സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വത്തിന് അവസാനം. നാലാം മത്സരം ബ്രിസ്ബണിലെ ഗബ്ബയില്‍ത്തന്നെ കളിക്കാമെന്ന് ഇന്ത്യന്‍ ടീം സമ്മതിച്ചിരിക്കുകയാണ്. നേരത്തെ സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബണില്‍ കളിക്കാനെത്തുമ്പോള്‍ 14 ദിവസത്തെ ക്വാറന്റെയ്ന്‍ നോക്കണമെന്ന ക്യൂന്‍സ് ലാന്‍ഡ് സര്‍ക്കാരിന്റെ നിലപാടിനോട് ഇന്ത്യന്‍ താരങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇനിയും 14 ദിവസം ക്വാറന്റെയ്ന്‍ നോക്കാനാകില്ലെന്ന നിലപാടില്‍ ഇന്ത്യന്‍ താരങ്ങള്‍ ഉറച്ച് നിന്നതോടെ നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലാവുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസിഐയും സംസാരിച്ച് രമ്യതയിലെത്തിയിരിക്കുകയാണ്. നാലാം ടെസ്റ്റ് അവസാനിച്ച അന്ന് തന്നെ ഇന്ത്യന്‍ ടീമിന് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഉണ്ടാക്കണമെന്ന ഇന്ത്യയുടെ ആവിശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ സമ്മതിച്ചതോടെയാണ് ബ്രിസ്ബണില്‍ കളിക്കാന്‍ ഇന്ത്യ സമ്മതിച്ചതെന്നാണ് വിവരം. നിലവില്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനയും നിയന്ത്രങ്ങളുമാണുള്ളത്. എന്നാല്‍ ഇതിനൊന്നും നില്‍ക്കാതെ ബ്രിസ്ബണ്‍ ടെസ്റ്റിന് പിന്നാലെ തന്നെ ഇന്ത്യന്‍ ടീമിന് നാട്ടിലേക്ക് മടങ്ങാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സൗകര്യം ഒരുക്കും.

അങ്ങനെ നാട്ടിലേക്ക് മടങ്ങിയാല്‍ ഇന്ത്യയിലെത്തിയ ശേഷം താരങ്ങളെല്ലാം ക്വാറന്റെയ്‌നില്‍ കഴിയേണ്ടി വരും. അതിന് ശേഷം മാത്രമേ കുടുംബത്തിനെയടക്കം കാണാനാവൂ. ജനിതക മാറ്റം വന്ന കൊറോണ വൈറസുകള്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് താരങ്ങള്‍ എത്തുന്നതിലും ആശങ്കയുണ്ട്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ ആവിശ്യം അംഗീകരിച്ചാണ് എത്രയും വേഗം ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുവദിച്ചത്. ബ്രിസ്ബണ്‍ ടെസ്റ്റ് അവസാനിക്കുന്ന ദിവസം തന്നെ ഇന്ത്യക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കുമെന്നാണ് നിലവിലെ വിവരം.
ബിസിസി ഐ വൃത്തങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. 'ടെസ്റ്റ് അവസാനിച്ച ശേഷം അനാവശ്യമായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വേഗത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കണമെന്നും ബിസിസി ഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവിശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്ക് വേഗത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കണം. കഴിയുമെങ്കില്‍ രാത്രിയില്‍ തങ്ങേണ്ട സാഹചര്യം വരെ ഒഴിവാക്കി ആദ്യ വിമാനത്തിന് തന്നെ നാട്ടിലേക്ക് മടങ്ങാന്‍ ടീമിന് അവസരം നല്‍കണമെന്ന് ആവിശ്യപ്പെട്ടിട്ടുണ്ട്'-ബിസിസിഐ വൃത്തം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.