പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തില്‍ അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ട് വെച്ച 330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി അവസാന നിമിഷം വരെ സാം കറാന്‍ (95*) പൊരുതി നോക്കിയെങ്കിലും ഏഴ് റണ്‍സകലെ പൊരുതി വീണു. ഇന്ത്യയെ നന്നായി വിറപ്പിക്കാന്‍ സാം കറാന് സാധിച്ചു. മൂന്നാം മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയ അച്ചടക്കമുള്ള പ്രകടനമാണ് ജയം നേടാന്‍ ഇന്ത്യയെ സഹായിച്ചത്. ഇപ്പോഴിതാ മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത് ശര്‍ദുല്‍ ഠാക്കൂറിന്റെ ബൗളിങ് പ്രകടനമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍. അവന്റെ വിക്കറ്റ് വീഴ്ത്താനുള്ള കഴിവിനെയും അദ്ദേഹം പ്രശംസിച്ചു.
'ഈ രാത്രിയില്‍ വളരെ മനോഹരമായ പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്. ബോളിന് സ്വിങ് ലഭിക്കാതിരുന്ന സാഹചര്യത്തില്‍ അവന്‍ വിക്കറ്റുകള്‍ നേടി. ബാറ്റിങ്ങിന് അനുകൂലമായ അത്തരം സാഹചര്യങ്ങളില്‍ പന്തെറിയുക ബൗളറെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. അവന്റെ വിക്കറ്റ് വീഴ്ത്താനുള്ള കഴിവുകൊണ്ട് മത്സര വിധിയെ അവന്‍ മാറ്റി മറിച്ചു. സാധാരണയായി സ്പിന്നര്‍മാരാണ് മധ്യ ഓവറുകളില്‍ വഴിത്തിരിവുകള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഒരു സ്പിന്നര്‍ മാത്രമാണ് നമുക്ക് ടീമിലുണ്ടായിരുന്നത്. അതിനാല്‍ ടീമിന് ആവിശ്യമുള്ള സമയത്ത് അവസരത്തിനൊത്ത് ഉയരാന്‍ ശര്‍ദുലിന് സാധിച്ചു'- ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.

ടി20 പരമ്പരയിലും ഇന്ത്യ പരമ്പര നേടിയപ്പോള്‍ ശര്‍ദുലിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. നന്നായി സ്ലോ ബോളും കട്ടറും ചെയ്യാന്‍ കഴിയുന്ന ശര്‍ദുല്‍ ഷോര്‍ട്ട് ബോളുകളിലൂടെ ബാറ്റ്‌സ്മാനെ പ്രകോപ്പിച്ചും വിക്കറ്റുകള്‍ നേടുന്നു. മൂന്നാം ഏകദിനത്തില്‍ 10 ഓവറില്‍ 67 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഡേവിഡ് മലാന്‍,ജോസ് ബട്‌ലര്‍,ലിയാം ലിവിങ്‌സ്റ്റന്‍,ആദില്‍ റഷീദ് എന്നിവരുടെ വിക്കറ്റുകളാണ് ശര്‍ദുല്‍ നേടിയത്. ഈ പരമ്പരയിലൂടെ അരങ്ങേറിയ പ്രസിദ്ധ് കൃഷ്ണ മൂന്നാം മത്സരത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ താരത്തിന്റെ മാനസിക കരുത്ത് അപാരമാണെന്ന് ഭുവി പറഞ്ഞു.
'അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ത്തന്നെ പ്രസിദ്ധ് കൃഷ്ണ നന്നായി റണ്‍സ് വഴങ്ങി. എന്നാല്‍ അതിന് ശേഷം തിരിച്ചുവന്ന് അവന്‍ ടീമിനെ വിജയത്തിലേക്കെത്തിച്ചു. അത് അവന്റെ മാനസിക കരുത്താണ് വ്യക്തമാക്കുന്നത്. വലിയ മത്സരത്തിനായി അവന്‍ ഒരുങ്ങിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അവസാന രണ്ട് മത്സരത്തിലും അവനത് കാത്ത് സൂക്ഷിച്ചു'- ഭുവനേശ്വര്‍ പറഞ്ഞു.