വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ കെണി ഫലിച്ചില്ല, ചഹാലിനെ പാഠം പഠിപ്പിച്ച് ഓസ്‌ട്രേലിയ — പഴി കോലിക്കും

തോറ്റുകൊണ്ടാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തുടക്കം. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ 66 റണ്‍സിന് ജയിച്ചു. ഇന്ത്യയ്ക്ക് പിഴച്ചതെവിടെയാണ്? അഞ്ച് ബൗളര്‍മാരുമായി കളിക്കാന്‍ ഇറങ്ങിയതാണ് തോല്‍വിക്കുള്ള ഒരു കാരണം. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെന്ന് അറിഞ്ഞിട്ടും ബൗളര്‍മാരായി അഞ്ച് പേര്‍ മതിയെന്ന് കോലി തീരുമാനിച്ചു.

സ്വന്തം ബൗളര്‍മാരില്‍ ക്യാപ്റ്റനുള്ള ആത്മവിശ്വാസം നല്ലതുതന്നെ. എന്നാല്‍ 'പ്ലാന്‍ ബി' കയ്യില്‍ കരുതാതിരുന്നത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി ത്രയമാണ് പേസാക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. രവീന്ദ്ര ജഡേജയും യുസ്‌വേന്ദ്ര ചഹാലും ചേര്‍ന്ന് സ്പിന്നിന് നേതൃത്വം നല്‍കി.

കോലിയുടെ കണക്കുകൂട്ടൽ

എന്നാല്‍ സിഡ്‌നിയിലെ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സ്വിങ്ങോ സ്പിനോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫലമോ, വലിയ ബുദ്ധിമുട്ടുകളില്ലാതെ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ബോര്‍ഡ് ചലിച്ചു. സ്റ്റാര്‍ ബൗളര്‍ ബുംറയ്ക്ക് അടികൊള്ളുന്നത് കണ്ടാണ് ചഹാലിനെ കോലി ഇറക്കിയത്. പൊതുവേ ഇന്ത്യന്‍ നായകന്റെ വിശ്വസ്തനാണ് ഇദ്ദേഹം; 'പാര്‍ട്ണര്‍ഷിപ്പ് ബ്രേക്കര്‍'. ചഹാലിന്റെ ലെഗ് സ്പിന്നിലും ഗൂഗ്ലിയിലും വീഴാത്ത വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ അപൂര്‍വം. ഇക്കഴിഞ്ഞ ഐപിഎല്ലിലും ചഹാലിനെ ഉറ്റുനോക്കിയാണ് കോലി ബൗളിങ് കണക്കുകൂട്ടലുകള്‍ നടത്തിയത്.

കെണി ഫലിച്ചില്ല

സിഡ്‌നിയിലും ചഹാല്‍ രക്ഷയ്‌ക്കെത്തുമെന്ന് ഇന്ത്യന്‍ നായകന്‍ കരുതി. എന്നാല്‍ ചഹാലിനെതിരെ കൃത്യമായ ഗൃഹപാഠം ഓസ്‌ട്രേലിയ നടത്തിയിരുന്നു. ചഹാലിന് മുന്നില്‍ പ്രതിരോധിച്ച് നില്‍ക്കണമെന്ന ചിന്തയേ ആതിഥേയര്‍ക്കുണ്ടായിരുന്നില്ല. വാര്‍ണറും ഫിഞ്ചും സ്മിത്തും മാക്‌സ്‌വെല്ലും ഇന്ത്യന്‍ ലെഗ് സ്പിന്നറെ അങ്ങോട്ടു ചെന്നാക്രമിച്ചു. ഓഫ് സ്റ്റംപിന് വെളിയില്‍ വായുവില്‍ ഉയര്‍ത്തിയിടാറുള്ള ചഹാലിന്റെ 'സിഗ്നേച്ചര്‍' കെണിയില്‍ ഓസ്‌ട്രേലിയക്കാരാരും വീണില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

തല്ലുവാങ്ങി

12 ആം ഓവറില്‍ ചഹാലിന് പന്തുകൊടുത്ത കോലി 19 ആം ഓവര്‍വരെ കാത്തുനിന്നു, വിക്കറ്റുവീഴുമോയെന്നറിയാന്‍. ഇല്ല. ആദ്യ സ്‌പെല്ലില്‍ 29 റണ്‍സാണ് ചഹാല്‍ വഴങ്ങിയത്. അപകടകാരിയായ ഡേവിഡ് വാര്‍ണര്‍ മടങ്ങിയതിന് പിന്നാലെ ചഹാലിനെ വീണ്ടും പരീക്ഷിക്കാന്‍ കോലി തയ്യാറായി. ആദ്യ രണ്ടോവറുകള്‍ തരക്കേടില്ലാതെ കടന്നുകിട്ടി. ഏഴോവറില്‍ 46 റണ്‍സ് വഴങ്ങിയ സാഹചര്യം. ഇതോടെ താരത്തെ അവസാനഘട്ടത്തിലേക്ക് കോലി നീക്കിവെച്ചു. എന്നാല്‍ ഇതിനിടെ ജഡേജയും ഷമിയും സെയ്‌നിയും കാര്യമായി 'തല്ലുവാങ്ങി'.

