അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ഇന്ത്യന്‍ ഓപ്പണര്‍ പൃത്ഥ്വി ഷായുടെ ബാറ്റിങ്ങാണ്. രണ്ട് ഇന്നിങ്‌സിലും ക്ലീന്‍ ബൗല്‍ഡായാണ് പൃത്ഥ്വി പുറത്തായത്. പൃത്ഥ്വിയുടെ മോശം ഫോമും ടൈമിങ് കുറവും ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മോശം ഫോമില്‍ നിന്ന് എങ്ങനെ പൃത്ഥ്വിക്ക് രക്ഷപെടാമെന്നത് സംബന്ധിച്ച് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.
'പ്രതിഭാശാലിയായ താരമാണവന്‍. അനായാസമായ ബാറ്റിങ് ശൈലിയാണവന്റേത്. എതിരാളികളുടെ മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മികവും അവനുണ്ട്. ഓപ്പണറെന്ന നിലയില്‍ അവന്റെ പ്രധാന ജോലി ന്യൂ ബോളില്‍ തിളങ്ങുകയെന്നതാണ്. വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുന്നില്ലെങ്കിലും ക്രീസില്‍ ക്ഷമയോടെ നില്‍ക്കുകയെങ്കിലും വേണം. ക്രീസില്‍ കൂടുതല്‍ നില്‍ക്കുമ്പോള്‍ നമുക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും.

ക്രീസില്‍ നിന്ന് പിച്ചിന്റെ സ്വഭാവം മനസിലായാല്‍ പിന്നെ സ്വന്തം ശൈലിക്കനുസരിച്ചുള്ള കളിയിലേക്ക് വരാം. അങ്ങനെയാണ് റണ്‍സ് നേടേണ്ടത്. ടീമിലെ പരിശീലകരില്‍ ആരെങ്കിലും അവനോട് പ്രതിരോധം മെച്ചപ്പെടുത്തണമെന്ന് പറഞ്ഞ് കൊടുക്കുമെന്നാണ് പ്രതീക്ഷ. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടത്തിയ അതേ ആക്രമണ ബാറ്റിങ് ഇവിടെ സാധിക്കില്ല. കാരണം പിങ്ക് ബോളിലാണ് കളിക്കുന്നത്. അതിനാല്‍ത്തന്നെ കാര്യങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാവും. അതിനാല്‍ കൂടുതല്‍ സൂഷ്മതയോടെ കളിക്കുക'-അസ്ഹറുദ്ദീന്‍ പറഞ്ഞു.
നേരത്തെ പൃത്ഥ്വിയെ രണ്ടാം ടെസ്റ്റിലേക്ക് പരിഗണിക്കരുതെന്ന് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരുന്നു. പൃത്ഥ്വിയുടെ ബാറ്റിങ് ടെക്‌നിക്കുകളെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ബാറ്റിനും പാഡിനും ഇടയിലൂടെ ട്രക്കിന് കടന്ന് പോകാനുള്ള സ്ഥലമുണ്ടെന്നാണ് പൃത്ഥ്വിയുടെ ബാറ്റിങ്ങിനെ ഗവാസ്‌കര്‍ വിമര്‍ശിച്ചത്. ശുബ്മാന്‍ ഗില്‍,കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്ന് പ്ലേയിങ് ഇലവനില്‍ എത്തിയിട്ടും നിരാശപ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. പൃത്ഥ്വിക്ക് പകരം ശുബ്മാന്‍ ഗില്‍ ഓപ്പണറായി എത്തിയേക്കും. ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി മടങ്ങുമ്പോള്‍ പകരം രോഹിത് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. രണ്ട് ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ തിളങ്ങനാവാത്ത വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്ത് ടീമിലേക്ക് എത്തിയേക്കും. ആദ്യ ഇന്നിങ്‌സിലെ തിരിച്ചടിക്ക് രണ്ടാം ഇന്നിങ്‌സില്‍ മിന്നും ബൗളിങ്ങിലൂടെ മറുപടി പറഞ്ഞ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരേ വിജയത്തിനരികിലാണ്.