ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായിത്തന്നെയാണ് കളത്തിലിറങ്ങിയത്. ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും ആദ്യ ഇന്നിങ്‌സില്‍ നേരത്തെ തന്നെ കരുത്ത് കാട്ടിയതോടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ആദ്യ ഇന്നിങ്‌സില്‍ വേണ്ടത്ര അവസരം ലഭിച്ചില്ല. രണ്ടാം ഇന്നിങ്‌സിന്റെ ആദ്യ സെക്ഷനില്‍ അശ്വിനെയും അക്ഷറിനെയും കോലി കൂടുതല്‍ ആശ്രയിച്ചപ്പോള്‍ കുല്‍ദീപിന് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു.
ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടും കുല്‍ദീപ് വിക്കറ്റ് നേട്ടം ആഘോഷിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെ പുറത്താക്കിയാണ് കുല്‍ദീപ് തന്റെ ടെസ്റ്റ് വിക്കറ്റ് കാത്തിരിപ്പിന് അവസാനം കുറിച്ചത്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കുല്‍ദീപ് ഒരു ടെസ്റ്റ് വിക്കറ്റ് നേടുന്നത്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലുള്‍പ്പെടെ കുല്‍ദീപ് ഇന്ത്യന്‍ നിരയിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലും കുല്‍ദീപിനെ പുറത്തിരുത്തിയതോടെ വ്യാപക വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നിരുന്നു. എന്തായാലും രണ്ടാം ടെസ്റ്റില്‍ ഷഹബാസ് നദീമിന് പകരം കുല്‍ദീപിന് അവസരം ലഭിക്കുകയായിരുന്നു.

ജോ റൂട്ടിന്റെ വിക്കറ്റ് കുല്‍ദീപിന് ലഭിക്കേണ്ടതായിരുന്നെങ്കിലും മുഹമ്മദ് സിറാജ് ക്യാച്ച് പാഴാക്കി. കുല്‍ദീപിനെ റിവേഴ്‌സ് സ്വീപ് ചെയ്ത റൂട്ടിന് പിഴച്ചു. എഡ്ജില്‍ തട്ടി ഉയര്‍ന്ന പന്ത് ഓഫ് സൈഡില്‍ അനായാസ ക്യാച്ചായിരുന്നെങ്കിലും കൈപ്പിടിയിലൊതുക്കാന്‍ സിറാജിന് സാധിച്ചില്ല. ആ ക്യാച്ച് സിറാജിന് എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ റൂട്ടിനെ പുറത്താക്കി കുല്‍ദീപിന് തിരിച്ചുവരവ് അല്‍പ്പം കൂടി ഗംഭീരമാക്കാമായിരുന്നു.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിന് തൊട്ടരികിലാണ്. മൂന്ന് വിക്കറ്റ് അകലെ ഇന്ത്യക്ക് വിജയം സ്വന്തമാക്കാം. ഇന്ത്യ മുന്നോട്ടുവെച്ച 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 116 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. ഒന്നര ദിവസം ഇനിയും ഇംഗ്ലണ്ടിന് മുന്നിലുണ്ടെങ്കിലും മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാന്‍ 366 റണ്‍സ് കൂടി വേണം.
ആര്‍ അശ്വിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഒരു മത്സരത്തില്‍ സെഞ്ച്വറിയും 10 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡിലെത്താന്‍ അശ്വിനാവും. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ ഇതിനോടകം നേടിയ അശ്വിന് രണ്ട് വിക്കറ്റുകള്‍ കൂടി നേടാനായാല്‍ ചരിത്ര നേട്ടം സ്വന്തം പേരിലാക്കാം.