ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ പ്രധാന പ്രശ്‌നങ്ങളിലൊന്ന് സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാണ്. ആര്‍ അശ്വിന്‍ പതിവ് മികവ് തുടര്‍ന്നപ്പോള്‍ ഷഹബാസ് നദീമിനും വാഷിങ്ടണ്‍ സുന്ദറിനും മികച്ച പിന്തുണ നല്‍കാനായില്ല. ഇതോടെ രണ്ടാം ടെസ്റ്റില്‍ മികച്ച സ്പിന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് കണ്ടത്തേണ്ടതുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ സ്പിന്‍ പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ സജീവ സാന്നിധ്യമായ യുസ് വേന്ദ്ര ചഹാലിനെ പരിഗണിക്കണമെന്നാണ് ആകാശ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്. ബയോ ബബിള്‍ സുരക്ഷയില്‍ ഉള്‍പ്പെടുത്തി സുരക്ഷ നല്‍കുന്നതിന് സമയം ആവിശ്യമായതിനാല്‍ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കാന്‍ ശ്രമിക്കണമെന്നാണ് ആകാശ് പറഞ്ഞത്. എന്നാല്‍ ചഹാലിനെ ഇതുവരെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. എന്നാല്‍ പരിമിത ഓവറിലെ പ്രഥമ സ്പിന്നറാണ് ചഹാല്‍.
മികച്ച രീതിയില്‍ പന്ത് ടേണ്‍ ചെയ്യിക്കാന്‍ കഴിവുള്ള താരമാണ് ചഹാല്‍. ഗൂഗ്ലിയും അനായാസം വഴങ്ങുന്ന താരത്തിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം തന്നെ അവകാശപ്പെടാന്‍ സാധിക്കും. 31 മത്സരത്തില്‍ നിന്ന് 84 വിക്കറ്റാണ് ചഹാല്‍ അക്കൗണ്ടിലാക്കിയത്. 33.21 എന്ന മികച്ച ശരാശരിയുമുണ്ട്. ഇന്ത്യന്‍ മൈതാനങ്ങളില്‍ തിളങ്ങാന്‍ സാധിക്കുന്ന ശൈലിയാണ് ചഹാലിനുള്ളത്.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്‍ നിര തിളങ്ങിയിരുന്നെങ്കില്‍ 227 റണ്‍സിന്റെ വമ്പന്‍ തോല്‍വി ആതിഥേയര്‍ക്ക് ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. രണ്ടാം ടെസ്റ്റിലും ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിക്കില്ലെന്നാണ് വിവരം. ഇന്ത്യയുടെ ടീമില്‍ കുല്‍ദീപ് സ്ഥിരമായി സ്ഥാനം പിടിക്കുന്നുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരേ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിച്ചപ്പോള്‍ കുല്‍ദീപ് പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
രണ്ടാം ടെസ്റ്റിലും കുല്‍ദീപിന് അവസരം ലഭിച്ചേക്കില്ലെന്നാണ് വിവരം. അക്‌സര്‍ പട്ടേല്‍ പരിശീലനം പുനരാരംഭിച്ച് കഴിഞ്ഞു. അതിനാല്‍ ഷഹബാസ് നദീമിനെ ഒഴിവാക്കി പകരം അക്‌സര്‍ ടീമിലേക്ക് എത്തിയേക്കും. അതേ സമയം വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഒന്നാം ടെസ്റ്റില്‍ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ സുന്ദറിന് സാധിച്ചിരുന്നു.
ഇന്ത്യയുടെ ബാറ്റിങ് നിരയിലും മാറ്റം വേണമെന്ന ആവിശ്യം ശക്തമാണെങ്കിലും അതിനുള്ള സാധ്യത കുറവാണ്. അജിന്‍ക്യ രഹാനെ,രോഹിത് ശര്‍മ എന്നിവര്‍ ഒന്നാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ ഇവര്‍ക്ക് പകരം മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും കളിക്കണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവിശ്യം ഉയരുന്നത്.