Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോറ്റപ്പോൾ എല്ലാം ഗംഭീറിന്റെ തലയിൽ, ജയിച്ചപ്പോൾ ഗിൽ യുഗം!! ഇതെന്ത് ന്യായം? ചോദ്യവുമായി ബിസ്ല

ഇന്ത്യയുടെ യുവനിര തകർത്താടിയ മത്സരമായിരുന്നു എഡ്‌ജ്‌ബാസ്‌റ്റണിൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നടന്നത്. ആദ്യ ടെസ്‌റ്റിൽ അവസാന നിമിഷത്തെ അബദ്ധത്തിൽ തോൽവി വഴങ്ങേണ്ടി വന്ന ഇന്ത്യൻ ടീമിനും പരിശീലകൻ ഗൗതം ഗംഭീറിനും രണ്ടാം മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ ഉത്തരവാദിത്തം കാട്ടിയ ഗിൽ ഇന്ത്യൻ ടീമിന്റെ ഭാവി സുരക്ഷിതമാണെന്ന് വരച്ചുകാട്ടിയ മത്സരം കൂടിയായിരുന്നു ഇത്.

എന്നാൽ ആദ്യ മത്സരത്തിലെ വമ്പൻ തോൽവിയിൽ താരതമ്യേന പരിചയ സമ്പത്ത് കുറഞ്ഞ, നായകനായി ആദ്യ മത്സരം കളിക്കുന്ന ഗില്ലിനെ ആരും കുറ്റപ്പെടുത്തിയിരുന്നില്ല. പകരം എല്ലാ പഴിയും കേൾക്കേണ്ടി വന്നത് ഗൗതം ഗംഭീറിനായിരുന്നു. കോച്ചിന്റെ തലയെടുക്കാൻ ആരാധകരും വിമർശകരും മത്സരിച്ചപ്പോൾ ഗംഭീറിന് നല്ല നാളുകളായിരുന്നില്ല കഴിഞ്ഞത്. എന്നാൽ രണ്ടാം ടെസ്‌റ്റിൽ യുവനിരയേയും കൊണ്ട് വിജയത്തിലേക്ക് കുതിച്ച ഗംഭീറിനെ ബോധപൂർവം പലരും തിരസ്‌കരിക്കുകയാണ് എന്നാണ് ചിലരുടെ ആക്ഷേപം.

gautamgambhir

ഇപ്പോഴിതാ അത് ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്ന വാക്കുകളുമായി രംഗത്ത് വന്നിരിക്കുകയാണ് കെകെആർ മുൻ താരം കൂടിയായ മൻവീന്ദർ ബിസ്ല. ജയിച്ചപ്പോൾ ഗില്ലിനെ എല്ലാവരും പുകഴ്ത്തുകയും ഗംഭീറിനെ ബോധപൂർവം മറക്കുകയും ചെയ്യുകയാണ് എന്നാണ് താരത്തിന്റെ ആരോപണം. തോറ്റാൽ എല്ലാ കുറ്റവും ഗംഭീറിന് ആയിരിക്കുമെന്നും അദ്ദേഹം എക്‌സ് പോസ്‌റ്റിൽ കുറിച്ചു. ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെയാണ് ഗംഭീറിനെ പിന്തുണച്ച് കൊണ്ട് ബിസ്ല രംഗത്ത് വന്നിരിക്കുന്നത്.

ആദ്യ ടെസ്‌റ്റിലെ തോൽവിക്ക് ഗംഭീറിനെ കുറ്റപ്പെടുത്തിയതിനും രണ്ടാം മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് നൽകാത്തതിനും സോഷ്യൽ മീഡിയ ഉപഭോക്താക്കളെയാണ് ബിസ്ല രൂക്ഷമായി വിമർശിച്ചത്. 'ടെസ്‌റ്റിന് മുമ്പ്: ഗൗതം ഗംഭീർ ടീം ഇലവനെ കുഴപ്പത്തിലാക്കി. വിജയത്തിനുശേഷം: ഗിൽ യുഗം ആരംഭിക്കുന്നു. സ്കോർ കാർഡിനേക്കാൾ വേഗത്തിൽ ആഖ്യാനങ്ങൾ മാറുകയാണ്'; ബിസ്ല പോസ്‌റ്റിൽ പറയുന്നു.

