ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരു ടീമിനെയും മടുപ്പിച്ചത് പിച്ചിന്റെ ശോചനീയാവസ്ഥയായിരുന്നു. ഒരു അന്താരാഷ്ട്ര മത്സരത്തിന് വേണ്ട പല പ്രധാന കാര്യങ്ങളിലും പിഴവ് സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ചെന്നൈയില്‍ കണ്ടത്. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ പിച്ച് പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് തന്നെ പറയാം.
ബാറ്റ്‌സ്മാന്‍ നില്‍ക്കുന്ന ക്രീസിന് മുന്നില്‍ പൊടി പറന്നു കളിക്കുന്നു. പന്ത് കുത്തി എത്തുമ്പോള്‍ പൊടി കാരണം ബാറ്റ്‌സ്മാന് പന്ത് കാണാന്‍ പറ്റാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചെന്നൈ പിച്ച് താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശമെന്നാണ് ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ അഭിപ്രായപ്പെട്ടത്. മത്സരത്തില്‍ ഇംഗ്ലണ്ട് വമ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും മോശം പിച്ച് ഇംഗ്ലണ്ട് താരങ്ങളുടെയും മനസ് മടുപ്പിച്ചുവെന്ന് ആര്‍ച്ചറുടെ വാക്കുകളില്‍ നിന്ന് വ്യക്തം.
'അഞ്ചാം ദിനത്തിലേക്കെത്തിയപ്പോള്‍ ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം പ്രതലമായി ചെന്നൈയിലേത് മാറിയിരുന്നു. ഓറഞ്ച് നിറം,പൊടി പാറുന്നു, ബൗളര്‍ക്ക് ലക്ഷ്യം കണ്ടെത്താന്‍ വളരെ പ്രയാസം. അഞ്ചാം ദിനം ഒമ്പത് വിക്കറ്റ് ലക്ഷ്യവുമായാണ് ഞങ്ങള്‍ ഇറങ്ങിയത്. ആ ലക്ഷ്യം പൂര്‍ത്തിയാക്കാനാവുമെന്ന വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇന്ത്യയിലെ സാഹചര്യം ഇന്ത്യക്കാരേക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ല. എങ്കിലും ഉച്ചക്ക് ശേഷമുള്ള വെള്ളംകുടിക്ക് ശേഷം ഇത്രയും വേഗം ഇന്ത്യയെ പുറത്താക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല'-ആര്‍ച്ചര്‍ പറഞ്ഞു.
ചെന്നൈയില്‍ പൊതുവേ സ്പിന്‍ ബൗളിങ്ങിന് അനുകൂലമാണ് മൈതാനം. എന്നാല്‍ ഒന്നാം ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനവും സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനായില്ല. ടോസ് അനുകൂലമായത് ഇംഗ്ലണ്ടിന് നിര്‍ണ്ണായകമായി. സ്പിന്‍ ബൗളര്‍മാര്‍ക്ക് പ്രതീക്ഷിച്ച ടേണ്‍ ലഭിക്കാതെ വന്നതോടെ ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ വലിയ സ്‌കോര്‍ അടിച്ചെടുക്കാന്‍ ഇംഗ്ലണ്ടിനായി.

മറുപടിക്ക് ഇന്ത്യ ഇറങ്ങിയപ്പോഴേക്കും പിച്ചിന്റെ സ്വഭാവം മാറിയിരുന്നു. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി പിച്ച് മാറിയതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കാലിടറി. ഇന്ത്യയില്‍ നടക്കുന്ന മത്സരമായതിനാല്‍ മികച്ച പിച്ചൊരുക്കേണ്ട ഉത്തരവാദിത്തം ബിസിസി ഐക്കുണ്ട്. എന്നാല്‍ അതിന് സാധിക്കാതെ പോയതാണ് ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണമായി മാറിയത്.
ഇന്ത്യക്കെതിരായ ജയം ഏറ്റവും വിലപ്പെട്ടതാണെന്നും ആര്‍ച്ചര്‍ പറഞ്ഞു. 'ലോകത്തിലെ വിവിധ ഇടങ്ങളില്‍ ടൂര്‍ണമെന്റ് കളിച്ചിട്ടുണ്ട്. വിജയങ്ങളും നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെപ്പോലെ മികച്ചൊരു ടീമിനെതിരേ ടെസ്റ്റ് ജയിക്കുകയെന്നത് മനോഹരമായ അനുഭവമാണ്. അതിനെ താരതമ്യപ്പെടുത്താനാവില്ല'-ആര്‍ച്ചര്‍ പറഞ്ഞു. മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ആര്‍ച്ചര്‍ രണ്ടാം ടെസ്്റ്റിലും ഇംഗ്ലണ്ട് നിരയിലുണ്ടാവും.
രണ്ടാം ടെസ്റ്റും ചെന്നൈയിലാണ് നടക്കുന്നത്. അതിനാല്‍ പിച്ചില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. ആദ്യ ടെസ്റ്റിലെ സമാന രീതിയാണ് പിച്ചിന്റേതെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ടോസ് ഭാഗ്യം ലഭിക്കാത്ത ടീമിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും. ഒട്ടുമിക്ക താരങ്ങളും മോശം പിച്ചിനെതിരേ ആക്ഷേപം ഉന്നയിച്ച് കഴിഞ്ഞു.