പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് പൂനെയില്‍ നടക്കുകയാണ്. ടെസ്റ്റ്, ടി20 പരമ്പരകള്‍ നേടിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് ഏകദിന പരമ്പരയെ നോക്കിക്കാണുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകളാണ്. ഒന്നാം മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ജാക്‌സ് കാലിസ് എന്നിവരോടൊപ്പം എലൈറ്റ് റെക്കോഡില്‍ പേര് ചേര്‍ക്കാനുള്ള സുവര്‍ണ്ണാവസരം കോലിക്കുണ്ട്.
ഇന്ത്യന്‍ നായകന് അതിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നാട്ടില്‍ 5000 ഏകദിന റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ പേര് ചേര്‍ക്കാന്‍ കോലിക്ക് സാധിക്കുമോയെന്ന് കണ്ടറിയാം. നിലവില്‍ 4865 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 135 റണ്‍സ് കൂടി നേടിയാല്‍ നാട്ടില്‍ 5000 ഏകദിന റണ്‍സ് നേടുന്ന നാലാമത്തെ താരമാവാന്‍ കോലിക്ക് സാധിക്കും.

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇന്ത്യയില്‍ 6976 റണ്‍സാണ് ഏകദിനത്തില്‍ അദ്ദേഹം നേടിയത്. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് 5406 റണ്‍സ് ഓസ്‌ട്രേലിയയില്‍ നേടിയിട്ടുണ്ട്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസ് (5178) ഈ റെക്കോഡിലെ മൂന്നാമനാണ്. എന്നാല്‍ അടുത്തിടയൊന്നും മൂന്നക്കം കാണാന്‍ സാധിക്കാത്ത കോലിക്ക് ഒന്നാം ഏകദിനത്തിലൂടെ ഈ നേട്ടത്തിലെത്താന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കോലി കാഴ്ചവെച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 231 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. എന്നാല്‍ അവസാനമായി കോലി ഏകദിന സെഞ്ച്വറി നേടിയത് ഒരു വര്‍ഷവും 222 ദിവസത്തിനും മുമ്പാണ്. 2019ല്‍ മാര്‍ച്ച് 8ന് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ഏകദിന സെഞ്ച്വറി.
മികച്ച താരക്കരുത്ത് ഇരു ടീമിനുമൊപ്പമുണ്ട്. ജോ റൂട്ട്,സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവം ഇംഗ്ലണ്ടിനെ വേട്ടയാടാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവമുണ്ടെങ്കിലും ടീമിനെ അത് കാര്യമായി ബാധിക്കാനിടയില്ല. ഭുവനേശ്വര്‍ കുമാര്‍ ബുംറക്ക് പകരക്കാരനാവുമ്പോള്‍ ജഡേജയ്ക്ക് പകരം ക്രുണാല്‍ ടീമിലെത്തിയേക്കും.
കെ എല്‍ രാഹുല്‍ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ ഏകദിന പരമ്പരയിലും താരത്തിന് ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. രോഹിത് ശര്‍മയ്‌ക്കൊപ്പം ശിഖാര്‍ ധവാന്‍ ഓപ്പണ്‍ ചെയ്യുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു. യുവതാരം സൂര്യകുമാര്‍ യാദവിനും പ്ലേയിങ് 11നില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.