ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ. 300 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലാണ് ഇഷാന്ത് തന്റെ പേര് ചേര്‍ത്തത്. പരിമിത ഓവര്‍ ടീമില്‍ സ്ഥാനം ഇല്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യയുടെ പേസ് നിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ഇഷാന്ത് ശര്‍മ. ടെസ്റ്റില്‍ ഇന്ത്യക്കായി 300 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ പേസ് ബൗളറും ആറാമത്തെ ഇന്ത്യന്‍ ബൗളറുമാണ് ഇഷാന്ത്. അനില്‍ കുംബ്ലെ, കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍, സഹീര്‍ ഖാന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
വിദേശ മൈതാനങ്ങളിലെ ഇന്ത്യയുടെ പ്രധാന പേസര്‍ ഇഷാന്താണ്. റിക്കി പോണ്ടിങ്ങിനെയടക്കം വിറപ്പിച്ചിട്ടുള്ള ഇഷാന്തിന്റെ അഭിമാന നേട്ടത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷ്മീപതി ബാലാജി. 'ഇഷാന്തിന് അഭിനന്ദനങ്ങള്‍. ഇന്ത്യയില്‍ നിന്ന് 300 ടെസ്റ്റ് വിക്കറ്റും 100 ടെസ്റ്റ് മത്സരങ്ങളും ഒരു ഫാസ്റ്റ് ബൗളര്‍ കളിക്കുകയെന്നത് വളരെ അപൂര്‍വമാണ്. നിലവിലെ ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്ന് വളരെ ഉയരങ്ങള്‍ കീഴടക്കിയവരില്‍ ഒരാളാണ് ഇഷാന്ത്. അവനെ സംബന്ധിച്ച് വലിയ നേട്ടമാണിത്. പ്രത്യേകിച്ചും ടെസ്റ്റില്‍ 15 വര്‍ഷത്തോളം തുടര്‍ന്ന് ഇത്തരമൊരു നേട്ടം സ്വന്തമാക്കുകയെന്നത് എളുപ്പമല്ല'-ബാലാജി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഇത്തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കാന്‍ ഇഷാന്ത് ഇന്ത്യന്‍ നിരയിലില്ലായിരുന്നു. പരിക്കിനെത്തുടര്‍ന്ന് പുറത്തിരിക്കേണ്ടി വന്ന താരം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് രണ്ടാം ഇന്നിങ്‌സില്‍ ഡാന്‍ ലൗറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് 300 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചത്.
ഇന്ത്യന്‍ മൈതാനത്ത് ഇത്രയും ദീര്‍ഘ നാള്‍ ഒരു ഫാസ്റ്റ് ബൗളര്‍ ടീമിന്റെ ഭാഗമാവുക എളുപ്പമല്ലെന്നും ബാലാജി അഭിപ്രായപ്പെട്ടു. 'ഒരു ഫാസ്റ്റ് ബൗളര്‍ക്ക് വളരെ പ്രയാസമുള്ള കാര്യമാണത്. നിലവിലെ സാഹചര്യത്തില്‍ ഫ്‌ളാറ്റ് പിച്ചുകളാണ് ഉപ ഭൂഖണ്ഡങ്ങളില്‍ കൂടുതലായുള്ളത്. ഇവിടെയെല്ലാം പേസര്‍മാര്‍ക്കാണ് കൂടുതല്‍ ആധിപത്യം. ഇഷാന്ത് കളിച്ച അവസാന 20-25 ടെസ്റ്റ് നോക്കുക. സ്പിന്നര്‍മാര്‍ ആധിപത്യം കാട്ടിയിരുന്നിടത്തുനിന്നാണ് അവന്‍ കൂടുതല്‍ വിക്കറ്റുമായി തിളങ്ങിയത്. ഉപ ഭൂഖണ്ഡങ്ങളില്‍ പ്രധാനമായും ഒന്നാം ഇന്നിങ്‌സില്‍ മാത്രമാണ് പേസര്‍മാര്‍ക്ക് പ്രധാന്യം ലഭിക്കാറ്'-ബാലാജി കൂട്ടിച്ചേര്‍ത്തു.