Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മൊട്ടേറയില്‍ കാത്തിരിക്കുന്ന ബാറ്റിങ് വെല്ലുവിളിയെന്ത്? രോഹിത് ശര്‍മ പറയുന്നു

അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 24ന് അഹമ്മദാബാദിലെ മൊട്ടേറയില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ നിര്‍ണ്ണായകമായ മത്സരത്തില്‍ ആര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനാവില്ല. കാരണം 2012ന് ശേഷം ടെസ്റ്റ് മത്സരം നടക്കാത്ത മൊട്ടേറയിലെ പിച്ചിന്റെ സ്വഭാവം എന്തെന്ന് വിലയിരുത്തുക പ്രയാസം തന്നെയാണ്.

പേസിനെ തുണയ്ക്കുന്ന പിച്ചാണെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ പറയുമ്പോള്‍ പേസ് പിച്ചൊരുക്കി സ്വയം കുഴിയില്‍ ചാടാന്‍ ഇന്ത്യ തയ്യാറാകുമെന്ന് കരുതുന്നില്ല. ഇപ്പോഴിതാ മൊട്ടേറയില്‍ കാത്തിരിക്കുന്ന ബാറ്റിങ് വെല്ലുവിളിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. പന്തിന്റെ ലെങ്ത് കണ്ടെത്തുക പ്രയാസമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

'തീര്‍ച്ചയായും ഡേ നൈറ്റ് ടെസ്റ്റ് വെല്ലുവിളി നിറഞ്ഞതാണ്. കാരണം കാലവസ്ഥയും വെളിച്ചവും മാറുമ്പോള്‍ ബുദ്ധിമുട്ടാകും. അധികം ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കളിക്കേണ്ടി വരും. ആത്മസംയമനം കൈവിടാതിരിക്കാന്‍ സ്വയം സംസാരിക്കേണ്ടി വരും. ഈ വെല്ലുവിളികള്‍ എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും അറിയാവുന്ന കാര്യമാണ്. സാഹചര്യത്തിനനുസരിച്ച് മാനസിക നില പാകപ്പെടുത്തി കളിക്കുകയാണ് വേണ്ടത്'-രോഹിത് പറഞ്ഞു.

rohitsharma

2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഭാഗാമാവാനും രോഹിതിന് സാധിച്ചിരുന്നു. മൊട്ടേറയിലെ പിച്ചിന്റെ സ്വഭാവം വ്യക്തമല്ല. കൂടാതെ ഇവിടെ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങള്‍ കുറവാണ്. ഒമ്പത് വര്‍ഷമായി മത്സരം നടക്കാത്ത മൈതാനത്ത് പിച്ചില്‍ പുല്ലിന്റെ അംശം കൂടുതലുണ്ട്. അതിനാല്‍ത്തന്നെ ഈ പിച്ചില്‍ പേസും സ്വിങ്ങും നന്നായി പിന്തുണയ്ക്കും.

എന്നാല്‍ ഇന്ത്യ രണ്ട് പിച്ച് മൊട്ടേറയില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇതില്‍ ഒന്ന് പേസിനെയും രണ്ടാമത്തേത് സ്പിന്നിനെയും പിന്തുണയ്ക്കുന്നതാണ്. ഇതില്‍ ഇന്ത്യ സ്പിന്‍ പിച്ച് തിരഞ്ഞെടുക്കാനാണ് സാധ്യത. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്രാ ആര്‍ച്ചര്‍ എന്നീ പേസ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിനൊപ്പമുള്ളപ്പോള്‍ പേസ് പിച്ചൊരുക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല.

ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിചയസമ്പത്ത് കുറവുണ്ട്. നാട്ടില്‍ 2019ല്‍ ബംഗ്ലാദേശിനെതിരെയാണ് ഇതിന് മുമ്പ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. ഓസ്‌ട്രേലിയക്കെതിരേ അവസാനമായി കളിച്ച പിങ്ക് ബോള്‍ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ഔട്ടായി വലിയ നാണക്കേട് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അത്തരമൊരു തകര്‍ച്ച നാട്ടില്‍ ഇന്ത്യക്ക് സംഭവിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകരും താരങ്ങളും.

Story first published: Monday, February 22, 2021, 11:13 [IST]
Other articles published on Feb 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+