മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തിലെ മോശം ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്ക് സാധിച്ചു. അഡ്‌ലെയ്ഡിലെ തോല്‍വിക്ക് അതേ നാണയത്തില്‍ മെല്‍ബണില്‍ മറുപടി പറയാന്‍ ഇന്ത്യക്ക് സാധിച്ചു. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനം മെല്‍ബണിലെ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങിലും ജഡ്ഡു തിളങ്ങി. ഇപ്പോഴിതാ ജഡേജ ഓള്‍റൗണ്ടറെന്ന നിലയില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അതേ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദശഗുപ്ത.
'രണ്ടാം ടെസ്റ്റില്‍ കോലിക്ക് പകരക്കാരനായി രവീന്ദ്ര ജഡേജ ടീമിലെത്തിയപ്പോള്‍ ഞാന്‍ ചിന്തിച്ചത് കുറച്ചുവര്‍ഷങ്ങളായി അവന്‍ ബാറ്റ് ചെയ്യുന്ന രീതിയായിരുന്നു. പൊതുവേ ജഡേജയെ ഒരു ബൗളറെന്ന നിലയിലാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ സത്യത്തില്‍ നിരവധി ബാറ്റ്‌സ്മാന്‍മാരേക്കാള്‍ മികച്ച പ്രകടനമാണ് കുറച്ചുവര്‍ഷമായി അവന്‍ നടത്തിവരുന്നത്. എല്ലാ ഫോര്‍മാറ്റിലും അവന്‍ റണ്‍സ് നേടുന്നു.അതോടൊപ്പം തന്നെ അവസാന വര്‍ഷം ലോകത്തിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളറാവാനും അവന് സാധിച്ചു'-ദീപ് ദശഗുപ്ത പറഞ്ഞു.

ബെന്‍ സ്റ്റോക്‌സ് കളിക്കുന്നതുപോലെ നാലാം നമ്പറിലേക്ക് ജഡേജയെ ബാറ്റ്‌സ്മാനായി പരിഗണിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഇതുപോലെയുള്ള ബാറ്റിങ് അവന്‍ കാഴ്ചവെക്കുമ്പോള്‍ എന്തുകൊണ്ടും അവന്‍ നാലാം നമ്പറില്‍ കളിക്കണം. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കുവേണ്ടി എന്തുകൊണ്ട് ജഡേജയെ കളിപ്പിച്ചുകൂടാ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ആഭ്യന്തര മത്സരത്തില്‍ ഒന്നിലധികം ട്രിപ്പിള്‍ സെഞ്ച്വറി ജഡേജ നേടിയിട്ടുണ്ട്.
സൗരാഷ്ട്രയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനാണവന്‍. ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ 7,8 സ്ഥാനങ്ങളിലേക്കെത്തുന്നു. അവന്റെ ബാറ്റിങ്ങിനെ എന്തുകൊണ്ടാണ് ആരും കാര്യമായ പരിഗണന നല്‍കാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. 2017ല്‍ അവനെ ടീമില്‍ നിന്ന് പുറത്താക്കുക വരെ ചെയ്തു. ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടവന്‍ തന്നെയാണ് ജഡേജ'-ദീപ് പറഞ്ഞു.
രണ്ടാം ടെസ്റ്റില്‍ നായകന്‍ അജിന്‍ക്യ രഹാനെക്കൊപ്പം നിര്‍ണ്ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോഴും നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയുമായി ജഡ്ഡു തിളങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ രണ്ട് വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കി. മധ്യനിരയില്‍ ജഡേജയുടെ സാന്നിധ്യം ഇന്ത്യക്ക് വളരെയധികം കരുത്ത് പകരുന്നു.