Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ബോക്‌സിങ് ഡേ ടെസ്റ്റ് ജയം ആരാധകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനം- രവി ശാസ്ത്രി

മെല്‍ബണ്‍: ബോക്‌സിങ് ഡേ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ മെല്‍ബണില്‍ മുട്ടുകുത്തിച്ചിരിക്കുകയാണ് ഇന്ത്യയുടെ പോരാളികള്‍. എട്ട് വിക്കറ്റിനാണ് ഇന്ത്യന്‍ ടീമിന്റെ ജയം. 70 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് മായങ്ക് അഗര്‍വാളിനെയും ചേതേശ്വര്‍ പുജാരയേയും മാത്രമാണ് നഷ്ടമായത്. അരങ്ങേറ്റ താരം ശുബ്മാന്‍ ഗില്ലും നായകന്‍ അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച ജയം സമ്മാനിക്കുകയായിരുന്നു. എല്ലാ തരത്തിലും ഓസ്‌ട്രേലിയക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചുള്ള ഇന്ത്യയുടെ ജയമായിരുന്നു മെല്‍ബണിലേത്. ഇപ്പോഴിതാ ബോക്‌സിങ് ഡേ ടെസ്റ്റ് ജയം ഇന്ത്യന്‍ ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

'മെല്‍ബണിലെത്തുമ്പോള്‍ നട്ടെല്ല് നിവര്‍ത്തി പോരാടുക എന്ന് മാത്രമാണ് പറഞ്ഞത്. സന്തോഷകരമായ പുതുവര്‍ഷത്തിന് മുന്നോടിയായി ദശലക്ഷകണക്കിനുള്ള ഇന്ത്യന്‍ ടീം ആരാധകര്‍ക്കുള്ള മഹത്തായ സമ്മാനമാണീ ജയം. ലോക ക്രിക്കറ്റിലെയും ഇന്ത്യന്‍ ക്രിക്കറ്റിലെയും ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നാണിത്. 36ന് ഓള്‍ഔട്ടായി മൂന്ന് ദിവസത്തിനുള്ളില്‍ താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്തി.ഇന്ത്യയുടെ ആണ്‍കുട്ടികള്‍ വളരെ മഹത്തായ മനസാന്നിധ്യമാണ് കാട്ടിയത്'-രവി ശാസ്ത്രി പറഞ്ഞു.

ravishastri

ഓസ്‌ട്രേലിയക്ക് മികച്ച ബാറ്റിങ് റെക്കോഡുള്ള സ്ഥലമാണ് മെല്‍ബണ്‍. അവിടെ ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാരാണ് വിജയത്തിന്റെ അവകാശികള്‍. വിരാട് കോലി,മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തിലും മനസാന്നിധ്യം കൈവിടാതെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രഹാനെയ്ക്കായി. ഒന്നാം ഇന്നിങ്‌സില്‍ രഹാനെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറപാകിയത്. വലിയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും നായകനെന്ന വാക്കിന്റെ അര്‍ത്ഥം രഹാനെ ക്രീസില്‍ കാട്ടിക്കൊടുത്തു.

അരങ്ങേറ്റ താരങ്ങളുടെ പ്രകടനത്തെയും രവി ശാസ്ത്രി പ്രശംസിച്ചു. മെല്‍ബണില്‍ മികച്ച തുടക്കമാണ് മുഹമ്മദ് സിറാജിനും ശുബ്മാന്‍ ഗില്ലിനും ലഭിച്ചിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ 45 റണ്‍സെടുത്ത ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 35* റണ്‍സുമായി പുറത്താവാതെ നിന്നു. പൃത്ഥ്വി ഷായ്ക്ക് പകരമെത്തി ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കുന്ന ബാറ്റിങ്ങാണ് യുവതാരം കാഴ്ചവെച്ചത്. മുഹമ്മദ് സിറാജ് ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യയെ സംബന്ധിച്ച് വളരെ അഭിമാനകരമായ ജയമാണിത്. മെല്‍ബണിലെ ജയത്തോടെ നാല് മത്സര പരമ്പര 1-1 എന്ന നിലയിലേക്കെത്തിക്കാന്‍ ഇന്ത്യക്കായി. മൂന്നാം മത്സരം സിഡ്‌നിയിലാണ് നടക്കുന്നത്. ഇന്ത്യന്‍ നിരയിലേക്ക് രോഹിത് ശര്‍മ എത്താന്‍ സാധ്യതയുണ്ട്. പരിക്കേറ്റ ഉമേഷ് യാദവിന് മൂന്നാം ടെസ്റ്റ് നഷ്ടമാവും. പകരം നവദീപ് സൈനിക്ക് അവസരം ലഭിച്ചേക്കും.

Story first published: Tuesday, December 29, 2020, 13:07 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+