മെല്‍ബണ്‍: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് മെല്‍ബണില്‍ ആരംഭിക്കാനിരിക്കെ ഇതുവരെയായും ആദ്യ ടെസ്റ്റിന്റെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ കളി കൈവിട്ടത്. തോല്‍വിയേക്കാളാറെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് ഓള്‍ഔട്ടായതാണ് വലിയ നാണക്കേടായത്. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ പൃത്ഥ്വി ഷായുടെ ബാറ്റിങ്ങാണ് ഏറ്റവും വിമര്‍ശനം നേരിട്ടത്. ഇപ്പോഴിതാ ഓസ്‌ട്രേലിയയിലെ വേഗ മൈതാനത്ത് കളിക്കാനുള്ള മികവിലേക്ക് പൃത്ഥ്വി ഷാ എത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഗുണ്ടപ്പ വിശ്വനാഥ്.
ഓസ്‌ട്രേലിയയിലെ വേഗത്തെ നേരിടാന്‍ പൃത്ഥ്വി പ്രാപ്തനല്ലെന്നാണ് ഗുണ്ടപ്പ വിശ്വനാഥ് പറയുന്നത്. 'ഷായെ ടീമില്‍ ഉള്‍പ്പെടുത്തരുത്. ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ വേഗത്തിലുള്ള പന്തുകളെ നേരിടാന്‍ അവന്‍ തയ്യാറായിട്ടില്ല. വേഗത്തില്‍ സ്വിങ് ചെയ്‌തെത്തുന്ന പന്തുകളെയും അവന് നേരിടാന്‍ സാധിക്കില്ല'-വിശ്വനാഥന്‍ പറഞ്ഞു. രണ്ട് ഇന്നിങ്‌സിലും ക്ലീന്‍ ബൗള്‍ഡായാണ് പൃത്ഥ്വി പുറത്തായത്.ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍ക്കിന്റെ പേസ് പൃത്ഥ്വിയുടെ വിക്കറ്റ് പിഴുതപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ പാറ്റ് കമ്മിന്‍സാണ് യുവതാരത്തെ മടക്കിയത്.

ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെയും വിശ്വനാഥ് വിമര്‍ശിച്ചു. 'ചേതേശ്വര്‍ പുജാര പുറത്തായ പന്ത് കളിക്കാന്‍ സാധിക്കാത്ത പന്താണ്. എന്നാല്‍ ഫുട് വര്‍ക്ക് കൃതമാക്കാമായിരുന്നു. പന്തിനെ നേരിടുമ്പോള്‍ ധൈര്യക്കുറവ് കാണുന്നു. കളിക്കണോ വേണ്ടയോ എന്ന രണ്ട് ചിന്താഗതിയാണുള്ളത്'-അദ്ദേഹം പറഞ്ഞു. വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നിവരെല്ലാം നിരാശപ്പെടുത്തിയതാണ് രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യയെ ഒതുക്കിയത്.
1974ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ 42 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഗുണ്ടപ്പ വിശ്വനാഥും ഉണ്ടായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന ആ മത്സരത്തിന്റെ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. 'പന്ത് സ്വിങ് ചെയ്യുന്നതാണ് അന്ന് ഞങ്ങളെ കുഴപ്പത്തിലാക്കിയത്. ആളുകള്‍ അന്നത്തെ ആ കൂട്ടത്തകര്‍ച്ചയെ എപ്പോഴും ചൂണ്ടിക്കാട്ടുമ്പോള്‍ അതേ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഞങ്ങള്‍ 302 റണ്‍സും നേടിയിരുന്നു. അതാണ് ജീവിതം. ഇന്ത്യന്‍ ടീം പ്രതിസന്ധികള്‍ മറികടന്ന് തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്. പൃത്ഥ്വി ഷാ,സാഹ,വിഹാരി എന്നിവര്‍ക്ക് പകരം രാഹുലും ഗില്ലും റിഷഭും ടീമിലേക്ക് എത്തിയേക്കും. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ടീമിലേക്കെത്തുമോയെന്ന് വ്യക്തമല്ല.