സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധേയ പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. കംഗാരുക്കളുടെ സ്വന്തം തട്ടകത്തില്‍ ഇന്ത്യയുടെ പ്രകടമികവിനെ മുന്‍ ഓസീസ് താരങ്ങളടക്കം പ്രശംസിക്കുന്നുണ്ട്. പ്രധാനമായും ബാറ്റിങ്ങിലാണ് ഓസീസിന് കാലിടറിയത്. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷാനെ എന്നീ സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. ഇപ്പോഴിതാ സ്മിത്തിനെതിരേ ഇന്ത്യ മികച്ച പദ്ധതികളുമായാണ് ഇറങ്ങിയതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് താരം മൈക്കല്‍ ഹസി.
'സ്റ്റീവ് സ്മിത്തിന് താളം കണ്ടെത്താന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയാണ്. ഓസീസിന്റെ വിജയ സാധ്യതകളെയും ഇത് ബാധിച്ചിട്ടുണ്ട്. ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് വന്നത് സ്മിത്തിനെതിരേ മികച്ച പദ്ധതികളുമായാണ്. സ്റ്റംപില്‍ അറ്റാക്ക് ചെയ്തും ലെഗ് സൈഡില്‍ ഫീല്‍ഡ് സെറ്റ് ചെയ്തുമെല്ലാം സ്മിത്തിനെ റണ്‍സ് നേടുന്നതില്‍ നിന്ന് തടയാന്‍ ഇന്ത്യക്കായി'-ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോയോട് മൈക്കല്‍ ഹസി പറഞ്ഞു.

'അവസാന ന്യൂസീലന്‍ഡ് പരമ്പരയില്‍ സ്റ്റീവ് സ്മിത്തിന് വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഷോര്‍ട്ട് ബോളിലാണ് സ്മിത്ത് കൂടുതലും പുറത്തായത്. ബൂംറ സ്റ്റീവ് സ്മിത്തിനെ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് പരീക്ഷിക്കുന്നതും പിന്നീട് സ്റ്റംപ് ലക്ഷ്യം വെക്കുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. എല്‍ബിഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം. അതിനാല്‍ത്തന്നെ സ്മിത്തിന് ആശങ്കപ്പെടാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ സ്മിത്ത് മഹാനായ താരമാണ്. ഇതിനെയെല്ലാം അതിജീവിക്കാന്‍ അവന് സാധിക്കും'-മൈക്കല്‍ ഹസി പറഞ്ഞു.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറിയടക്കം നേടി കൈയടി നേടിയ സ്മിത്ത് ടി20 പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. രണ്ട് ടെസ്റ്റില്‍ നിന്നായി വെറും 10 റണ്‍സാണ് സ്മിത്തിന് നേടാനായത്. 1,1*,0,8 എന്നിങ്ങനെയാണ് സ്മിത്തിന്റെ സ്‌കോര്‍. ആര്‍ അശ്വിന്റെ സ്പിന്നാണ് ഇത്തവണ സ്മിത്തിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്. രണ്ട് തവണയും അശ്വിന്റെ ബൗളിങ്ങിന് മുന്നിലാണ് സ്മിത്ത് കീഴടങ്ങിയത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബൂംറ സ്മിത്തിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയും ചെയ്തു.
മൂന്നാം ടെസ്റ്റ് ജനുവരി ഏഴിന് സിഡ്‌നിയിലാണ്. ഓസീസ് നിരയിലേക്ക് ഡേവിഡ് വാര്‍ണര്‍ മടങ്ങിയെത്തുമ്പോള്‍ ഇന്ത്യന്‍ ഓപ്പണിങ്ങിന് കരുത്തേകാന്‍ രോഹിത് ശര്‍മയും എത്തുമെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ഉമേഷ് യാദവും പരിക്കിന്റെ പിടിയിലാത് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനെയാണ്.