മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ വഴങ്ങിയ തോല്‍വിയുടെ നിരാശ മറക്കാന്‍ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ വിജയം അനിവാര്യമാണ്. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യ കാഴ്ചവെക്കേണ്ടതായിട്ടുണ്ട്. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.
പൃത്ഥ്വി ഷാ ഓപ്പണറായെത്തിയതും റിഷഭ് പന്തിന് പകരക്കാരനായി വൃദ്ധിമാന്‍ സാഹ എത്തിയതുമെല്ലാം ആരാധകരെ ഞെട്ടിച്ചു. രണ്ടാം മത്സരത്തില്‍ സാഹയ്ക്ക് പകരം പന്ത് കളിക്കണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

'സാഹയുടെ പകരം റിഷഭിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഞാന്‍ അംഗീകരിക്കും. കാരണം ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ മൈതാനങ്ങളില്‍ റിഷഭാണ് നമ്മളുടെ ഒന്നാം കീപ്പറെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇന്ത്യയില്‍ കളിക്കുകയാണെങ്കില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെ പരിഗണിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇന്ത്യക്ക് പുറത്ത് അങ്ങനെയല്ല. മികച്ച ബാറ്റ്‌സ്മാനായ കീപ്പര്‍ക്കാണ് അവസരം നല്‍കേണ്ടത്'-എംഎസ്‌കെ പ്രസാദ് പിടി ഐയോട് പറഞ്ഞു.
'കഴിഞ്ഞ മാസങ്ങളിലെ കഠിനമായ വ്യായാമങ്ങളിലൂടെ റിഷഭ് പന്ത് തന്റെ ഫിറ്റ്‌നസ് പ്രശ്‌നം പരിഹരിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ മനോഹരമായാണ് അവന്‍ ബാറ്റു വീശിയത്. അതിനാല്‍ത്തന്നെ അവസാന മൂന്ന് ടെസ്റ്റിലും റിഷഭിന് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ അതിനെ അംഗീകരിക്കും'-പ്രസാദ് പറഞ്ഞു.
വിദേശ മൈതാനത്ത് സാഹക്ക് മികച്ച റെക്കോഡല്ല ഉള്ളത്. ബാറ്റിങ്ങില്‍ സാഹയേക്കാള്‍ കേമന്‍ റിഷഭാണെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ സാഹയാണ് മികച്ചത്. എന്നാല്‍ വിദേശ സാഹചര്യങ്ങളില്‍ കൂടുതല്‍ ബാറ്റിങ് കരുത്താണ് ഇന്ത്യക്ക് ആവിശ്യം. ഇത് പരിഗണിക്കുമ്പോള്‍ മുന്‍ഗണന റിഷഭിനാണ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
രണ്ടാം ടെസ്്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. പരിക്കേറ്റ് പുറത്തായ പേസര്‍ മുഹമ്മദ് ഷമിക്ക് പകരം നവദീപ് സൈനി കളിച്ചേക്കും. പൃത്ഥ്വി ഷായ്ക്ക് പകരം ശുബ്മാന്‍ ഗില്ലും മധ്യനിരയില്‍ ഹനുമ വിഹാരിക്ക് പകരം കെ എല്‍ രാഹുലും കളിച്ചേക്കും. പരിക്ക് ഭേദമായ രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം തേടുന്നു. അതേ സമയം കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.