അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര 12ന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് വേദിയാവുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ്. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ടി20 പരമ്പരയില്‍ യുവതാരങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയേക്കും. പ്രതിഭാശാലികളുടെ നീണ്ട നിരയുള്ളതിനാല്‍ പ്ലേയിങ് 11വനെ പ്രഖ്യാപിക്കുക ഇന്ത്യയെ സംബന്ധിച്ച് വളരെ കടുപ്പമാണ്.
ഇപ്പോഴിതാ ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കെ എല്‍ രാഹുലും രോഹിത് ശര്‍മയും ആയിരിക്കണമെന്നും ശിഖര്‍ ധവാന് രണ്ടാം സ്ഥാനം മാത്രമാണ് ഓപ്പണറെന്ന നിലയില്‍ ഉള്ളതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ ദേവാംഗ് ഗാന്ധി. 'ലോകകപ്പിലേക്ക് പോകുന്ന ഇന്ത്യയുടെ ഓപ്പണര്‍മാരായി കെ എല്‍ രാഹുലും രോഹിത് ശര്‍മയും ഇറങ്ങണം. ശിഖര്‍ ധവാന്‍ റിസര്‍വ് ഓപ്പണറായി കാത്തിരിക്കണം. ഏകദിനത്തില്‍ വേണമെങ്കില്‍ ധവാന് അവസരം നല്‍കണം. ഏകദിന പരമ്പരയും ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കമായി വേണം കാണാന്‍'-ദേവാംഗ് പറഞ്ഞു.

ശിഖര്‍ ധവാനും രോഹിത് ശര്‍മയും തമ്മില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണുള്ളത്. എന്നാല്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ട ടി20 ഫോര്‍മാറ്റില്‍ ധവാനെക്കാള്‍ മിടുക്ക് രാഹുലിനാണ്. സമീപകാലത്തായി രാഹുലും രോഹിതും ഇന്ത്യക്കായി ഓപ്പണിങ്ങില്‍ തിളങ്ങുന്നുണ്ട്. കൂടാതെ ഐപിഎല്ലിലും ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പഞ്ചാബ് കിങ്‌സിന്റെ നായകനും ഓപ്പണറുമായ രാഹുലാണ് അവസാന ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ഉടമ.
മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയും ഓപ്പണിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ്. രാഹുലിനും രോഹിതിനും ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡുമുണ്ട്. 2018ല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ രാഹുലും രോഹിതും ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരേ ടി20യില്‍ ഇന്ത്യയുടെ മികച്ച വ്യക്തിഗത പ്രകടനം രാഹുലിന്റെ(101*) പേരിലാണ്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിളിയെത്തിയ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കണമെന്നും ദേവാംഗ് അഭിപ്രായപ്പെട്ടു. ' ടോപ് ഓഡറില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്തുന്ന താരമാണ് സൂര്യകുമാര്‍. ടി20 ലോകകപ്പിലേക്ക് അവനെ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കഴിയുന്നത്രെ അവസരം അവന് നല്‍കണം. ഏകദിന ടീമിലും കളിക്കാന്‍ അവന് സാധിക്കും. റിഷഭ് പന്തിനെ നാലാം നമ്പറിലിറക്കി സൂര്യകുമാറിനെ അഞ്ചാം നമ്പറിലും കളിപ്പിക്കാന്‍ സാധിക്കും'-ദേവാംഗ് പറഞ്ഞു.