മികച്ച ടീം തിരഞ്ഞെടുപ്പ്
പിച്ച് സ്പിന്നിന് അനുകൂലമാണെന്ന് തിരിച്ചറിഞ്ഞ് മികച്ച ടീമിനെ കളത്തിലിറക്കുന്നതില്‍ ഇന്ത്യ വിജയിച്ചു. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയും പേസില്‍ കരുത്ത് പകരുമ്പോള്‍ ആര് അശ്വിനും അക്ഷര്‍ പട്ടേലിനുമൊപ്പം വാഷിങ്ടണ്‍ സുന്ദറിനെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചു. കുല്‍ദീപ് യാദവിന് പകരമാണ് സുന്ദര്‍ ടീമിലെത്തിയത്. പിങ്ക് ബോള്‍ ടെസ്റ്റായതിനാല് വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാണ്. അതിനാലാണ് കുല്‍ദീപിന് പകരം സുന്ദറിനെ ടീമിലേക്ക് പരിഗണിച്ചതെന്നാണ് കോലി പറഞ്ഞത്. അക്ഷര്‍ പട്ടേല്‍ ആറ് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അശ്വിന് മൂന്ന് വിക്കറ്റും വീഴ്ത്തി.
അശ്വിന് മുമ്പെ അക്ഷറിന് ഓവര്‍ നല്കി
സാധാരണ ഇന്ത്യ ആദ്യം അവസരം നല്കുന്ന സ്പിന്‍ ബൗളര്‍ ആര് അശ്വിനാണ്. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ കോലി ആദ്യം അവസരം നല്‍കിയത് അക്ഷറിനാണ്. എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടിയാണ് അക്ഷര്‍ ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. ജോണി ബെയര്‍സ്റ്റോയെ അദ്ദേഹം എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ആറ് വിക്കറ്റുകളാണ് അക്ഷര്‍ നേടിയത്. അശ്വിന് മൂന്ന് വിക്കറ്റും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് അക്ഷര്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.
സ്റ്റംപിന് തുടര്‍ച്ചയായി ആക്രമിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍
ഇന്ത്യന്‍ ബൗളര്‍മാരുടെ തുടര്‍ച്ചയായി സ്റ്റംപിന് ആക്രമിക്കാനുള്ള തന്ത്രമാണ് ഫലം കണ്ടത്. സ്പിന്‍ ബൗളര്‍മാരായ അശ്വിനും അക്ഷറും സ്റ്റംപിന് ആക്രമിച്ചതോടെ നാല് പേര് എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ മൂന്ന് താരങ്ങള്‍ ക്ലീന്‍ ബൗള്‍ഡുമായി. മൂന്ന് താരങ്ങള്‍ മാത്രമാണ് ക്യാച്ചിലൂടെ പുറത്തായത്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ദിശ മനസിലാക്കുന്നതില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര പൂര്‍ണ്ണ പരാജയമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന പ്രകടനമായിരുന്നു മൊട്ടേറയിലേത്.