അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായാ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രദ്ധേയ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ കാഴ്ചവെച്ചത്. 21കാരനായ താരം പുറത്താവാതെ 96 റണ്‍സാണ് നേടിയത്. മറുവശത്ത് വിക്കറ്റുകള്‍ വീണതോടെയാണ് നാല് റണ്‍സകലെ സുന്ദറിന് കന്നി ടെസ്റ്റ് സെഞ്ച്വറി നഷ്ടമായത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച താരം ലഭിച്ച അവസരത്തെ നന്നായി മുതലാക്കുകയായിരുന്നു.
എട്ടാം നമ്പറിലിറങ്ങി മറ്റൊരു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ നിരവധി റെക്കോഡുകളും സുന്ദറിനെ തേടിയെത്തിയിരിക്കുകയാണ്. 21വയസോ അതില്‍ താഴെയോ പ്രായമുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ളവരുടെ പട്ടികയിലേക്കാണ് സുന്ദറും ഇടം പിടിച്ചത്. സുനില്‍ ഗവാസ്കര്‍,അനില്‍ കുംബ്ലെ,മുഹമ്മദ് അസ്ഹറുദ്ദീന് എന്നിവര്‍ക്ക് താഴെ നാലാം സ്ഥാനത്താണ് സുന്ദറുള്ളത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന് 21വയസുള്ളപ്പോഴുള്ള ടെസ്റ്റ് ശരാശരിയേക്കാള്‍ മികച്ച ശരാശരിയാണ് സുന്ദറിനുള്ളത്. മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്കറാണ് പട്ടികയില്‍ തലപ്പത്ത്. 154.80 ആണ് 21ാം വയസില്‍ ഗവാസ്കറിന്റെ ശരാശരി. ടെസ്റ്റില്‍ ആദ്യമായി 10,000 റണ്‍സ് നേടിയ താരമാണ് ഗവാസ്കര്‍. ഇന്ത്യക്കായി 125 ടെസ്്്റ്റില് നിന്ന് 51.12 ശരാശരിയില്‍ 10122 റണ്‍സാണ് സുനില്‍ ഗവാസ്കര്‍ നേടിയത്.
പട്ടികയിലെ രണ്ടാം സ്ഥാനക്കാരന് വിനോദ് കാംബ്ലിയാണ്. 113.28 ആണ് കാംബ്ലിയുടെ 21ാം വയസിലെ ബാറ്റിങ് ശരാശരി. ഇന്ത്യക്കായി 17 ടെസ്റ്റ് മാത്രം കളിച്ച താരം 54.2 ശരാശരിയില്‍ 1084 റണ്‍സാണ് നേടിയത്. ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടാണ് വിനോദ് കാംബ്ലിയുടെ കരിയര്‍ അവസാനിച്ചത്. സച്ചിന് ടെണ്ടുല്‍ക്കറെപ്പോലെ ഇതിഹാസമായി മാറേണ്ട താരമായിരുന്നു വിനോദ് കാംബ്ലി.
മുന്‍ ഇന്ത്യന്‍ നായകന് മുഹമ്മദ് അസ്ഹറുദ്ദീനാണ് പട്ടികയിലെ മൂന്നാമന്. 109.75ആണ് 21ാം വയസിലെ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ഒത്തുകളി വിവാദത്തില്‍പെട്ട് കരിയര്‍ അവസാനിച്ച അസ്ഹറുദ്ദീന് 99 ടെസ്റ്റില്‍ നിന്ന് 45.4 ശരാശരിയില്‍ 6215 റണ്‍സാണ് ഇന്ത്യക്കായി നേടിയത്. വാഷിങ്ടണ്‍ സുന്ദര്‍ നാല് ടെസ്റ്റില്‍ നിന്ന് നേടിയത് 66.25 ശരാശരിയില്‍ 265 റണ്‍സാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ 21 വയസിനുള്ളിലെ ശരാശരി 52.71 ആയിരുന്നു. 200 ടെസ്റ്റ് കളിച്ച സച്ചിന് 53.79 ശരാശരിയില്‍ 15921 റണ്‍സാണ് ടെസ്റ്റ് കരിയറില്‍ നേടിയത്.