ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ നിരയിലേക്ക് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തിയേക്കും. പരിക്കിനെത്തുടര്‍ന്ന് ഒന്നാം ടെസ്റ്റ് കളിക്കാതിരുന്ന അക്‌സര്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ആദ്യ മത്സരത്തില്‍ തിളങ്ങാതിരുന്ന ഷഹബാസ് നദീമിനെ ഒഴിവാക്കി പകരം അക്‌സര്‍ പട്ടേല്‍ ടീമിലേക്കെത്തുമെന്നാണ് വിവരം. ഒന്നാം ടെസ്റ്റിലും അക്‌സറിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ചെറിയൊരു പരിക്കിനെത്തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്‌സറെത്തിയാല്‍ ടീമിന്റെ ബൗളിങ് നിരയ്ക്കും ബാറ്റിങ് നിരയ്ക്കും അത് കൂടുതല്‍ കരുത്ത് നല്‍കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. ഇടം കൈയന്‍ സ്പിന്നറായതിനാല്‍ രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ അക്‌സറിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. 'കാല്‍മുട്ടിന് ചെറിയൊരു വേദന മാത്രമാണ് അക്‌സറിനുള്ളത്. അത് ഭേദമായി അവന്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റിലും മുഖ്യ പരിഗണന അക്‌സറിനായിരുന്നു. എന്നാല്‍ നായകന്‍ കോലി പരിശീലകന്‍ രവി ശാസ്ത്രി ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവരുടേതാണ് അന്തിമ തീരുമാനം'-ബിസിസി ഐയുടെ മുതിര്‍ന്ന വൃത്തങ്ങളിലൊരാള്‍ പിടിഐയോട് പറഞ്ഞു.

നദീമിന്റെ ടീമിലെ സ്ഥാനം തെറിക്കുമെന്നുറപ്പാണ്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 59 ഓവറില്‍ നിന്ന് വഴങ്ങിയത് 233 റണ്‍സാണ്. ഇംഗ്ലണ്ടിന് ഇടം കൈയന്‍ ബൗളര്‍മാര്‍ക്കെതിരായ ദൗര്‍ബല്യം മുതലാക്കാന്‍ നദീമിന് സാധിച്ചില്ല. എന്നാല്‍ ഒന്നാം ടെസ്റ്റില്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ തുടര്‍ന്നേക്കും. ബാറ്റുകൊണ്ട് തിളങ്ങുന്നതാണ് സുന്ദറിന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കുന്നത്.
ഇന്ത്യക്കുവേണ്ടി ഇതുവരെ ടെസ്റ്റ് കളിക്കാത്ത അക്‌സറിന്റെ പ്രകടനം കണ്ടറിയണം. ചെന്നൈയിലെ മൈതാനത്ത് തന്നെയാണ് രണ്ടാം ടെസ്റ്റും നടക്കുന്നത്. ഒന്നാം ടെസ്റ്റില്‍ ആദ്യ രണ്ട് ദിനവും ബൗളര്‍മാര്‍ക്ക് മൈതാനത്ത് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ അക്‌സറിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. ആര്‍ അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ശക്തമായ പിന്തുണ നല്‍കാന്‍ ഒരു ബൗളര്‍ ടീമില്‍ വേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.
ഇന്ത്യക്കുവേണ്ടി 38 ഏകദിനത്തില്‍ നിന്ന് 45 വിക്കറ്റും 11 ടി20യില്‍ നിന്ന് 9 വിക്കറ്റുമാണ് അക്‌സറിന്റെ സമ്പാദ്യം. 97 ഐപിഎല്ലില്‍ നിന്ന് 80 വിക്കറ്റും താരം നേടിയിട്ടുണ്ട്. 27കാരനായ താരത്തിന് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും ഭേദപ്പെട്ട റെക്കോഡുള്ളതിനാല്‍ ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.
അതേ സമയം ആദ്യ ടെസ്റ്റില്‍ അവസരം ലഭിക്കാതിരുന്ന കുല്‍ദീപ് യാദവിന് രണ്ടാം ടെസ്റ്റിലും അവസരം ലഭിച്ചേക്കില്ല. ഇന്ത്യയുടെ ഇടം കൈയന്‍ കൈക്കുഴ സ്പിന്നറെ തഴഞ്ഞതിനെതിരേ വിമര്‍ശനം ഇതിനോടകം ശക്തമാണ്. ഈ അവസരത്തില്‍ രണ്ടാം ടെസ്റ്റിലും കുല്‍ദീപിനെ ഒഴിവാക്കുകയും ഇന്ത്യക്ക് പരാജയം നേരിടുകയും ചെയ്താല്‍ കൂടുതല്‍ ശക്തമായ വിമര്‍ശനം തന്നെ ഇന്ത്യന്‍ മാനേജ്‌മെന്റ് നേരിടേണ്ടി വരും.