ചെന്നൈ: അവസാന സീസണില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ ഫാബുലസ് ഫോര്‍ ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടിനെ തഴയുന്ന നിലപാടാണ് പലരും സ്വീകരിച്ചത്. വിരാട് കോലി,സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസണ്‍ തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കാനുള്ള റൂട്ടിന്റെ മികവിനെ ചോദ്യം ചെയ്തവര്‍ക്കെല്ലാം 2021ന്റെ തുടക്കം തന്നെ റൂട്ട് മറുപടി നല്‍കിക്കഴിഞ്ഞു. തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികളോടെ ഫാബുലസ് ഫോറിലെ തന്റെ സ്ഥാനവും ഊട്ടി ഉറപ്പിക്കുകയാണ് റൂട്ട്. മികച്ച പ്രകടനം കാഴ്ചവെച്ച റൂട്ട് ഫാബുലസ് ഫോറിന്റെ ഭാഗം തന്നെയാണ് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.
'100ാം മത്സരത്തില്‍ സെഞ്ച്വറി നേടി ജോ റൂട്ട് താനൊരു മികച്ച താരമാണെന്ന് തെളിയിച്ച് കഴിഞ്ഞു. വിരാട് കോലി,കെയ്ന്‍ വില്യംസണ്‍,സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടുന്ന ഫാബുലസ് ഫോറില്‍ ഉള്‍പ്പെടാന്‍ റൂട്ടിന് അര്‍ഹതയുണ്ടോയെന്ന് ചിലരെങ്കിലും സംശയിച്ചിരുന്നു. എന്നാല്‍ വലിയ ഫോമിലല്ലായിരുന്നിട്ടും 40 ന് മുകളില്‍ ശരാശരി അവനുണ്ടായിരുന്നു. തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറി നേട്ടത്തില്‍ നിന്ന് അവന്‍ തന്റെ കളിയെ നന്നായി വിലയിരുത്തിയിട്ടുണ്ടെന്ന് വ്യക്തം'-നാസര്‍ അലി പറഞ്ഞു.

2021ന്റെ തുടക്കം തന്നെ ഗംഭീരമാക്കാന്‍ റൂട്ടിനായി. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ 228,186 എന്നിങ്ങനെ സ്‌കോര്‍ നേടിയ ശേഷമാണ് ചെന്നൈയില്‍ ഇന്ത്യക്കെതിരേ റൂട്ട് വീണ്ടും സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായ റൂട്ട് വിരമിക്കുമ്പോഴേക്കും ഇംഗ്ലണ്ട് താരങ്ങളുടെ പേരിലുള്ള ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലാക്കിയേക്കും. 30കാരനായ താരത്തിന് മുന്നില്‍ ഇനിയും ചുരുങ്ങിയത് ആറ് വര്‍ഷ കരിയറെങ്കിലും ബാക്കിയുണ്ട്.
ഇയാന്‍ ബെല്ലും റൂട്ടിന്റെ പ്രകടനത്തെ പ്രശംസിച്ചു. 'നമ്മള്‍ എപ്പോഴും മികച്ചവരായി സംസാരിക്കുന്നത് ഈ നാല് പേരെയാണ്. മറ്റ് മൂന്ന് പേരും മികച്ച പ്രകടനവും സ്ഥിരതയും കാഴ്ചവെക്കുമ്പോള്‍ റൂട്ടിനത് സാധിച്ചിരുന്നില്ല. കോവിഡിന്റെ ഇടവേളയില്‍ നന്നായി തന്നെ അവന്‍ അധ്വാനിച്ചുവെന്നാണ് എനിക്ക് മനസിലാകുന്നത്. സാങ്കേതികമായ പിഴവ് നികത്താന്‍ സാധിച്ചു. മികച്ച പ്രകടനം നടത്താന്‍ വിശന്നാണ് അവന്‍ എത്തിയത്'-ബെല്‍ പറഞ്ഞു.
മികച്ചൊരു വര്‍ഷമാണ് അവന് മുന്നിലുള്ളത്. ഇന്ത്യന്‍ പര്യടനവും ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റും വലിയ പരമ്പരകളാണ്. കരിയറിനെ വിലയിരുത്തപ്പെടുന്ന പരമ്പരകളാണിത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച തുടക്കമാണ് റൂട്ടിന് ലഭിച്ചത്. ഇന്ത്യയില്‍ പരമ്പര നേടാന്‍ സവിശേഷമായ എന്തെങ്കിലും വേണം. റൂട്ടില്‍ നിന്ന് അത് ലഭിക്കുന്നു. അലെസ്റ്റര്‍ കുക്ക് 2012ല്‍ ചെയ്തത് റൂട്ടിന് ചെയ്യാന്‍ സാധിക്കുമോ.എന്താണ് സംഭവിക്കാന്‍ പോകുന്നത് നമുക്ക് അറിയില്ലല്ലോയെന്നും ബെല്‍ കൂട്ടിച്ചേര്‍ത്തു.