
ഇന്ത്യ നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ നേടുന്ന തുടര്‍ച്ചയായ ആറാം ഏകദിന പരമ്പരയാണിത്. 1985ന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ തോറ്റിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ശിഖര്‍ ധവാനും-രോഹിത് ശര്‍മയും ചേര്‍ന്ന് 103 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇത് 17ാം തവണയാണ് ഇരുവരും ഓപ്പണിങ് സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. 21 സെഞ്ച്വറി കൂട്ടുകെട്ടുള്ള സച്ചിനും സെവാഗുമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഇവര്‍ക്ക് മുന്നിലുള്ളത്.

ഓപ്പണിങ് കൂട്ടുകെട്ടില്‍ 5000 റണ്‍സാണ് ധവാനും രോഹിതും കൂട്ടിച്ചേര്‍ത്തത്. ഇന്ത്യക്കായി ഓപ്പണിങ്ങില്‍ കൂടുതല്‍ റണ്‍സ് നേടിയവരില്‍ സൗരവ് ഗാംഗുലി-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടുകെട്ടാണുള്ളത് (6609). ഇന്ത്യ അവസാനം കളിച്ച ആറ് ഏകദിനത്തിലും 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നു. ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം.

ഇന്ത്യയുടെ ക്യാപ്റ്റനായി കോലി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. കൂടുതല്‍ മത്സരങ്ങള്‍ ടീമിനെ നയിച്ച ഇന്ത്യന്‍ നായകന്മാരില്‍ മൂന്നാം സ്ഥാനത്താണ് കോലി. എംഎസ് ധോണി (332),മുഹമ്മദ് അസ്ഹറുദ്ദീന്‍ (221) എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍ കോലിയാണ്. എന്നാല്‍ ഇതുവരെയൊരു ഐസിസി ട്രോഫി സ്വന്തമാക്കാന്‍ കോലിക്കായിട്ടില്ല.

നായകനെന്ന നിലയില്‍ കോലി ജയിക്കുന്ന 128ാമത്തെ മത്സരമാണിത്. ഇതോടെ കൂടുതല്‍ ജയങ്ങളുള്ള ക്യാപ്റ്റന്‍മാരില്‍ മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങിന്റെ റെക്കോഡിനൊപ്പമെത്താന്‍ കോലിക്കായി. ഇരുവരും അഞ്ചാം സ്ഥാനത്താണുള്ളത്. ഇനിയും കോലി ക്യാപ്റ്റനായി തുടരുമെന്നതിനാല്‍ പല റെക്കോഡുകളും അദ്ദേഹം സ്വന്തം പേരിലാക്കിയേക്കും.

കോലിയെ മൂന്നാം മത്സരത്തില്‍ പുറത്താക്കിയത് മോയിന്‍ അലിയായിരുന്നു. ഇത് 9ാം തവണയാണ് മോയിന് മുന്നില്‍ കോലി വീഴുന്നത്. ഇതോടെ കോലിയെ കൂടുതല്‍ തവണ പുറത്താക്കുന്ന സ്പിന്നര്‍മാരില്‍ ഇംഗ്ലണ്ടിന്റെ തന്നെ ആദില്‍ റഷീദിന്റെ റെക്കോഡിനൊപ്പമെത്താന്‍ മോയിന്‍ അലിക്കായി. സ്പിന്നര്‍മാര്‍ക്കെതിരേ സമീപകാലത്തായി കോലിയുടെ പ്രകടനം മോശമാണ്.

സാം കറാന്‍ 8ാം നമ്പറിലിറങ്ങി പുറത്താവാതെ 95 റണ്‍സാണ് നേടിയത്. ഏകദിനത്തില്‍ ഒരു എട്ടാം നമ്പര്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. നേരത്തെ ക്രിസ് വോക്‌സും ശ്രീലങ്കയ്‌ക്കെതിരേ എട്ടാം നമ്പറിലിറങ്ങി 95 റണ്‍സെടുത്തിട്ടുണ്ട്. 2016ലായിരുന്നു ക്രിസ് വോക്‌സിന്റെ പ്രകടനം.

70 സിക്‌സാണ് മത്സരത്തില്‍ പിറന്നത്. ഒരു മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇത്രയും സിക്‌സുകള്‍ പിറക്കുന്നത് ആദ്യമായാണ്. ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരുടെ പ്രകടനം ഈ റെക്കോഡിന് വലിയ സംഭാവന ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്.


Click it and Unblock the Notifications











