മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ രവീന്ദ്ര ജഡേജയ്ക്കും വാഷിംഗ്ടണ്‍ സുന്ദറിനും സെഞ്ച്വറി നിഷേധിക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ നടപടി വിവാദമായിരുന്നു. ഇരുവരും സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെ ബെന്‍ സ്റ്റോക്കസ് ഇരുവരുടേയും സമീപമെത്തി സമനിലയാക്കാം എന്ന വാഗ്ദാനം മുന്നോട്ട് വെക്കുകയായിരുന്നു.
ഇന്നിംഗ്സിന്റെ 137-ാം ഓവറിന് ശേഷമായിരുന്നു സംഭവം. കളിയുടെ അവസാന മണിക്കൂര്‍, 15 ഓവര്‍ ബാക്കി നില്‍ക്കെ, അമ്പയര്‍മാര്‍ കളി സമനിലയിലാക്കുന്നതിന് സൂചന നല്‍കി. ആറ് വിക്കറ്റ് ശേഷിക്കെ ബെന്‍ സ്റ്റോക്ക്‌സ് ഇത് സ്വീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ബാറ്റിംഗ് തുടരാന്‍ ആഗ്രഹിച്ചു. ഈ നീക്കം ഇംഗ്ലണ്ട് ക്യാപ്റ്റനെ ചൊടിപ്പിച്ചിരുന്നു.

ഹാരി ബ്രൂക്കിനെതിരെയായിരുന്നോ സെഞ്ച്വറി നേടേണ്ടത് എന്നായിരുന്നു ഇരുവരോടും ബെന്‍ സ്റ്റോക്‌സ് ചോദിച്ചത്. എന്നാല്‍ ഇതിന് മറുപടി സെഞ്ച്വറിയിലൂടെയാണ് വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും നല്‍കിയത്. ഇരുവരും സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് സമനില ഓഫര്‍ സ്വീകരിച്ചത്. അതേസമയം ഈ സംഭവത്തിന് പിന്നാലെ ബെന്‍ സ്റ്റോക്‌സിനെതിരെ വിമര്‍ശനശരം ഉയര്‍ന്നിരുന്നു.
എന്നാല്‍ ബെന്‍ സ്‌റ്റോക്‌സിനെ പിന്തുണയ്ക്കുകയാണ് ഇംഗ്ലീഷ് താരങ്ങള്‍. മുന്‍ ക്യാപ്റ്റന്‍മാരായ കെവിന്‍ പീറ്റേഴ്‌സണും നാസര്‍ ഹുസൈനും സ്‌റ്റോക്‌സിനെ പിന്തുണച്ച് രംഗത്തെത്തി. സ്റ്റോക്‌സിനെ കുറ്റപ്പെടുത്തി ആരാധകര്‍ അഭിപ്രായമിടുന്നതില്‍ നിന്ന് മാറണമെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. 'രണ്ട് ദിവസം ഫീല്‍ഡിംഗ് നടത്തിയിട്ടും ഫലമൊന്നുമില്ല. നിങ്ങള്‍ക്ക് കളിക്കളത്തില്‍ നിന്ന് ഇറങ്ങണം!
ബെന്‍ സ്റ്റോക്സിന്റെ നിരാശയ്ക്ക് ഒരു കുറ്റവും പറയാന്‍ കഴിയില്ല. ഗാലറിയിലിരുന്ന് കളിയാക്കുന്നത് വളരെ എളുപ്പമാണ്,' പീറ്റേഴ്‌സണ്‍ പറഞ്ഞു. ബൗളര്‍മാരുടെ കാലുകള്‍ ക്ഷീണിതമായിരുന്നുവെന്നും എന്നാല്‍ രണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരും അവരുടെ സെഞ്ച്വറികള്‍ അര്‍ഹിച്ചിരുന്നുവെന്നും മറ്റൊരു ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും അഭിപ്രായപ്പെട്ടു.
'എനിക്ക് അതില്‍ ഒരു പ്രശ്‌നവും തോന്നിയില്ല. ഇംഗ്ലണ്ടിന് പ്രശ്‌നമുണ്ടായിരുന്നു. ക്ഷീണിതരായ ബൗളര്‍മാരായിരുന്നു, അവര്‍ക്ക് ഇറങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ 80കളിലും 90കളിലും എത്താന്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും കഠിനാധ്വാനം ചെയ്തു. സെഞ്ച്വറികള്‍ ആഗ്രഹിച്ചു. സ്റ്റോക്‌സിന് ഹാരി ബ്രൂക്കിനെ കൊണ്ട് പന്തെറിയേണ്ടി വന്നില്ല. അത് അല്‍പ്പം മണ്ടത്തരമായി തോന്നി', നാസര്‍ ഹുസൈന്‍ പറഞ്ഞു.
ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ ഇന്ത്യ 425 ന് നാല് എന്ന നിലയില്‍ നില്‍ക്കവെയാണ് കളി അവസാനിപ്പിച്ചത്. രവീന്ദ്ര ജഡേജ (107), വാഷിംഗ്ടണ്‍ സുന്ദര്‍ (101) എന്നിവര്‍ പുറത്താകാതെ നിന്നു. അതേസമയം വിവാദമുണ്ടാക്കിയെങ്കിലും 141 റണ്‍സ് നേടുകയും 6/105 എന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തതിന് ഇംഗ്ലണ്ട് നായകന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി.