IND vs ENG: കോലിയും രോഹിതും ഇല്ലെങ്കിലും പ്രശ്‌നമില്ലേ? അനുഭവ സമ്പത്തുള്ള വേറെയും താരങ്ങളുണ്ടെന്ന് ഗിൽ! മറുപടി
ഇന്ത്യയുടെ നിർണായകമായ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കാൻ ഇനി രണ്ട് ആഴ്‌ചകൾ കൂടിയേ ശേഷിക്കുന്നുള്ളൂ. സാധാരണഗതിയിൽ ടെസ്‌റ്റ് പരമ്പരകൾ തുടങ്ങുന്നത് പോലെയുള്ള സാഹചര്യമല്ല ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് മുൻപിലുള്ളത്. അനിവാര്യമായ തലമുറ കൈമാറ്റത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. കോലിയും രോഹിതും വിടവാങ്ങിയതോടെ ദൈർഘ്യമേറിയ ഫോർമാറ്റിൽ ഇന്ത്യക്ക് വെല്ലുവിളികൾ ഏറെയാണ്.
അപ്രതീക്ഷിതമായാണ് ഇരു താരങ്ങളും ഐപിഎല്ലിനിടെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. ബിസിസിഐയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇതിന് വഴിയൊരുക്കി എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ആദ്യം നായകൻ കൂടിയായ രോഹിതാണ് വിരമിക്കൽ പ്രഖ്യാപിച്ചതെങ്കിൽ പിന്നാലെ കോലിയും ടെസ്‌റ്റിൽ നിന്ന് പടിയിറങ്ങുകയായിരുന്നു. വരാനിരിക്കുന്ന പരമ്പരകളിൽ ഇരുവരുടെയും അഭാവം കനത്ത വെല്ലുവിളിയാണ്.

വിദേശമണ്ണിൽ ഇരുവരുടെയും പരിചയസമ്പന്നത വലിയ മുതൽകൂട്ട് തന്നെയായിരുന്നു. ഇതോടെയാണ് ഇന്ത്യൻ ടീം കൂടുതൽ കരുതലോടെ നീങ്ങുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ അറിയാവുന്ന ചുരുക്കം താരങ്ങൾ മാത്രമേ സ്‌ക്വാഡിൽ ഉള്ളൂവെന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. അവിടെയാണ് കോലിയുടെയും രോഹിതിന്റെയും അഭാവം വലിയ ചർച്ചയാവുന്നത്. എന്നാൽ നിയുക്ത ഇന്ത്യൻ ക്യാപ്റ്റൻ ഗില്ലിന് ഇക്കാര്യത്തിൽ ആത്മവിശ്വാസ കുറവ് ഒന്നും തന്നെയില്ല എന്നതാണ് ആശ്വാസം.
കോലിയുടെയും രോഹിതിന്റെയും അഭാവത്തെ കുറിച്ച് ഗിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് നായകൻ ഗിൽ പ്രതികരിച്ചത്. കോലിയും രോഹിതും അനുഭവ സമ്പത്തുള്ള മികച്ച താരങ്ങളാണ് എന്ന് സമ്മതിക്കുമ്പോൾ തന്നെ തന്റെ ടീമിൽ ഗിൽ പൂർണവിശ്വാസം പ്രകടിപ്പിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന്.
കോലിക്കും രോഹിതിനും പകരമാര്?
വിരാട് കോലിയും രോഹിത് ശർമ്മയും വിരമിച്ചതോടെ ടീമിൽ അധിക സമ്മർദ്ദം ഉണ്ടാകില്ലെന്നും അവർക്ക് പകരക്കാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഗിൽ പറയുന്നു. എന്നാൽ അവരുടെ അഭാവം നേരിടാനുള്ള പരിചയസമ്പത്ത് ടീമിനുണ്ടെന്നും നായകൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോലി, രോഹിത് വിടവാങ്ങൽ ടീമിനെ ബാധിക്കില്ലെന്ന പരോക്ഷമായ സൂചനയാണ് ഗിൽ ഇതിലൂടെ നൽകിയത് എന്നാണ് വിലയിരുത്തൽ.
'എല്ലാ മത്സരങ്ങളിലും കളിക്കുമ്പോഴും ഒരു പര്യടനംആരംഭിക്കുമ്പോഴും സമ്മർദ്ദമുണ്ടാകുമെന്ന് ഞാൻ കരുതുന്നു. പക്ഷേ അധിക സമ്മർദ്ദമൊന്നും ഉണ്ടാകില്ല. രോഹിതും വിരാടും വളരെ പരിചയസമ്പന്നരായ കളിക്കാരാണ്, അവരുടെ അഭാവം നികത്തുക വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് ധാരാളം അനുഭവപരിചയമുണ്ട്, ഞങ്ങൾ ധാരാളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്' ഗിൽ പറയുന്നു.
തങ്ങൾക്ക് മുന്നിൽ ആവശ്യത്തിന് സമയമുണ്ടെന്നും ഗിൽ പറയുകയുണ്ടായി. ഞങ്ങൾക്ക് ഇനിയും കുറച്ച് സമയമുണ്ട്, ഞങ്ങൾ ലണ്ടനിൽ ഒരു ഇൻട്രാ-സ്ക്വാഡ് മത്സരം കളിക്കും, 10 ദിവസത്തെ ക്യാമ്പും ഉണ്ടായിരിക്കും. അവിടെ എത്തിക്കഴിഞ്ഞാൽ ബാറ്റിംഗ് ഓർഡർ തീരുമാനിക്കും; എന്നാണ് ഗിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
അതേസമയം, ജൂൺ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ നേരിടുന്നതോടെയാണ് 2025-27 ലെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് തുടക്കമാവുക. കഴിഞ്ഞ തവണ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ ഇന്ത്യയ്ക്ക് ഫൈനൽ പ്രവേശനം സാധ്യമായിരുന്നില്ല. ഇക്കുറി അത് നികത്താനാണ് ടീം ശ്രമം.
കോലിയും രോഹിതും പോയതോടെ രണ്ട് നിർണായക സ്പോട്ടുകളിൽ പുതിയ ആളുകളെ ഇന്ത്യക്ക് കണ്ടത്തേണ്ടി വരും, അതിലൊന്ന് രോഹിത് കൈകാര്യം ചെയ്‌തിരുന്ന ഓപ്പണിംഗ് സ്പോട്ടാണ്. അവിടെ ആരാവും ജയ്‌സ്വാളിനൊപ്പം കളിക്കുക എന്ന കാര്യത്തിൽ ഇതുവരെയും ധാരണ ആയിട്ടില്ല. കോലിയുടെ നാലാം നമ്പറിൽ ഗിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ സ്ഥിരീകരണമായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications