IND vs AUS: ടിം പെയ്‌നിന്റെ റണ്ണൗട്ട്, നോട്ടൗട്ട് വിധിച്ച് തേര്‍ഡ് അംപയര്‍- ഔട്ടെന്ന് പ്രമുഖര്‍
മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമായ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. 195 റണ്‍സിനാണ് ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഓള്‍ഔട്ടായത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനാല്‍ ഓസീസ് നായകന്‍ ടിം പെയ്ന്‍ ഒരു റണ്ണൗട്ടില്‍ നിന്ന് രക്ഷപെട്ടിരുന്നു. രവിചന്ദ്ര അശ്വിന്റെ ഓവറില്‍ റണ്ണിനായുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വിക്കറ്റ് തെറിപ്പിച്ചെങ്കിലും പെയ്ന്‍ ക്രീസില്‍ എത്തിയോ ഇല്ലയോ എന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും അത് ഔട്ടാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ സൂപ്പര്‍ താരങ്ങളടക്കം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പെയ്‌നിന്റെ റണ്ണൗട്ട് വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ അദ്ദേഹം ക്രീസിലെത്തുന്നതിന് മുമ്പ് തന്ന റിഷഭ് പന്ത് സ്റ്റംപ് പിഴുതത് വ്യക്തമാവും. നേരിയ വ്യത്യാസമാണ് ബാറ്റും ക്രീസില്‍ തമ്മില്‍ ഉള്ളതെങ്കിലും ടിം പെയ്ന്‍ ഔട്ടായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ വിധി ശരിക്കും ആരാധകരെ ഞെട്ടിച്ചു. അംപയറുടെ വിധി എത്തിയതിന് പിന്നാലെ രഹാനെ അംപയറോട് പരാതിപ്പെടുകയും ചെയ്തിരുന്നു.
ടിം പെയ്‌നിന്റെ റണ്ണൗട്ട് അനുവദിക്കാത്ത തേര്‍ഡ് അംപയറിന്റെ തീരുമാനത്തിനെതിരേ ഷെയ്ന്‍ വോണാണ് ആദ്യം പ്രതിഷേധം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. 'ടി പെയ്ന്‍ റിവ്യൂവിന് ശേഷവും റണ്ണൗട്ടില്‍ നിന്ന് രക്ഷപെട്ടത് ശരിക്കും അത്ഭുതപ്പെടുത്തി. ലൈനില്‍ അവന്റെ ബാറ്റില്ല. അത് ഔട്ടാണെന്നാണ് എന്റെ അഭിപ്രായം'-മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ പറഞ്ഞു.

അധികം വൈകാതെ ആകാശ് ചോപ്രയും തന്റെയും പ്രതികരണം വ്യക്തമാക്കി രംഗത്തെത്തി. 'അത് ഔട്ടാണ്. ജേസന്‍ ഹോള്‍ഡറാണ് ശരി. താരങ്ങള്‍ നീണ്ട കാലം ബയോബബിളില്‍ തുടരാന്‍ കഴിയുമെങ്കില്‍ അംപയര്‍മാരും ഇത് തുടരട്ടെ' എന്നായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം. ഇത്രയും മികച്ച മത്സരത്തില്‍ ഇത്രയും മോശം അംപയറിങ് വളരെ മോശമാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ നോട്ടൗട്ട് വിളിക്കുന്നതിന് മുമ്പ് തേര്‍ഡ് അംപയര്‍ റീപ്ലേ കാണണമെന്നാണ് ട്വിറ്ററില്‍ കുറിച്ചത്. രസകരമായ ട്രോളുകളും അംപയറുടെ വിധിക്കെതിരേ വരുന്നുണ്ട്.

എന്തായാലും ഈ റണ്ണൗട്ടില്‍ നിന്ന് രക്ഷപെട്ടെങ്കിലും വലിയൊരു ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ പെയ്‌ന് സാധിച്ചില്ല. 38 പന്തില്‍ വെറും 13 റണ്‍സാണ് അദ്ദേഹം നേടിയത്. 195 റണ്‍സിനാണ് ആതിഥേയര്‍ കൂടാരം കയറിയത്. മാര്‍നസ് ലാബുഷാനെയാണ് (48) ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. ജസ്പ്രീത് ബൂംറ നാല് വിക്കറ്റും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ അരങ്ങേറ്റ താരം മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും പരിക്കിന് ശേഷം മടങ്ങിയെത്തിയ രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications