ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കാനിരിക്കെ ആതിഥേയരായ ഇന്ത്യക്ക് സമ്മര്‍ദ്ദമേറെ. ആദ്യ മത്സരത്തില്‍ 227 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ നിലവില്‍ നാല് മത്സര പരമ്പരയില്‍ 1-0ന് പിന്നിലാണ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയെത്തിയ ശേഷമാണ് നാട്ടില്‍ ഇന്ത്യ നാണംകെട്ടത്. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പര വിരാട് കോലിക്ക് നിര്‍ണ്ണായകമാണെന്നും തോറ്റാല്‍ ക്യാപ്റ്റന്‍സി നഷ്ടമായേക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍.
'ഇന്ത്യ ഇംഗ്ലണ്ട് പരമ്പര തോറ്റാല്‍ അവര്‍ ക്യാപ്റ്റനെ മാറ്റാന്‍ തയ്യാറായേക്കും. കോലിയെ സംബന്ധിച്ച് വലിയ പരമ്പരയാണിത്. ടീമിനെ പരമ്പര നേട്ടത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോലിയുടെ ക്യാപ്റ്റന്‍സി കരിയര്‍ ഇവിടെ അവസാനിക്കാനാണ് സാധ്യത. ബാറ്റിങ്ങില്‍ കോലി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമാണുള്ളത്. ഇന്ത്യക്ക് പരമ്പര നേടാനായില്ലെങ്കില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സിന് രഹാനെ ഏറ്റെടുക്കണം'-ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പനേസര്‍ പറഞ്ഞു.

അവസാന നാല് ടെസ്റ്റും പരാജയപ്പെട്ട ക്യാപ്റ്റന്‍ കോലിക്ക് ജയത്തോടെ തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിച്ചിരുന്നു. കൂടാതെ കോലിക്ക് ബാറ്റിങ്ങിലും പഴയ മികവ് കാട്ടാനാവുന്നില്ല. അവസാന 24 മത്സരത്തില്‍ നിന്നും (എല്ലാ ഫോര്‍മാറ്റിലും) ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഒന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒന്നാം ഇന്നിങ്‌സില്‍ വെറും 11 റണ്‍സ് മാത്രമാണ് നേടിയത്.
പുതിയ ഐസിസി ബാറ്റിങ് റാങ്കിങ്ങില്‍ കോലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികവിനൊത്ത് ഉയരാന്‍ സാധിക്കാത്ത കോലിക്ക് ഇംഗ്ലണ്ട് പരമ്പരയിലെ ഇനിയുള്ള മൂന്ന് മത്സരവും നിര്‍ണ്ണായകമാണ്. ടീമിനെ പരമ്പര നേട്ടത്തിലേക്കെത്തിക്കുന്നത് കൂടാതെ ബാറ്റിങ്ങിലും കോലിക്ക് തിളങ്ങേണ്ടതുണ്ട്.
'കോലി തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലാവും.അവനെ സംബന്ധിച്ച് നിര്‍ണ്ണായക പരമ്പരയാണിത്. രണ്ടാം ടെസ്റ്റിലും തോറ്റാല്‍ കോലി ക്യാപ്റ്റന്‍സി ഒഴിയണം. കാരണം ഇന്ത്യ പരമ്പരയില്‍ 2-0ന് പിന്നിലാവും. ഇതോടെ നായകനെ മാറ്റേണ്ട അവസ്ഥ വരും. ജയമോ സമനിലയോ കോലിക്ക് വേണം. അല്ലെങ്കില്‍ ക്യാപ്റ്റനെന്ന നിലയിലെ അവസാന മത്സരമായേക്കും അത്'-പനേസര്‍ പറഞ്ഞു നിര്‍ത്തി.
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയിലെ ജയം നിര്‍ണ്ണായകമാണ്. അതിനാല്‍ത്തന്നെ കോലിക്ക് അത് സാധിക്കാതെ പോയാല്‍ വലിയ നാണക്കേടാവും. എന്നാല്‍ കോലിയെ ഇന്ത്യ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യത വളരെ കുറവാണ്. കാരണം പകരം നായകനായി കരുതുന്ന രഹാനെ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. കൂടാതെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന കോലിയേക്കാള്‍ ടീമിനെ നയിക്കാന്‍ യോഗ്യനായ മറ്റൊരു താരവും ഇന്ത്യന്‍ നിരയില്‍ നിലവിലില്ല.