IND vs ENG: 'വളരെ നിരാശയുണ്ട്', ബാറ്റ്‌സ്മാനെന്ന നിലയില്‍ എനിക്കൊന്നും ചെയ്യാനാവില്ല- പുജാര
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. ബൗളര്‍മാര്‍ മികവ് കാട്ടാതിരുന്നതോടെ 578 എന്ന കൂറ്റന്‍ സ്‌കോര്‍ ഇംഗ്ലണ്ട് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 321 റണ്‍സ് പിന്നിലാണ് ഇന്ത്യ.
വാഷിങ്ടണ്‍ സുന്ദറും (33), ആര്‍ അശ്വിനുമാണ് (8) ക്രീസില്‍. രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് തുടങ്ങിയ മുന്‍നിര വിക്കറ്റുകളെല്ലാം ഇന്ത്യക്ക് നഷ്ടമായിക്കഴിഞ്ഞു. ഇതില്‍ പുജാരയുടെ പുറത്താകലിനെ ദൗര്‍ഭാഗ്യകരമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവൂ. ഡോം ബെസ്സിന്റെ ഷോട്ട് ബോളിനെ പുജാര പുള്‍ ചെയ്തപ്പോള്‍ അപ് ഫീല്‍ഡറായ ഒലി പോപ്പിന്റെ തോളില്‍ കൊണ്ടുയര്‍ന്ന പന്ത് മിഡ് വിക്കറ്റില്‍ റോറി ബേണ്‍സിന്റെ കൈയില്‍ ഭദ്രമായി അവസാനിക്കുകയായിരുന്നു.

143 പന്തുകള്‍ നേരിട്ട് 73 റണ്‍സെന്ന മികച്ച നിലയില്‍ നില്‍ക്കവെയാണ് പുജാരയുടെ പുറത്താകല്‍. ഇപ്പോഴിതാ തന്റെ ദൗര്‍ഭാഗ്യകരമായ പുറത്താകലിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് പുജാര. 'ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ. നിര്‍ഭാഗ്യം മാത്രമാണത്. ഇങ്ങനെ മാത്രമെ ഞാന്‍ പുറത്താവുകയുള്ളുവെന്നാണ് ചിന്തിക്കുന്നത്. മനോഹരമായാണ് ഞാന്‍ ബാറ്റ് ചെയ്തിരുന്നത്. എന്റെ ഷോട്ടുകള്‍ നന്നായി കളിച്ചിരുന്നു.പന്ത് ഞാന്‍ കണ്ടും കളിച്ച ഷോട്ടുമെല്ലാം കൃത്യമായിരുന്നു. എന്നാല്‍ ആര്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത ദൗര്‍ഭാഗ്യത്താല്‍ പുറത്തായി. നിരാശയുണ്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല'- പുജാര മൂന്നാം ദിനത്തിന് ശേഷം പറഞ്ഞു.

'റിഷഭ് എത്തിയതോടെ മികച്ച ഇടം- വലം കൈ കൂട്ടുകെട്ട് ലഭിച്ചു. മികച്ച കൂട്ടുകെട്ടോടെ സ്‌കോര്‍ബോര്‍ഡ് നന്നായി മുന്നോട്ട് പോയി. സ്പിന്നിനെതിരേ മനോഹരമായി അവന് കളിക്കാന്‍ സാധിക്കുന്നുണ്ട്. നിര്‍ണ്ണായക കൂട്ടുകെട്ടായിരുന്നു. അവനോടൊപ്പം ബാറ്റ് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. അവന്റെ ശൈലി കാണുന്നത് വളരെ ഇഷ്ടം തോന്നിക്കുന്നതാണ്. സെഞ്ച്വറി നഷ്ടമായെങ്കിലും അവന് മികച്ച ഫോം നിലനിര്‍ത്താനായത് വലിയ കാര്യമാണ്'- പുജാര കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മ (6), ശുബ്മാന്‍ ഗില്‍ (29), വിരാട് കോലി (11), അജിന്‍ക്യ രഹാനെ (1) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയെ മുന്നില്‍ കണ്ടെങ്കിലും പുജാര-റിഷഭ് കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്തേകുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 119 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയത്. ആഞ്ഞടിച്ച് കളിച്ച റിഷഭ് 88 പന്തില്‍ 9 ഫോറും 5 സിക്‌സുമടക്കം 91 റണ്‍സെടുത്താണ് മടങ്ങിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 578 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യ ഇംഗ്ലണ്ടിനെക്കാള്‍ 321 റണ്‍സ് പിന്നിലാണ്. വാഷിങ്ടണ്‍ സുന്ദറും (33) ആര്‍ അശ്വിനുമാണ് (8) ക്രീസില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications