എല്ലാവരും പറഞ്ഞു വേണ്ട, കോഹ്ലിയ്ക്കും ശങ്ക, പക്ഷെ ഞങ്ങള്‍ തറപ്പിച്ചു; ഇന്ത്യന്‍ ബ്രേക്ക് ത്രൂവിന് പിന്നില്‍!

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തുടക്കത്തില്‍ ശക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ട്. ആദ്യ ദിനം ഇന്ത്യന്‍ ബൗളര്‍മാരുടേതായിരുന്നുവെന്ന് യാതൊരു ശങ്കയുമില്ലാതെ പറയാനാകും. ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ നായകന്‍ ജോ റൂട്ട് ഒഴികെ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ല. കളിക്കിടെ രസകരമായ നിമിഷങ്ങളും അരങ്ങേറിയിരുന്നു. അതേക്കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും ശാര്‍ദുല്‍ ഠാക്കൂറും.

ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കിയതിനെക്കുറിച്ചാണ് ഷമിയും ശാര്‍ദുലും മനസ് തുറന്നത്. കളിയുടെ ആദ്യ ദിനം തന്നെ ബെയര്‍‌സ്റ്റോയെ മടക്കി അയക്കാന്‍ ഷമിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ബെയര്‍സ്‌റ്റോ നോട്ട് ഔട്ട് ആണെന്നായിരുന്നു ആദ്യം ഫീല്‍ഡ് അമ്പയര്‍ വിധിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് രണ്ട് പേരും വെളിപ്പെടുത്തിയത്.

റിവ്യു ആവശ്യപ്പെടണമോ എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സഹതാരങ്ങളോട് ചോദിക്കുകയായിരുന്നു. എന്നാല്‍ മിക്ക താരങ്ങളും കരുതിയത് ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിയാണെന്നും ബെയര്‍‌സ്റ്റോ നോട്ട് ഔട്ട് ആണെന്നുമായിരുന്നു. എന്നാല്‍ ഠാക്കൂറും ഷമിയും റിവ്യുവിന് ആവശ്യപ്പെടാന്‍ ഇന്ത്യന്‍ നായകനെ നിര്‍ബന്ധിക്കുകയായിരുന്നു. ബിസിസിഐ ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഇതേക്കുറിച്ച് ഠാക്കൂര്‍ പറയുന്നത് ഇങ്ങനെയാണ്.

''ഞങ്ങള്‍ ആ റിവ്യു എടുത്തപ്പോള്‍, അതിന് പിന്നിലൊരു കഥയുണ്ട്. പന്ത് മിഡില്‍ സ്റ്റമ്പിലേക്ക് പോവുകയായിരുന്നുവെന്ന് ഷമി ഭായ് കോഹ്ലിയോട് പറഞ്ഞിരുന്നു. പക്ഷെ അവിടെയാരു ആശങ്കയുണ്ടായിരുന്നു. ഞാന്‍ മിഡ് ഓണിലായിരുന്നു നിന്നിരുന്നത്. പന്ത് രണ്ട് തവണ പാഡില്‍ കൊണ്ടുവെന്നും ബാറ്റില്‍ കൊണ്ടിട്ട് പാഡില്‍ കൊള്ളുകയായിരുന്നില്ലെന്നും എനിക്ക് ഉറപ്പായിരുന്നു. മറ്റെല്ലാവരും റിവ്യു വേണ്ടെന്നായിരുന്നു വിരാടിനോട് പറഞ്ഞത്. പക്ഷെ കുറഞ്ഞത് രണ്ട് പേരെങ്കിലും ഔട്ടാണെന്ന് പറയണമെന്നായി വിരാട്. ഇതോടെ ഞാനും ഷമിയും ഔട്ടാണെന്ന് പറഞ്ഞു. അങ്ങനെ റിവ്യു എടുത്തു. ഇന്ത്യയ്ക്ക് അത് വലിയ വിക്കറ്റായിരുന്നു. അവിടെയായിരുന്നു അവരുടെ തകര്‍ച്ച ശരിക്കും തുടങ്ങിയത്''.

ഇന്ത്യന്‍ ബൗളര്‍മാരില്‍ നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയായിരുന്നു താരം. എന്നാല്‍ മുഹമ്മദ് ഷമിയും ശാര്‍ദുല്‍ ഠാക്കൂറും ചേര്‍ന്ന് അഞ്ച് ഇംഗ്ലീഷ് ബാറ്റര്‍മാരെ കൂടാരം കയറ്റി ടീമിന് നിര്‍ണായകമായ ബ്രേക്ക് ത്രൂകള്‍ നല്‍കുകയും ചെയ്തു. തുടക്കത്തില്‍ ഷമിയ്ക്ക് ഭാഗ്യക്കേട് ശല്യമായി മാറിയെങ്കിലും പിന്നീട് ശക്തമായി തന്നെ ഷമി തിരികെ വന്നു. മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകളാണ് ഷമി എടുത്തത്. ജോ റൂട്ടിന്റെ നിര്‍ണായമായ വിക്കറ്റായിരുന്നു ഷാര്‍ദുല്‍ എടുത്തത്. പിന്നാലെ ഓള്‍റൗണ്ടര്‍ ഓലി റോബിന്‍സണിനേയും പുറത്താക്കി ഠാക്കൂര്‍ ഇന്ത്യയുടെ മേല്‍ക്കൈ ശക്തമാക്കി. അവസാന ഏഴ് വിക്കറ്റുകള്‍ വീഴുന്നതിനിടെ 45 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് കൂട്ടിച്ചേര്‍ക്കാനായത്.

ആദ്യ ഇന്നിംഗ്‌സില്‍ 183 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. 64 റണ്‍സെടുത്ത നായകന്‍ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. മറ്റുള്ളവരെല്ലാം തകര്‍ന്നടിയുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെഎല്‍ രാഹലും ചേര്‍ന്ന ശക്തമായ അടിത്തറ പാകിയിരുന്നു. എന്നാല്‍ 36 റണ്‍സെടുത്ത രോഹിത് പുറത്തായതോടെ ഇന്ത്യയ്ക്ക് ആദ്യത്തെ പ്രഹരമേറ്റു. പിന്നാലെ വന്ന ചേതേശ്വര്‍ പൂജാര നാല് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്.

നായകന്‍ വിരാട് കോഹ്ലി ജെയിംസ് ആന്റേഴ്‌സണിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്ക് ആയി പുറത്തായത്. ഉപനായകന്‍ അജിന്‍ക്യ രഹാനെ അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കാണുകയാണ്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ ഇപ്പോഴും ക്രീസിലുണ്ട്. മഴമൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് എടുത്തിരിക്കുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india in england 2021
Story first published: Thursday, August 5, 2021, 19:46 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X