സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ഏഴാം തീയ്യതി നടക്കാനൊരുങ്ങുകയാണ്. സിഡ്‌നിയിലാണ് മത്സരം നടക്കുന്നത്. ഓസ്‌ട്രേലിയയെ സംബന്ധിച്ച് മികച്ച റെക്കോഡുള്ള മൈതാനമാണ് സിഡ്‌നിയിലേത്. എന്നാല്‍ ബാറ്റിങ് നിരയുടെ ആദ്യ രണ്ട് മത്സരത്തിലെ പ്രകടനം ഓസീസിന് ആത്മവിശ്വാസം നല്‍കുന്നതല്ല. പ്രധാനമായും സ്റ്റീവ് സ്മിത്തിന്റെയും മാര്‍നസ് ലാബുഷാനെയുടെയും പ്രകടനം.
സ്മിത്ത് നാല് ഇന്നിങ്‌സില്‍ നിന്ന് നേടിയത് വെറും 10 റണ്‍സാണ്. മെല്‍ബണില്‍ തോറ്റതിന്റെ ക്ഷീണത്തിലിറങ്ങുന്ന ഓസീസിന് സ്മിത്തും ലാബുഷാനെയും ഫോമിലേക്ക് ഉയരേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇപ്പോഴിതാ സ്മിത്തിന്റെ ഫോമിനെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍.

സ്മിത്തിന് പരിശീലനം നല്‍കാറില്ലെന്നും സ്മിത്ത് സ്വയം പരിശീലകനായി തന്നെത്തന്നെ പരിശീലിപ്പിക്കുകയാണെന്നുമാണ് ലാംഗര്‍ അഭിപ്രായപ്പെട്ടത്. 'ഈ പരമ്പര ഇതുവരെ സ്മിത്തിനെ സംബന്ധിച്ച് അത്ര മികച്ചതല്ല. ഇത് അംഗീകരിക്കുന്ന ആദ്യത്തെ ആളും അവനാണ്. മികച്ച താരങ്ങളെക്കുറിച്ച് നന്നായി അറിയാം. ഫോം ഔട്ടാവും അതിലും വേഗം അവര്‍ ഫോമില്‍ തിരിച്ചെത്താറുമുണ്ട്. ഞാന്‍ സ്മിത്തിനെ പരിശീലിപ്പിക്കാറില്ല. അവന്‍ അവനെത്തന്നെ സ്വന്തമായി പരിശീലിപ്പിക്കുകയാണ്. അവന്‍ നിലവിലെ ഫോം ഔട്ടിനെ അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'-ലാംഗര്‍ പറഞ്ഞു.
ആര്‍ അശ്വിന്റെ ബൗളിങ്ങാണ് സ്മിത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. സ്മിത്തിനെയും ലാബുഷാനെയേയും രണ്ട് തവണ വീതം അശ്വിന്‍ വീഴ്ത്തി കഴിഞ്ഞു. ഇരുവരേയും ഒരു പരമ്പരയില്‍ രണ്ട് തവണ പുറത്താക്കുന്ന ആദ്യ ബൗളറാണ് അശ്വിന്‍. ഓസീസിലെ വേഗ മൈതാനത്ത് അശ്വിന്റെ പ്രകടനം അപ്രതീക്ഷിതമായിരുന്നു. അശ്വിന്റെ സ്പിന്‍ കടമ്പ കടക്കേണ്ടത് സ്മിത്തിനെയും ലാബുഷാനെയേയും സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.
സിഡ്‌നി മൈതാന് ഓസീസ് താരങ്ങളുടെ ഭാഗ്യ മൈതാനങ്ങളിലൊന്നാണ്. ഇന്ത്യ 12 മത്സരങ്ങള്‍ ഇവിടെ കളിച്ചപ്പോള്‍ ജയിക്കാനായത് ഒരു മത്സരം മാത്രമാണ്. ഈ കണക്ക് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതല്ലെങ്കിലും ചരിത്രം തിരുത്താന്‍ ശേഷിയുള്ള താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ബൂംറ ഒഴികെയുള്ള മറ്റ് സീനിയര്‍ പേസര്‍മാരെല്ലാം പരിക്കിന്റെ പിടിയില്‍ അകപ്പെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.
സിഡ്‌നിയില്‍ ഏഴ് മത്സരമാണ് സ്മിത്ത് കളിച്ചിട്ടുള്ളത്. 10 ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ 67.89 ശരാശരിയില്‍ 611 റണ്‍സ് സ്മിത്ത് നേടി. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും.ഡേവിഡ് വാര്‍ണര്‍ സിഡ്‌നിയില്‍ കളിക്കുമെന്ന് ലാംഗര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ണര്‍ കൂടി എത്തുന്നതോടെ ഓസീസ് ബാറ്റിങ് നിര ശക്തമാവും. നിലവില്‍ നാല് മത്സര പരമ്പര 1-1 എന്ന നിലയിലാണ്.