സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആവേശകരമായാണ് പുരോഗമിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ച് പകരം വീട്ടി. മൂന്നാം മത്സരം സിഡ്‌നിയില്‍ ജനുവരി 7ന് ആരംഭിക്കുകയാണ്. നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ഓസീസ് താരങ്ങളുടെ ബാറ്റിങ് പ്രകടനമാണ് അവരെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തുന്നത്. രണ്ട് മത്സരങ്ങളിലും മികവിനൊത്ത് ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.
പ്രധാനമായും സ്റ്റീവ് സ്മിത്തിന്റെയും ലാബുഷാനെയുടെയും മോശം പ്രകടനമാണ് ആതിഥേയര്‍ക്ക് തലവേദന ഉയര്‍ത്തുന്നത്. ഇപ്പോഴിതാ ഇരുവരുടെയും മോശം പ്രകടനം ടീമിനെ ബാധിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. 'സ്മിത്തും ലാബുഷാനെയും ഒരുപാട് പിറകോട്ട് നോക്കേണ്ട ആവിശ്യമില്ല. ലാബുഷാനെ അവസാന പരമ്പരകളിലെല്ലാം ആധിപത്യം കാട്ടിയിരുന്നു. ഒരു മാസം മുമ്പാണ് സ്റ്റീവ് തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയത്. അതിനാല്‍ത്തന്നെ സമ്മര്‍ദ്ദമില്ല. അവര്‍ തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട്'-കമ്മിന്‍സ് പറഞ്ഞു.

സ്മിത്ത് ഇന്ത്യക്കെതിരേ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്, 1,1*,0,8 എന്നിങ്ങനെയായിരുന്നു സ്മിത്തിന്റെ രണ്ട് ടെസ്റ്റിലെ സ്‌കോര്‍. നാല് ഇന്നിങ്‌സില്‍ നിന്ന് ആകെ നേടിയത് വെറും 10 റണ്‍സാണ്. ആര്‍ അശ്വിന്റെ ബൗളിങ്ങാണ് സ്മിത്തിന് ഏറ്റവും വലിയ കുരുക്കായത്. രണ്ട് തവണ വീതമാണ് സ്മിത്തിനെയും ലാബുഷാനെയേയും അശ്വിന്‍ പുറത്താക്കിയത്. അശ്വിനെപ്പോലെ തന്നെ അടുത്തകാലത്തൊന്നും ആരും ബുദ്ധിമുട്ടിച്ചില്ലെന്നാണ് സ്മിത്ത് തന്നെ തുറന്ന് സമ്മതിച്ചിരുന്നു.
ഓസീസ് പേസര്‍മാരേക്കാള്‍ മികവ് കാട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. പാറ്റ് കമ്മിന്‍സ് നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറാണെങ്കിലും ആദ്യ രണ്ട് ടെസ്റ്റിലും മികവിനൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. ആര്‍ അശ്വിന്‍ തിളങ്ങിയപ്പോഴും ഓസീസ് സ്പിന്നര്‍ നഥാന്‍ ലയണ് ശോഭിക്കാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് മാത്രമാണ് ഓസീസ് നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഓസീസ് ബൗളര്‍മാര്‍ക്ക് മികച്ച റെക്കോഡുള്ള സിഡ്‌നിയില്‍ പേസ് ബൗളര്‍മാരുടെ തിരിച്ചുവരവ് ഓസീസിന്റെ വിജയത്തിന് നിര്‍ണ്ണായകമാണ്. ഡേവിഡ് വാര്‍ണര്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുന്നതോടെ ഓസീസ് നിര കൂടുതല്‍ ശക്തമാവുമെന്നുറപ്പാണ്.