അഡ്‌ലെയ്ഡ്: ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ് പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ വിമര്‍ശനവും ട്രോളും നേരിടുന്ന താരം ഇന്ത്യന്‍ ഓപ്പണര്‍ പൃത്ഥ്വി ഷായാണ്. ആദ്യ ഇന്നിങ്‌സില്‍ നേരിട്ട രണ്ടാം പന്തില്‍ പുറത്തായ പൃത്ഥ്വി രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സാണ് എടുത്തത്. രണ്ട് ഇന്നിങ്‌സിലും ക്ലീന്‍ ബൗള്‍ഡായാണ് യുവതാരം പുറത്തായത്. ഫീല്‍ഡിങ്ങില്‍ ലാബുഷാനെയുടെ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പൃത്ഥ്വി ഷായെ ട്രോളി നിരവധി ആരാധകരും രംഗത്തെത്തി. ഇപ്പോഴിതാ അടുത്ത മത്സരത്തില്‍ പൃത്ഥ്വി ഷായെ തീര്‍ച്ചയായും ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.
പൃത്ഥ്വി ഷായുടെ ബാറ്റിങ്ങില്‍ നിരവധി ടെക്‌നിക്കല്‍ പിഴവുകള്‍ ഉണ്ടെന്നും അതിനാല്‍ അടുത്ത ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ പൃത്ഥ്വി ഷാ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ത്തന്നെ പിഴവ് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു. ബാറ്റിനും പാഡിനുമിടയിലൂടെ ട്രക്കിന് കടന്ന് പോകാവുന്ന വിടവായിരുന്നു ഉണ്ടായിരുന്നതെന്ന് നേരത്തെ തന്നെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പേസ് ബൗളര്‍മാര്‍ക്കെതിരേ ടൈമിങ് കണ്ടെത്താന്‍ പൃത്ഥ്വിക്ക് സാധിക്കുന്നില്ല. ഐപിഎല്ലിലുടെനീളം ഫോം ഔട്ടായിരുന്ന പൃത്ഥ്വിയെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത് തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പ്ലേയിങ് ഇലവനിലേക്ക് പൃത്ഥ്വിയെ പരിഗണിച്ചത് തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. കെ എല്‍ രാഹുല്‍,ശുബ്മാന്‍ ഗില്‍ എന്നിവരെ പുറത്തിരുത്തിയാണ് പൃത്ഥിക്ക് അവസരം ലഭിച്ചത്. എന്നാല്‍ അതിനോട് നീതി പുലര്‍ത്താന്‍ പൃത്ഥ്വിക്ക് സാധിച്ചില്ല.
നേരത്തെ രവി ശാസ്ത്രി സച്ചിന്‍ ടെണ്ടുല്‍ക്കര്‍,ബ്രയാന്‍ ലാറ,വീരേന്ദര്‍ സെവാഗ് എന്നിവരോടാണ് പൃത്ഥ്വിയെ ഉപമിച്ചത്. ഇത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. മികച്ച ഫോമിലായിരുന്നു ശുബ്മാന്‍ ഗില്‍. കെ എല്‍ രാഹുലും സമീപകാലത്തായി മികച്ച ഫോമിലാണ്. എന്നിട്ടും പൃത്ഥ്വിയെ പരിഗണിച്ചതിനെതിരേ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.
രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. കെ എല്‍ രാഹുല്‍ ഓപ്പണറായി പൃത്ഥ്വിക്ക് പകരം എത്താന്‍ സാധ്യതയേറെ. ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ പകരം രോഹിത് ശര്‍മ എത്തിയേക്കും. ശുബ്മാന്‍ ഗില്ലിന് അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് എത്തിയേക്കും.