സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായി സിഡ്‌നിയിലേക്ക് നാളെ ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ ടീം പുറപ്പെടും. ഐസൊലേഷനിലുള്ള താരങ്ങള്‍ക്ക് യാത്രാ വിലക്കില്ല. ഇന്ത്യന്‍ ടീമിനൊപ്പം തന്നെയാവും ഐസൊലേഷനിലുള്ള അഞ്ച് താരങ്ങളും പുറപ്പെടുക. ഇന്ത്യയുടെ അഞ്ച് താരങ്ങള്‍ കോവിഡ് ചട്ടം ലംഘിച്ചതിനെത്തുടര്‍ന്നാണ് ഐസൊലേഷനിലേക്ക് മാറിയത്. എന്നാല്‍ ഇവര്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന നിലപാടിലാണ് ബിസിസിഐയുള്ളത്. അതിനാല്‍ ഐസൊലേഷനിലുള്ള താരങ്ങള്‍ മറ്റ് താരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചാലും പ്രശ്‌നമില്ലെന്ന് ബിസിസിഐ മുതിര്‍ന്ന വൃത്തങ്ങളിലൊരാള്‍ പിടി ഐയോട് പറഞ്ഞു.
'ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പത്രകുറിപ്പ് ശ്രദ്ധയോടെ വായിക്കുക. ഇന്ത്യന്‍ താരങ്ങള്‍ ചട്ടലംഘനം നടത്തിയെന്ന് അവര്‍ പറഞ്ഞിട്ടില്ല. ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കുകയാണെന്നാണ് അവര്‍ പറഞ്ഞത്. അതിനാല്‍ത്തന്നെ ടീമിനൊപ്പം സിഡ്‌നിയിലേക്ക് സഞ്ചരിക്കാന്‍ അഞ്ച് താരങ്ങള്‍ക്കും തടസമില്ല. നാളെ ഉച്ചകഴിഞ്ഞ് ടീം സിഡ്‌നിയിലേക്ക് പോകും'-പേര് വെളിപ്പെടുത്താത്ത സീനിയര്‍ ബിസിസിഐ വൃത്തം പിടിഐയോട് പ്രതികരിച്ചു. നിലവില്‍ മെല്‍ബണിലാണ് ഇന്ത്യന്‍ ടീമുള്ളത്.

എന്തിന്റെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടി എടുക്കേണ്ടത്. ഒരു വ്യക്തി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയുടെ അടിസ്ഥാനത്തിലോ. അനുവാദമില്ലാതെയാണ് വീഡിയോ എടുക്കുകയും താരങ്ങളുടെ ബില്ല് നല്‍കുകയും ചെയ്തത്. പബ്ലിസിറ്റി കിട്ടുന്നതിനായാണ് വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചത്. നിയമങ്ങള്‍ അടങ്ങിയ പേപ്പര്‍ എപ്പോഴും കൊണ്ട് നടക്കാന്‍ താരങ്ങള്‍ക്ക് സാധിക്കില്ല'-ബിസിസിഐ വൃത്തം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മെല്‍ബണിലെ റസ്റ്റോറന്റില്‍ രോഹിത് ശര്‍മ,ശുബ്മാന്‍ ഗില്‍,പൃത്ഥ്വി ഷാ,നവദീപ് സൈനി,റിഷഭ് പന്ത് എന്നിവര്‍ ചേര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പോയത്. പരമ്പരയുടെ ഭാഗമായി ഓസ്‌ട്രേലിയയിലെത്തിയ താരങ്ങള്‍ ബയോബബിള്‍ സുരക്ഷ ഭേദിച്ചാണ് റസ്റ്റോറന്റിലെത്തിയത്. ഇവിടെ വെച്ച് ഇന്ത്യന്‍ താരങ്ങളുടെ ബില്‍ ആരാധകന്‍ അടക്കുകയും താരങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമത്തിലും പങ്കുവെച്ചതോടെയാണ് താരങ്ങള്‍ പുറത്തുകടന്ന വിവരം എല്ലാവരും അറിയുന്നത്.
ഇവര്‍ ചട്ടലംഘനം നടത്തിയോ എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിക്കുന്നുണ്ട്. ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് പരമ്പര നഷ്ടമാകും. 14 ദിവസത്തെ ക്വാറന്റെയ്‌നും പിന്നീടുള്ള പരിശോധനയ്ക്കും ശേഷമെ തിരിച്ചുവരവ് സാധ്യമാകൂ. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒരുമിച്ച് സിഡ്‌നിയിലേക്ക് പോകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ ഐസൊലേഷനില്‍ കഴിയുന്ന ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ പരമ്പര തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ഏഴാം തീയ്യതിയാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.