ഇരുവരും വിജയത്തിൽ ഒരുപോലെ പങ്കുവഹിച്ച ആളുകൾ ആണെന്നും എങ്കിലും ഇപ്പോഴത്തെ വിജയം ടീമിന് ഒന്നാകെ അവകാശപ്പെട്ടത് ആണെന്നും ബിസ്ല ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ സമാനമായി പലരും അഭിപ്രായം പങ്കുവച്ചിരുന്നു. ടീം തോൽക്കുമ്പോൾ എല്ലാം ഗംഭീറിന്റെ തലയിൽ ഇടുകയാണെന്നും ജയിക്കുമ്പോൾ അത് പക്ഷേ അദ്ദേഹത്തിന്റെ കഴിവ് കൊണ്ടല്ല എന്ന രീതിയിലാണ് പ്രചാരണമെന്നും ആക്ഷേപമുണ്ട്.

ടെസ്‌റ്റ് ചരിത്രത്തിൽ ആദ്യമായി ഈ വേദിയിൽ ഇംഗ്ലണ്ടിനെ 336 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒടുവിൽ എഡ്‌ജ്‌ബാസ്‌റ്റൺ കോട്ട കടക്കുകയായിരുന്നു. ഇതിനുമുമ്പ് എട്ട് ശ്രമങ്ങളിൽ, ഇന്ത്യക്ക് ഒരിക്കലും ഇംഗ്ലണ്ടിനെ ആ വേദിയിൽ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ആകെ 7 തോൽവികളും ഒരു സമനിലയും മാത്രമായിരുന്നു ഇന്ത്യയുടെ റെക്കോർഡ്. അവിടെയാണ് സന്തുലിതമായ പ്രകടനത്തിലൂടെ ടീം മികച്ച ജയം സ്വന്തമാക്കിയത്.

58 വർഷങ്ങൾക്ക് ശേഷം എഡ്‌ജ്‌ബാസ്‌റ്റണിൽ ഇന്ത്യയുടെ ആദ്യ വിജയമാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയുടെ പുതിയ ടെസ്‌റ്റ് ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മാൻ ഗില്ലിന്റെ ആദ്യ വിജയമാണ് ഈ മത്സരത്തിലൂടെ കുറിച്ചത്. മത്സരത്തിൽ ആകെ 430 റൺസ് നേടിയതോടെ അദ്ദേഹം പ്ലെയർ ഓഫ് ദി മാച്ച് അവാർഡും നേടി നേട്ടം ഇരട്ടിയാക്കി. മൂന്നാം ടെസ്‌റ്റ് വിഖ്യാതമായ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് നടക്കുക. ഇവിടെയും ഫോം തുടരാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം.

പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിനും ഏറെ ആശ്വാസം പകരുന്ന ജയമായിരുന്നു എഡ്‌ജ്‌ബാസ്‌റ്റണിലേത്. ആദ്യ മത്സരത്തിലെ തോൽവിയുടെ പേരിൽ ഗംഭീറിന് ഏറെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. മാത്രമല്ല രണ്ടാം ടെസ്‌റ്റിൽ ഇന്ത്യയുടെ സൂപ്പർതാരം ബുമ്ര ഇല്ലാതെയാണ് കളിച്ചത്. എന്നിട്ടും മികച്ച ബൗളിംഗ് അവർ നടത്തിയെന്നതിൽ ഗംഭീറിന് ആശ്വസിക്കാം.

Story first published: Tuesday, July 8, 2025, 18:33 [IST]
Other articles published on Jul 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+