IND vs ENG ODI: പരമ്പര ആര് നേടും? മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പ്രവചിക്കുന്നു
പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. ടെസ്റ്റ്,ടി20 പരമ്പര നേടി വലിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ അഭിമാന പരമ്പര നേട്ട പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര പൂനെയിലാണ് നടക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനം ഇല്ലാതെയാവും മത്സരങ്ങള്‍ നടത്തുക. ഇരു ടീമിനുമൊപ്പം മികച്ച താരനിരയുള്ളതിനാല്‍ ആര് ജയിക്കുമെന്നത് പ്രവചിക്കുക പ്രയാസമാണ്.
ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഏകദിന പരമ്പര ആര് നേടുമെന്നത് പ്രവചിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളും ജയിച്ച് 3-0ന് ഇന്ത്യ പരമ്പര നേടുമെന്നാണ് മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടത്. റൂട്ടും ആര്‍ച്ചറും ഇംഗ്ലണ്ട് നിരയിലില്ലാത്തത് ടീമിന് തിരിച്ചടിയാവുമെന്നാണ് മൈക്കല്‍ വോണ്‍ വിലയിരുത്തിയത്. ട്വിറ്ററിലൂടെ മൈക്കല്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.
മൈക്കല്‍ വോണിന്റെ ട്വീറ്റിനോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടിന് റൂട്ടും ആര്‍ച്ചറുമില്ലെങ്കില്‍ ഇന്ത്യക്ക് ജഡേജയും ബുംറയും ഇല്ലെന്നാണ് ആകാശ് കുറിച്ചത്. പരിക്കേറ്റ ജോഫ്രാ ആര്‍ച്ചറിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഐപിഎല്ലിലെ പകുതിയോളം മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാവും. ഇന്ത്യയുടെ ജഡേജയും പരിക്കിന്റെ പിടിയിലാണ്. അതേ സമയം കഴിഞ്ഞിടെ വിവാഹം കഴിഞ്ഞതിനാലാണ് ബുംറ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ക്രുണാല്‍ പാണ്ഡ്യ കളിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ടി20 പരമ്പരയില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ടോപ് ഓഡറില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണ്‍ ചെയ്യുമ്പോള്‍ കോലി മൂന്നാം നമ്പറിലെത്തും. നാലാം നമ്പറില്‍ ശ്രേയസ് അയ്യറിന് തന്നെയാവും ഇന്ത്യ പരിഗണന നല്‍കുക. കെ എല്‍ രാഹുലിനും ടീമില്‍ ഇടം ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ടി20 പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ രാഹുലിന് ഏകദിന പരമ്പര വളരെ പ്രധാനപ്പെട്ടതാണെങ്കിലും മികച്ച ഫോമിലുള്ള താരങ്ങള്‍ നിരവധിയായതിനാല്‍ അവസരം ലഭിച്ചേക്കില്ല. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയതും രാഹുലിന് തിരിച്ചടിയായി. ടി20യില്‍ തിളങ്ങിയ ഭുവനേശ്വര്‍ കുമാര്‍ ഏകദിന പരമ്പരയിലും കളിക്കും. കുല്‍ദീപ് യാദവിനും പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications