അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം ഡേ-നൈറ്റ് ആയാണ് നടക്കുന്നത്. ഓസ്‌ട്രേലിയയിലെ വേഗമൈതാനത്ത് ഇന്ത്യയുടെ ബൗളിങ് നിര ശക്തമാണെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനമാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇന്ത്യയുടെ പ്രതീക്ഷകളിലേറെയും ചേതേശ്വര്‍ പുജാരയിലാണ്. 2019ലെ ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ പുജാര ആയിരുന്നു. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയിലെ തന്റ് പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യ ബാറ്റിങ് നട്ടെല്ലായ ചേതേശ്വര്‍ പുജാര.
സ്ലെഡ്ജിങ്ങിന് ഇക്കാലത്ത് വലിയ പ്രസക്തിയില്ലെന്നാണ് പുജാര അഭിപ്രായപ്പെട്ടത്. 'സ്ലെഡ്ജിങ് കാലഹരണപ്പെട്ട കാര്യമാണെന്നാണ് തോന്നുന്നത്. സ്ലെഡ്ജിങ്ങിലൂടെ ഒരുപാട് പോരാട്ടം ജയിക്കാനാവുമെന്ന് കരുതുന്നില്ല. ഞാന്‍ എന്റെ രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല'-പുജാര പറഞ്ഞു. ഓസ്‌ട്രേലിയക്കാര്‍ സ്ലെഡ്ജിങ്ങിന് പേരുകേട്ട നിരയാണെങ്കിലും ഇന്നത്തെ കാലത്ത് പഴയ തരത്തിലുള്ള വിദ്വേഷം ജനിപ്പിക്കുന്ന സ്ലെഡ്ജിങ് ഉണ്ടാകാറില്ല. ഐപിഎല്ലില്‍ ഇരു രാജ്യത്തിലെയും താരങ്ങള്‍ ഒന്നിച്ച് കളിക്കുന്നതിനാല്‍ മികച്ച സൗഹൃദാന്തരീക്ഷമാണുള്ളത്.

2019-20ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ ഓസീസ് നായകന്‍ ടിം പെയ്‌നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും തമ്മില്‍ സ്ലെഡ്ജിങ്ങില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ രസകരമായ രീതിയിലാണ് സ്ലെഡ്ജിങ് നടത്തിയത്. താരങ്ങള്‍ക്കിടയില്‍ ഇത് യാതൊരു പ്രകോപനവും സൃഷ്ടിക്കുന്നതായിരുന്നില്ല. എന്നാല്‍ റിക്കി പോണ്ടിങ്,സ്റ്റീവ് വോ,മൈക്കല്‍ ക്ലാര്‍ക്ക് തുടങ്ങിയവരൊക്കെ ക്യാപ്റ്റനായിരിക്കെ സ്ലെഡ്ജിങ് ഓസ്‌ട്രേലിയയുടെ പ്രധാന ആയുധമായിരുന്നു.
ഹര്‍ഭജന്‍ സിങ്ങും ആന്‍ഡ്രൂ സൈമണ്‍സും ഉള്‍പ്പെട്ട മങ്കി ഗേറ്റ് വിവാദമെല്ലാം താരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയ സ്ലെഡ്ജിങ് സംഭവങ്ങളാണ്. മിച്ചല്‍ ജോണ്‍സണും വിരാട് കോലിയും തമ്മിലുള്ളതും ഇത്തരത്തില്‍ ടൂര്‍ണമെന്റിനെ ബാധിക്കുന്ന തരത്തിലുള്ള വിവാദം സൃഷ്ടിക്കുന്ന സ്ലെഡ്ജിങ്ങുകളായിരുന്നു. എന്നാല്‍ നിലവിലെ ഓസീസ് താരങ്ങള്‍ സ്ലെഡ്ജിങ്ങിന് അമിതമായി ശ്രമിക്കാറില്ല.
അവസാന സീസണിലെ പ്രകടനം ആവര്‍ത്തിക്കാനാണ് ഇത്തവണ ശ്രമിക്കുന്നതെന്നും പുജാര പറഞ്ഞു. 'അവസാന സീസണിലെ പ്രകടനം ആവര്‍ത്തിക്കാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. എന്നാല്‍ കഴിഞ്ഞുപോയ നേട്ടങ്ങളിലേക്ക് അമിതമായി ശ്രദ്ധ നല്‍കാറില്ല. അതൊരു മികച്ച പര്യടനമായിരുന്നു. ഇത്തവണ പുതിയൊരു തുടക്കമാണ് പ്രതീക്ഷിക്കുന്നത്. നമ്മള്‍ ചെയ്യേണ്ടത് ചെയ്താല്‍ ഫലം പിന്നാലെ വരും. ഓരോ ഇന്നിങ്‌സിലും ശ്രദ്ധ നല്‍കുകയാണ് വേണ്ടത്'-പുജാര പറഞ്ഞു നിര്‍ത്തി.