സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സിഡ്‌നിയില്‍ പുരോഗമിക്കവെ ദുരന്തമായി റിഷഭ് പന്തിന്റെ കീപ്പിങ്. ഓസീസിന്റെ അരങ്ങേറ്റ താരവും ഓപ്പണറുമായ വില്ലി പ്യുകോസ്‌കിയെ രണ്ട് തവണയാണ് റിഷഭ് വിട്ടുകളഞ്ഞത്. പുക്കോസ്‌കി 27 റണ്‍സില്‍ നില്‍ക്കെയാണ് ആദ്യ അവസരം റിഷഭ് പാഴാക്കിയത്. ആര്‍ അശ്വിന്റെ പന്തില്‍ എഡ്ജില്‍ തട്ടിവന്ന പന്തിനെ കൈപ്പിടിയിലാക്കാന്‍ റിഷഭിനായില്ല. രണ്ടാമത്തെ അവസരം താരം 32 റണ്‍സില്‍ നില്‍ക്കെയാണ്. ഇത്തവണ മുഹമ്മദ് സിറാജ് ഷോര്‍ട്ട് ബോളില്‍ പ്യുകോസ്‌കിയുടെ ഗ്ലൗവില്‍ തട്ടി പിന്നിലേക്ക് ഉയര്‍ന്ന പന്തിനെയും റിഷഭ് കൈവിട്ട് കളഞ്ഞു.
ഉയര്‍ന്ന പന്തിനെ ഓടി കൈപ്പിടിയിലാക്കാന്‍ റിഷഭ് ശ്രമിച്ചെങ്കിലും കൈയില്‍ നിന്ന് വഴുതിപ്പോയി. പിന്നീട് ക്യാച്ച് ആയി എന്ന് തോന്നിച്ചുവെങ്കിലും നിലത്ത് കുത്തിയ ശേഷമാണ് പന്ത് റിഷഭ് പിടിച്ചതെന്ന് തേര്‍ഡ് അംപയര്‍ പരിശോധനയില്‍ വ്യക്തമായി. രണ്ട് തവണ പ്യുകോസ്‌കിയ്ക്ക് റിഷഭ് പന്തിലൂടെ ജീവന്‍ ലഭിച്ചത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. മികച്ച ഷോട്ടുകളുമായി ആത്മവിശ്വാസത്തോടെയാണ് യുവതാരം കളിക്കുന്നത്. രണ്ടാം വിക്കറ്റില്‍ മാര്‍നസ് ലാബുഷാനെയുമായി 50 റണ്‍സിലധികം ഇപ്പോള്‍ തന്നെ പ്യുകോസ്‌കി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ രണ്ട് ലൈഫ് നല്‍കിയതിന് ഇന്ത്യ വലിയ വില നല്‍കേണ്ടി വരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

ടെസ്റ്റില്‍ ഫീല്‍ഡിങ് പിഴവുകള്‍ വലിയ തിരിച്ചടി നല്‍കും. സിഡ്‌നിയിലെ മൈതാനം ബാറ്റിങ്ങിനെ അനുകൂലിക്കുന്നതായതിനാല്‍ത്തന്നെ ഇന്ത്യയെ സംബന്ധിച്ച് ഓരോ വിക്കറ്റ് അവസരവും കൃത്യമായി മുതലാക്കേണ്ടതുണ്ട്. മെല്‍ബണില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന് പ്രധാന കാരണം ഓസീസ് താരങ്ങളുടെ ഫീല്‍ഡിങ് പിഴവായിരുന്നു. അതിനാല്‍ത്തന്നെ അവസരങ്ങളെ മുതലാക്കേണ്ടത് വളരെ പ്രധാന കാര്യമാണ്.
വൃദ്ധിമാന്‍ സാഹയാണ് ഇന്ത്യയില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് കീപ്പര്‍. എന്നാല്‍ വിദേശ മൈതാനത്ത് കൂടുതല്‍ ബാറ്റിങ് കരുത്ത് ആവിശ്യമായതിനാലാണ് സാഹയ്ക്ക് പകരം റിഷഭിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. 2018-19 ടെസ്റ്റ് പരമ്പരയില്‍ സിഡ്‌നിയില്‍ അപരാജിത സെഞ്ച്വറി നേടാന്‍ റിഷഭിനായിരുന്നു. കീപ്പിങ്ങില്‍ യുവതാരമായ റിഷഭ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയിലും കീപ്പറെന്ന നിലയിലും പരിഗണിക്കുമ്പോള്‍ നിലവിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ചവന്‍ റിഷഭാണ്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ 1 വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെന്ന നിലയിലാണ്. പ്യുകോസ്‌കി (39),ലാബുഷാനെ (28) എന്നിവരാണ് ക്രീസില്‍. ഡേവിഡ് വാര്‍ണറുടെ (5) വിക്കറ്റാണ് നഷ്ടമായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്.