അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഏറ്റവും കൈയടി നേടിയത് ഇന്ത്യയുടെ അരങ്ങേറ്റ ഓപ്പണര്‍ ഇഷാന്‍ കിഷനാണ്. ശിഖര്‍ ധവാന് പകരക്കാരനായി ഓപ്പണിങ്ങിലേക്കെത്തിയ കിഷന്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഗംഭീര അര്‍ധ സെഞ്ച്വറിയാണ് നേടിയത്. 32 പന്തുകള്‍ നേരിട്ട് 5 ഫോറും നാല് വമ്പന്‍ സിക്‌സും താരം പറത്തി. കളിയിലെ താരമായതും ഇഷാനാണ്. ഇംഗ്ലണ്ടിനെ കരുത്തുറ്റ ബൗളിങ് നിരയെ വളരെ അനായാസമായാണ് ഇഷാന്‍ നേരിട്ടത്. ഇപ്പോള്‍ ആ പ്രകടനത്തിന്റെ രഹസ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
'മുംബൈ ഇന്ത്യന്‍സിനൊപ്പം നെറ്റ്‌സില്‍ നടത്തിയ പരിശീലനങ്ങള്‍ തീര്‍ച്ചയായും എന്നെ സഹായിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നവരെ നെറ്റ്‌സില്‍ വമ്പന്‍ ഷോട്ട് കളിക്കാന്‍ സാധിച്ചത് ആത്മവിശ്വാസം ഉയര്‍ത്തി. അതാണ് അന്താരാഷ്ട്ര മത്സരത്തിലും ഫാസ്റ്റ് ബൗളര്‍മാരെ നേരിടാമെന്ന ആത്മവിശ്വാസം എനിക്ക് തന്നത്. കൂടാതെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്‌സില്‍ ട്രന്റ് ബോള്‍ട്ട്,ജെയിംസ് പാറ്റിന്‍സന്‍,നതാന്‍ കോള്‍ട്ടര്‍നെയ്ല്‍ തുടങ്ങിയ അന്താരാഷ്ട്ര ബൗളര്‍മാരെ നേരിടാന്‍ സാധിച്ചത് മികച്ച പേസിനെയും സ്വിങ്ങിനെയും നന്നായി കളിക്കാന്‍ സഹായിച്ചു'-ഇഷാന്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ നിന്ന് ടീമിന്റെ പദ്ധതികളില്‍ വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ പദ്ധതികള്‍ നന്നായി നടപ്പാക്കാനായി. മത്സരത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ വിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്യുക എന്നത് അല്‍പ്പം കൂടി എളുപ്പമുള്ള കാര്യമാണ്. ഏതൊക്കെ ബൗളര്‍മാരെ ലക്ഷ്യം വെക്കണമെന്ന് പദ്ധതിയുണ്ടായിരുന്നു.ആ പദ്ധതികള്‍ ഇത്തവണ നന്നായി നടത്താനായെന്നും ഇഷാന്‍ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിനൊപ്പം കളിച്ച് വളര്‍ന്ന ഇഷാന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് മികവുണ്ട്. അവസാന സീസണില്‍ മുംബൈക്കുവേണ്ടി ഓപ്പണറായും മധ്യനിരയിലും താരം കളിച്ചിരുന്നു. ആക്രമിച്ച് കളിക്കുന്ന ഇഷാന്‍ ആദില്‍ റഷീദ്,ടോം കറാന്‍ എന്നിവരെയാണ് കൂടുതല്‍ ആക്രമിച്ചത്.
ഇത്തവണത്തെ ഐപിഎല്ലിലും മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ഇഷാന്‍. സ്ഥിരതയോടെ തിളങ്ങാനായാല്‍ ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും ഇഷാനെ പരിഗണിച്ചേക്കും. റിഷഭ് പന്തിന് സ്ഥിരത പുലര്‍ത്താനായില്ലെങ്കില്‍ തല്‍സ്ഥാനത്തേക്ക് ഇഷാന്‍ എത്താനുള്ള സാധ്യത കൂടുതലാണ്. പ്രതിഭാശാലികളുടെ നീണ്ട നിര തന്നെ ഇന്ത്യക്കൊപ്പമുണ്ട്.