ ഉയരക്കൂടുതലിനെ നന്നായി മുതലാക്കുന്ന ബൗളറാണ് പ്രസിദ്ധ്. അദ്ദേഹത്തിന്റെ ഉയരക്കൂടുതല്‍കൊണ്ട് ലഭിക്കുന്ന എക്‌സ്ട്രാ ബൗണ്‍സ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ആദ്യ മൂന്ന് ഓവറില്‍ നന്നായി തല്ലുവാങ്ങിയെങ്കിലും രണ്ടാം സ്‌പെല്ലില്‍ കളി മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നാല് നിര്‍ണ്ണായക വിക്കറ്റുകളാണ് പ്രസിദ്ധ് വീഴ്ത്തിയത്.
മുന്‍ പാകിസ്താന്‍ പേസര്‍ ഷുഹൈബ് അക്തറടക്കം പല പ്രമുഖരും പ്രസിദ്ധിന്റെ ബൗളിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളറാണ് പ്രസിദ്ധ്. 24 ഐപിഎല്ലില്‍ നിന്ന് 18 വിക്കറ്റാണ് പ്രസിദ്ധ് വീഴ്ത്തിയത്. 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.