
2019 ഏപ്രില്‍ നാലിന് ശേഷം ഇതാദ്യം
2019 ഏപ്രില്‍ നാലിന് ശേഷം ഇതാദ്യമായാണ് ഒരു ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം മത്സരത്തിലെ ജയത്തിന് മുമ്പ് നാല് ഏകദിന പരമ്പരകളിലെ ആദ്യ മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെ 66 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. സമീപകാലത്തായി ആദ്യ മത്സരങ്ങള്‍ തോറ്റ് തുടങ്ങിയ ശേഷം ശക്തമായി ഇന്ത്യ മടങ്ങിവന്നിരുന്നു.

അരങ്ങേറ്റത്തില്‍ ക്രുണാല്‍ കുറിച്ച റെക്കോഡുകള്‍
26 പന്തുകളില്‍ അര്‍ധ സെഞ്ച്വറി തികച്ച ക്രുണാല്‍ അരങ്ങേറ്റ താരത്തിന്റെ ഏകദിനത്തിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തം പേരിലാക്കി. 31 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സുമടക്കം 58 റണ്‍സുമായി ക്രുണാല്‍ പുറത്താവാതെ നിന്നു. ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യന്‍ അരങ്ങേറ്റ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. ഏഴാം നമ്പറില്‍ അരങ്ങേറി അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് ക്രുണാല്‍. 187.07 ആയിരുന്നു ക്രുണാലിന്റെ സ്‌ട്രൈക്കറേറ്റ്. അരങ്ങേറ്റ മത്സരത്തില്‍ 50 റണ്‍സെങ്കിലും നേടിയ താരങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്കറേറ്റാണിത്.

വരവറിയിച്ച് പ്രസിദ്ധ് കൃഷ്ണ
അരങ്ങേറ്റ മത്സരത്തില്‍ 54 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് കര്‍ണാടകക്കാരനായ പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയത്. ഇന്ത്യക്കായി ഏകദിന അരങ്ങേറ്റത്തില്‍ നടത്തുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഇതിന് മുമ്പ് എട്ട് താരങ്ങള്‍ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. കേരള പേസര്‍ ടിനു യോഹന്നാന്‍ ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു.

കോലിക്കും റെക്കോഡ്
വിമര്‍ശകരുടെ വായടപ്പിച്ച് കോലി മിന്നും ഫോം തുടരുകയാണ്. 60 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെ 56 റണ്‍സാണ് കോലി നേടിയത്. ഇത് 104ാം തവണയാണ് കോലി 50ലധികം റണ്‍സ് നേടുന്നത്. 103 തവണ 50ലധികം റണ്‍സ് നേടിയ ജാക്‌സ് കാലിസിനെ മറികടക്കാന്‍ കോലിക്കായി. കൂടാതെ നാട്ടില്‍ 10000 റണ്‍സെന്ന നാഴികക്കല്ലും പിന്നിടാന്‍ കോലിക്ക് സാധിച്ചു.

നിരാശയിലും ധവാന്‍ നേട്ടം
രണ്ട് റണ്‍സകലെ സെഞ്ച്വറി നഷ്ടമായ ശിഖര്‍ ധവാന്‍ ഇത് അഞ്ചാം തവണയാണ് 90നും 100നും ഇടയില്‍ പുറത്താവുന്നത്. ഓപ്പണര്‍മാരില്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ധവാനെത്തി. ഇത് 48ാം തവണയാണ് ധവാന്‍ 50ലധികം റണ്‍സ് നേടുന്നത്. ഇതോടെ വീരേന്ദര്‍ സെവാഗിന്റെ റെക്കോഡിനൊപ്പമെത്താനും ശിഖര്‍ ധവാനായി.


Click it and Unblock the Notifications