സ്റ്റോയിനിസ് പുറത്ത്

പത്തോവറില്‍ 63 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ തിരിച്ചുകയറിയത്. പിന്നാലെ തുറുപ്പുച്ചീട്ടായ ചഹാലിനെ കോലി തിരികെകൊണ്ടുവന്നു. സ്മിത്ത് കാത്തിരുന്നതും ചഹാലിനെത്തന്നെ. ചഹാലിന്റെ 39 ആം ഓവറില്‍ ഒരു ഫോറും ഒരു സിക്‌സുമടക്കം 14 റണ്‍സ് പിറന്നു. 40 ആം ഓവറില്‍ ബുംറയ്ക്കും കിട്ടി 12 റണ്‍സിന്റെ പ്രഹരം. 41 ആം ഓവറില്‍ പന്ത് വീണ്ടും ചഹാലിന്റെ കയ്യില്‍. ആദ്യ പന്ത് സ്മിത്തിന്റെ വക സിക്‌സ്. നാലാം പന്തില്‍ അക്കൗണ്ട് തുറക്കുംമുന്‍പേ സ്റ്റോയിനിസ് കീപ്പര്‍ ക്യാച്ചിലൂടെ പുറത്ത്.

പതിവ് അടവ്

മത്സരത്തില്‍ ചഹാലിന് ആഘോഷിക്കാന്‍ ലഭിച്ച ഏക നിമിഷവും ഇതുതന്നെ. തുടര്‍ന്നെത്തിയ മാക്‌സ്‌വെല്‍ ചഹാലിന്റെ അവസാന രണ്ടു പന്തുകള്‍ ബഹുമാനിച്ചു നിന്നു. ഈ സമയം 9 ഓവറില്‍ 68 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 43 ആം ഓവറില്‍ ചഹാല്‍ അവസാനവട്ടം പന്തെടുക്കുമ്പോള്‍ സ്മിത്തായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ത്തന്നെ സിംഗിളെടുത്ത് സ്മിത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് മാറി. ശേഷമുള്ള അഞ്ച് പന്തുകള്‍ നേരിട്ടത് മാക്‌സ്‌വെല്ലാണ്.

ക്യാച്ച് പാഴാക്കി

പതിവുപോലെ ഓഫ് സ്റ്റംപിന് വെളിയില്‍ ലെഗ് ബ്രേക്കിട്ട് താരത്തെ വീഴ്ത്താന്‍ ചഹാല്‍ ശ്രമിച്ചു. എന്നാല്‍ തേര്‍ഡ് മാനിലേക്ക് പന്തിനെ അതിര്‍ത്തി കടത്തുകയാണ് മാക്‌സ്‌വെല്‍ ചെയ്തത്. അടുത്ത പന്താകട്ടെ കൂറ്റന്‍ സിക്‌സ്. ഐപിഎല്ലില്‍ ഒരു സിക്‌സ് പോലും അടിക്കാതിരുന്ന മാക്‌സ്‌വെല്ലാണ് വന്നപാടെ സിക്‌സും ഫോറും പായിക്കാന്‍ വെമ്പല്‍ പൂണ്ടത്. അടുത്ത രണ്ടു പന്തുകളിലും രണ്ടു ഡബിളുകള്‍. അവസാന പന്തില്‍ വീണ്ടും ഓഫ് സ്റ്റംപിന് വെളിയില്‍ ചഹാലിനെ കെണി. പന്ത് ഒരിക്കല്‍ക്കൂടി ലോങ് ഓഫിന് മുകളിലൂടെ സിക്‌സിന് പറന്നതും മിച്ചം. ക്യാച്ചിനുള്ള അവസരം ഹാര്‍ദിക് പാണ്ഡ്യ പാഴാക്കിയതും മാക്‌സ്‌വെല്ലിന് തുണയായി.

റെക്കോർഡ്

എന്തായാലും വെള്ളിയാഴ്ച്ചത്തെ പ്രകടനത്തോടെ ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി ചഹാല്‍ വീണ്ടും മാറി. 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിട്ടുകൊടുത്ത 88 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം തിരുത്തിയത്. സിഡ്‌നിയില്‍ 89 റണ്‍സ് ചഹാലിന് വഴങ്ങേണ്ടി വന്നു. സെയ്‌നിക്കെതിരെ 83 റണ്‍സും ബുംറയ്‌ക്കെതിരെ 73 റണ്‍സും നേടാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. 59 റണ്‍സ് വിട്ടുനല്‍കിയ ഷമി മാത്രമാണ് തമ്മില്‍ ഭേദം. മറുഭാഗത്ത് ആറ് ബൗളര്‍മാരുമായാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് എതിരെ പന്തെറിഞ്ഞത്. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും അടിവാങ്ങുന്ന സാഹര്യത്തില്‍ മാക്‌സ്‌വെല്ലിനെയും സ്‌റ്റോയിനിസിനെയും ഇറക്കിയാണ് ആരോണ്‍ ഫിഞ്ച് റണ്ണൊഴുക്ക് നിയന്ത്രിച്ചത്.

Story first published: Friday, November 27, 2020, 19:39 [IST]
Other articles published on Nov 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X